ആദ്യമേതന്നെ അദ്ദേഹത്തെ എഴുന്നള്ളിക്കാതെ, പ്രധാനകെട്ടിടത്തിന്റെ നാലുകെട്ടിലുള്ള വിശാലമായ തളത്തിൽവെച്ച് പ്രഥമസൽക്കാരം കഴിച്ചുകൊണ്ട് ചന്ത്രക്കാറൻ യോഗീശ്വരന്റെ ആജ്ഞയെ കാത്തു വിനീതനായി ദൂരത്തു മാറിനിന്നു. യോഗീശ്വരന്റെ മുഖം വിളറിയും ഓജസ്സ് വളരെ ക്ഷയിച്ചും സാധിഷ്ഠാനഭേദംചെയ്ത് അദ്ദേഹത്തിന്റെ അന്തഃകരണം വിപ്ലവംചെയ്യുന്നതുപോലെയും കാണപ്പെട്ടു. മീനാക്ഷിയുടെ സൗന്ദര്യസമുത്കർഷത്താൽ അദ്ദേഹം വശീകൃതനായി എന്നു ശങ്കിച്ച്, ചന്ത്രക്കാറനും ഉമ്മിണിപ്പിള്ളയും ആ സ്വയംകൃതാനർത്ഥത്തിന്റെ പരിണതിയെ ചിന്തിച്ച്, ഓരോവിധമായ ഉപശാന്തിമാർഗ്ഗത്തെ കണ്ടുപിടിച്ചു. അഞ്ഞൂറിൽപരം ബ്രാഹ്മണർ കൂടിയപ്പോൾ മുറ്റത്തുള്ള നെടുമ്പുരകളിൽനിന്ന് വലുതായ ശബ്ദം മുഴങ്ങിത്തുടങ്ങി. അതിനെ യഥാശക്തി പോഷിപ്പിക്കാനെന്നപോലെ ‘ശത്തോം! ശത്തോം,’ എന്നും മറ്റും വിളികൂട്ടിക്കൊണ്ട്, ഇതിനിടയിൽ കലവറയിലും, വയ്പ്, വിളമ്പ് മുതലായ നെടുമ്പുരകളിലും, ചവുക്ക, കുളിപ്പുര മുതലായ കെട്ടിടങ്ങളിലും, സർക്കീട്ടും പരിശോധനയും കഴിച്ച് എത്തിയ മാമാവെങ്കിടൻ കെട്ടിനകത്തു കടന്നുകൂടി. ആ ബ്രാഹ്മണൻ, ‘ആശീർവാദമങ്കത്തെ’ എന്ന് ചന്ത്രക്കാറനെ അനുഗ്രഹിച്ചതിന്റെശേഷം, രണ്ടാംമുണ്ടിനെ ഒരു മടക്കു നിവർത്ത് പടിമേലിട്ട്; അടുത്തുള്ള തൂണ് താൻ കേട്ടിട്ടുള്ളതിന്മണ്ണം ലോഹനിർമ്മിതംതന്നെയോ എന്നു നിർണ്ണയപ്പെടുത്താൻ അതിന്മേൽ നഖംകൊണ്ട് ഒരു കലാശം കൊട്ടി വെങ്കലത്തൂണുതന്നെ എന്നു തീർച്ചയാക്കിക്കൊണ്ട് അതിന്മേൽ ചാടി ഇരിപ്പുറപ്പിച്ചു. അന്നത്തെ പുറപ്പാടിനെക്കുറിച്ച് “കേമമായി! കൗരവരുടെ ഘോഷയാത്രയും ഇത്ര കേമമായിട്ടില്ല” എന്ന് അയാൾ തുടങ്ങിയ പ്രശംസ ഉപമാനം ശരിയായിട്ടില്ലെന്നു തോന്നിയതിനാൽ “പുണ്ഡരീകനയനാ ജയ ജയ” “അല്ലൈ—ഇനി വരും കുശലങ്ങൾ മേൽക്കുമേലെ” എന്ന സന്ദർഭസംബന്ധമല്ലാതെയുള്ള ഗാനത്തിൽ അവസാനിച്ചു. ഈ അബദ്ധത്തിനു ശുദ്ധിപത്രമായി ആ ഭവനവർണ്ണനയ്ക്ക് ആരംഭിച്ചപ്പോൾ, യോഗീശ്വരൻ വൃദ്ധയെ കാൺമാൻ പുറപ്പെട്ടതും അമ്മാളുക്കുട്ടിയെ കടാക്ഷിച്ചതും തനിക്കു വേണ്ടി ആയിരിക്കാമെന്നു വ്യാഖ്യാനിച്ച്, ഉന്മാദം കൊണ്ടു തിളച്ച്, ചന്ത്രക്കാറന്റെ സാന്നിദ്ധ്യത്തേയും മറന്ന് യോഗീശ്വരന്റെ ഇഷ്ടശിഷ്യനിലയിൽ അടുത്തുള്ള നിരമേൽ ചാരിനില്ക്കുന്ന ഉമ്മിണിപ്പിള്ളയെ മാമൻ കണ്ട്, അയാളോട് ഇങ്ങനെ കുശലംപറഞ്ഞു: “അടെ! എന്നെടാ, ഇന്നെയ്ക്ക് പുതുമാപ്പിളവട്ടമോ ഇരുക്കിടയൻ ദോശൈ ഇരുപത്തിനാലൈ ഒരു വായാലെ അമുക്കിറ ഈനാചാനാപുള്ളി!” ഇങ്ങനെയുള്ള അസംബന്ധപ്രകടനങ്ങൾ തുരുതുരെ പുറപ്പെട്ടവ യോഗീശ്വരന്റെ മനസ്സിനേയും ആകർഷിച്ചു എങ്കിലും, തന്റെ ആത്മാവിനെ ഗ്രസിച്ചിരുന്ന ഗാഢമായ വ്യാമോഹത്താൽ അന്ധനായിത്തീർന്ന്, മാർഗ്ഗദർശനത്തിനു വിഷമപ്പെടുന്ന അദ്ദേഹം നിശ്ചേഷ്ടനായും സ്വാന്തർവേദനയെ മുഖത്തു സ്ഫുരിപ്പിക്കാത്തതായ ഗൗരവത്തോടുകൂടിയും ഇരുന്നതേ ഉള്ളു. ആ ഗൗരവത്തെ മാമാവെങ്കിടന്റെ വാക്കുകളാൽ ഉല്‌പാദിതമായ നീരസമെന്നു വ്യാഖ്യാനിച്ച്, ആ ബ്രാഹ്മണന്റെ കണ്ഠത്തെ ഛേദിച്ചുകളവാൻപോലും ചന്ത്രക്കാറൻ സന്നദ്ധനായി. എന്നാൽ യോഗീശ്വരനും ഉമ്മിണിപ്പിള്ളയും ബ്രാഹ്മണൻമഹാരാജാവിന്റെ സേവകനാണെന്നും, അതിനാൽ അയാളോടുള്ള പെരുമാറ്റം വളരെ സൂക്ഷിച്ചുവേണ്ടതാണെന്നും മുഖഭാവങ്ങൾകൊണ്ടു ഗുണദോഷിച്ചു. ചന്ത്രക്കാറൻ വെളിയിൽ ഇറങ്ങി, ആർത്തുവിളിച്ചുകൊണ്ടിരുന്ന ബ്രാഹ്മണരോടു ദേഷ്യപ്പെട്ട് തന്റെ കോപത്തെ തീർത്തുകൊണ്ട് മടങ്ങിവന്നു. മാമാവെങ്കിടന്റെ വിടുവായത്തം സന്ദർഭത്തിന്റെ മഹിമയെ തീരെ ലംഘിക്കുമെന്നു ശങ്കിച്ച് ഹരിപഞ്ചാനനൻ അദ്വൈതസാരപൂർണ്ണമായ ഒരു പ്രസംഗം കൊണ്ട് കുറച്ചുനേരം കഴിച്ചതിന്റെശേഷം എഴുന്നേറ്റു സംഗീതരസപൂർത്തിയാൽ മാമാവെങ്കിടന്നും ആശ്ചര്യമുണ്ടാക്കുംവണ്ണം ചില ശ്ലോകങ്ങൾ ചൊല്ലി ചന്ത്രക്കാറനെ അനുഗ്രഹിച്ചു. അനന്തരം പുറത്തുചെന്ന് ബ്രാഹ്മണസംഘത്തെ അഭിവാദനവും, ഭക്ഷണസമയത്തു തന്നോടു ചേരുന്നതിന് മാമാവെങ്കിടനെ ക്ഷണവുംചെയ്തുകൊണ്ട്, ചന്ത്രക്കാറനാൽ നീതനായി തന്റെ പൂജയ്ക്ക് ഒരുക്കിയിട്ടുള്ള സ്ഥലത്തേക്കു യോഗീശ്വരൻ നടകൊണ്ടു.
രണ്ടാമതും സ്നാനംകഴിച്ച് ഹരിപഞ്ചാനനൻ പൂജയ്ക്കാരംഭിച്ചു. പൂജാമുറിയിൽ പ്രവേശിച്ച യോഗീശ്വരനോട് പരികർമ്മിയായ വൃദ്ധസിദ്ധൻ എന്തോ അദ്ദേഹത്തിന്റെ ഭാഷയിൽ