ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അദ്ധ്യായം എട്ട്
“കല്യാണീ! കളവാണീ! ചൊല്ലു നീയാരെന്നതും
ധന്യേ! നീ ആരുടയ പുത്രിയെന്നും”

മൂന്നുനാലു വെളുപ്പിനു മാമാവെങ്കിടൻ മന്ത്രക്കുടത്ത് ആദിത്യ രശ്മിസ്പർശം ഉണ്ടായിട്ടില്ലാത്ത നീരാഴിയിൽ കുളികഴിഞ്ഞു മടക്കുപുടവ മുതലായ സമുദായാംഗക്കോപ്പുകളണിഞ്ഞു ചിലമ്പിനേത്തേക്കു പുറപ്പെട്ടു. ആ ബ്രാഹ്മണനെ അല്പം അനുയാത്രചെയ്തതിന്റെശേഷം നമ്മുടെ ഏകലോചനൻ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്ന ജനാവലികളെ നോക്കി ലോകവിദ്വേഷകനായി കലുഷചിത്തനായി നില്ക്കുമ്പോൾ, കവിസങ്കല്പശക്തിയെ അതിലംഘിക്കുംവണ്ണം ബീഭത്സമായ അയാളുടെ മുഖകബളം അനവധി കൃഷ്ണജളൂകങ്ങൾ ഒന്നായിച്ചേർന്ന് പിണഞ്ഞിടഞ്ഞു പുളയുംവണ്ണം സന്തോഷംകൊണ്ടു ചലിച്ചു തുടങ്ങി. തനിക്കു ശേഷിച്ചിട്ടുള്ള പല്ലുകളുടെ ഒരു കാനേഷുമാരി എടുക്കത്തക്കവണ്ണം അയാൾ വാ പൊളിച്ച് അവയെ മുഴുവൻ പുറത്തു കാട്ടി, വിക്രിതമായ മുഖത്തിന്റെ ഏകപാർശ്വംകൊണ്ട് ആനന്ദരസബിന്ദുക്കളെ വർഷിച്ചു. ഈ മഹാപ്രസാദത്തിന്റെ കാരണം ചില സഹചരന്മാരോടുകൂടിയുണ്ടായ കേശവൻകുഞ്ഞിന്റെ ആഗമനമായിരുന്നു. ദക്ഷിണസമുദ്രത്തിൽ വസിച്ചിരുന്ന ഛായാഗ്രഹണിയുടെ സാമർഥ്യത്തോടുകൂടി അയാൾ കേശവൻകുഞ്ഞിനെ മാത്രം പിടിച്ചു പടിക്കകത്താക്കി വാതിലിനേയും ബന്ധിച്ചു. അനന്തരം കേശവൻകുഞ്ഞിന്റെ മുമ്പിൽ ചില പിശാചതാണ്ഡവങ്ങൾ ചെയ്തുകൊണ്ട്, “കുഞ്ഞിന്റെ കൺമണി അമ്മിണി നാലുകെട്ടിനകത്തു മിനുമിനെ മിനുങ്ങിക്കൊണ്ടു നിൽക്കുന്നു. വലിയമ്മിണി കുളിക്കാൻ പോയിരിക്കുന്നു,” എന്ന് സ്വകീയമായ അനുനാസികഭാഷയിൽ കുപ്പശ്ശാർ ഗുണദോഷിച്ചു. അധർമ്മചാരിത്വത്തിൽ അതിരുദ്രനായ കുപ്പശ്ശാരാൽ ഈവണ്ണം പ്രചോദിതനായി ആ യുവാവ്, ജന്മബന്ധത്തിന്റെ പ്രേഷകത്വംകൊണ്ടെന്നപോലെ നാലുകെട്ടിൽ സ്വപ്രണയിനിയുടെ സമീപത്തെത്തി, കേശവൻകുഞ്ഞിന്റെ സ്മരദീക്ഷയ്ക്ക് ഇപ്രകാരം പൗരോഹിത്യത്തെ അനുഷ്ഠിച്ചതിന്റെ ശേഷം, കുപ്പശ്ശാർ കിഴക്കോട്ടു തിരിഞ്ഞുനിന്ന് തന്റെ ഇഷ്ടദേവതയായി ഉദിച്ചുയരുന്ന ആദിത്യ ഭഗവാനോടു സ്വാഭീഷ്ടസിദ്ധിക്കായി ഒരു പ്രാർത്ഥനയും നടത്തി. സാഹസികത്വംകൊണ്ടു മന്ദവിവേകനായ കേശവൻകുഞ്ഞ് നാലുകെട്ടിൽ കടന്നപ്പോൾ, ആ സ്ഥലം കുട്ടിക്കോന്തിശ്ശന്റെ അസ്ഥികുടീരമെന്നപോലെ പ്രശാന്തമായും അരമ്യമായും കാണപ്പെട്ടു. ആ കാമുകന്റെ ഹൃൽക്കോശം സഞ്ചയിച്ചിരുന്ന കാളിദാസപ്രഭൃതികളായ കവിചക്രവർത്തികളുടെ ഉത്തുംഗശൃംഗാരാശയങ്ങൾ ആ നാലുകെട്ടിനകത്തെ ഭയാനകമായ ഗൗരവത്താൽ അപഹരിക്കപ്പെട്ടു. അകാരണമായുള്ള ഒരു ഭയസങ്കോചവും, സ്ത്രീലോലതാസഹജമായുള്ള ലജ്ജയും അയാളുടെ മനസ്സിന്റെയും ശരീരത്തിന്റെയും സ്വച്ഛന്ദഗതിയെ നിരോധിച്ചു. രക്തവർണ്ണമായ ഒരു പട്ടുചേലയും, സാമാന്യം വിലപിടിക്കുന്ന ആഭരണങ്ങളും ധരിച്ചു നിൽക്കുന്ന മീനാക്ഷി കേശവൻകുഞ്ഞിനെ കണ്ടപ്പോൾ ചന്ത്രക്കാറൻ, ഉമ്മിണിപ്പിള്ള എന്നിവരുടെ മുമ്പിൽ പ്രദർശിപ്പിച്ച കൗമാരസ്വാതന്ത്ര്യത്തെ കൈവിട്ടും അപകൃത്യസഹായിനിയായിത്തീർന്നപോലെ സംഭ്രമിച്ചും ഒട്ടുനേരം നിന്നു. എങ്കിലും മര്യാദയെ ലംഘിച്ചുകൂടെന്നുള്ള വിചാരത്തോടുകൂടി, “ഇരിക്കണം, അമ്മ ഇപ്പോൾ കുളിച്ചുവരും” എന്നു സൽക്കരിച്ചിട്ട് വടക്കേക്കെട്ടിലേക്കു തിരിപ്പാൻ തുടങ്ങി. ബലാൽക്കാരമായ കന്യാജനകരസ്പർശമോ ഗതിനിരോധനമോ തനിക്ക് അനുവദനീയമല്ലെന്നു സ്മരിക്കയാൽ ഉമ്മിണിപ്പിള്ളയെപ്പോലെ കീചകനയപ്രയോഗത്തിനു വട്ടം കൂടാതെ, കേശവൻകുഞ്ഞ് മുറ്റത്തു പടിഞ്ഞാറോട്ടു തിരിഞ്ഞുനിന്നിരുന്ന കുപ്പശ്ശാരുടെ സഹായത്തെ തന്റെ ദൈന്യഭാവംകൊണ്ടു യാചിച്ചു. അരസികനും വിരൂപനും എങ്കിലും പരഹൃദയജ്ഞനും ആയിരുന്നു കുപ്പശ്ശാര്. കേശവൻകുഞ്ഞിന്റെ സങ്കടാവസ്ഥയെ ഗ്രഹിച്ച്, കുട്ടികോന്തിശ്ശന്റെ ഉപാസനാമൂർത്തികളിൽ ശനിദോഷഹന്താവായ ശാസ്താവെന്നപോലെ നാലുകെട്ടിലേക്കു കടന്നു. ഉൽക്കൃഷ്ടമനസ്കനായ ആ പ്രഭുകുമാരനെ ധിക്കരിക്കുന്നതു സ്വകുലത്തിന്റെ മഹിമയെത്തന്നെ ധിക്കരിക്കയാണെന്ന് അയാൾ ഏകനേത്രംകൊണ്ടു മീനാക്ഷിയെ ശാസിച്ചു. മീനാക്ഷി തന്റെ ഗതിയെ തുടരാതെയും എന്നാൽ, താൻ ശാസിതയായി എന്നുള്ള ഭാവത്തെ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/64&oldid=158561" എന്ന താളിൽനിന്ന് ശേഖരിച്ചത്