മീനാക്ഷി: “എനിക്കു സമ്മാനങ്ങളോ? എന്തിന്? ഞാൻ വില കൂട്ടുമ്പോൾ അവിടുന്ന് വില ഇടിച്ചുകളയാനുള്ള നാട്ടുവിദ്യയും കൊണ്ടു വരികയാണോ? ഓഹോ! അണ്ണാവയ്യന്റെ അടുത്തുമുണ്ടല്ലോ പഠിപ്പ്. കൈകണക്കുകൾ പറവാൻ ആ കടയീന്ന് അഭ്യസിച്ചതായിരിക്കാം.”
കേശവൻകുഞ്ഞ്: “അണ്ണാവയ്യന് ഏറിവന്നാൽ ഗുരുസ്ഥാനമല്ലേ ഉള്ളു. അമ്മാളുക്കുട്ടിക്ക് സ്വാത്മസ്ഥാനവുമാണല്ലോ. അതുകൊണ്ട് ആത്മവഞ്ചന ചെയ്യാതെയും ചെയ്യിക്കാതെയും എനിക്കു പറവാനുള്ള കണക്കു പറഞ്ഞുതീർത്തേയ്ക്കാം. കളി പറഞ്ഞ് ആയുസ്സു കളവാൻ അമ്മാളുക്കുട്ടിയുടെ കളിപ്രായം എനിക്കു കഴിഞ്ഞുപോയി.”
മീനാക്ഷി: “അതിനെന്ത്? നാം രണ്ടുപേരും ഒരു പ്രായമാകുന്നതുവരെ കളി പറയാതെകഴിക്കണം. അപ്പോൾ ‘അശ്വത്ഥാമബലിവ്യാസോ—’ എന്ന കൂട്ടത്തിൽ ആദ്യനാകാം.”
കേശവൻകുഞ്ഞ്: “ഭാവാർത്ഥം മനസ്സിലായി. കണ്ഠത്തിനു മേൽകൊണ്ട് ചാടുവാക്കു പറവാൻ വാഗ്ദേവിവർഗ്ഗക്കാർക്കു പ്രത്യേകം വരപ്രസാദമുണ്ട്.”
മീനാക്ഷി: “സരസ്വതിയെ സേവിക്കുന്നവർക്കും ആ മിടുക്കുണ്ടെന്ന് ഇപ്പോൾ വെളിപ്പെട്ടു. എങ്കിലും സത്യം പറവാൻഭാവിച്ച സ്ഥിതിക്ക് അതിൽ സരസ്വതി പ്രസാദിക്കുന്നതെങ്ങനെയെന്നു കാണട്ടെ.”
കേശവൻകുഞ്ഞ്: “ഇവൻ കല്പനകളെല്ലാം കേൾക്കണം. അമ്മാളുക്കുട്ടിക്കു തോന്നിയപോലെയും. നല്ല ന്യായം! എങ്കിലും, അങ്ങനെതന്നെ നടക്കട്ടെ. ഞാൻ പറവാൻതുടങ്ങിയതല്ലേ കേൾപ്പിക്കേണ്ടത്? അമ്മാളുക്കുട്ടിയെ കണ്ടന്നുമുതൽ എന്റെ സ്മരണയെല്ലാം ഇങ്ങ്. അതുപോലെ എന്റെ നേർക്കുമുണ്ടാകാൻ, അപ്പപ്പോൾ മേഘങ്ങളെയോ മറ്റോ, സന്ദേശങ്ങൾ കൊടുത്തയപ്പാൻ എനിക്കു ദിവ്യത്വവും മഹത്വവുമില്ല. അതിനാൽ അമ്മാളുക്കുട്ടിയുടെ ഹൃദയത്തിൽ എന്റെ സ്മരണയെ സദാപി ജനിപ്പിക്കുന്നതിന്, ചില സന്ദേശവാഹികളെ ആ വിരലുകളിൽ ബന്ധിക്കുന്നതിനു ഞാൻ നോക്കുന്നു—”
മീനാക്ഷി കേശവൻകുഞ്ഞിന്റെ സംഭാഷണത്തെ തടുക്കാതെ കേട്ടു നിന്നുപോയതുകൊണ്ട്, അയാൾക്ക ഇത്രയുമെങ്കിലും ദീർഘമായി തന്റെ അനുരാഗത്തെ പ്രസ്താവിപ്പാൻ സന്ദർഭം കിട്ടി. ലജ്ജക്കാരനും അഭിമാനിയും ധർമ്മവ്രതനും പ്രഭുവംശ്യനും ആയ തന്റെ കാമുകന്റെ ഈ ഉപന്യാസത്തിൽ ആ യുവാവിന്റെ അഗാധവും നിർവ്യാജവുമായ പ്രണയം പ്രത്യക്ഷരം ധ്വനിച്ചതായി മീനാക്ഷിക്കു ബോധ്യപ്പെട്ടു. എന്നാൽ രാജകോപഗ്രസ്തമായുള്ള തന്റെ കുടുംബത്തോട് ആ യുവാവിന്റെ ഭാവിയെ സംഘടിപ്പിച്ച് ദുര്യശോഗർത്തത്തിൽ അയാളെ പതിപ്പിക്കുന്നത് അതിനീചമായ സ്വാർത്ഥനിഷ്ഠയാകുമല്ലോ എന്നു വ്യസനിച്ച്, മീനാക്ഷി പതിവുപോലെ തന്റെ അനുരാഗത്തെ മറച്ച് വിനോദഭാവത്തിൽ ഇങ്ങനെ മറുപടി പറഞ്ഞു: “അങ്ങനെ പാണിഗ്രഹണംകഴിച്ചുകളയാമെന്നായിരിക്കാം! ആൾ മറ്റുള്ളവർ മനസ്സിലാക്കീരിക്കുംപോലെ കുഞ്ഞല്ലല്ലോ. ആ വിലങ്ങുകൾ എവിടെ?”
കേശവൻകുഞ്ഞ്: ഞാൻ മുമ്പു പറഞ്ഞില്ലയോ? പട്ടർ പറ്റിച്ചു. അയാളെക്കൊണ്ടുണ്ടാകുന്ന അനർത്ഥങ്ങൾ പറവാനില്ല. അനന്തമുദ്രമോതിരമെന്നല്ലാതെ അവിടങ്ങളിൽ മറ്റൊന്നും കേൾപ്പാനില്ല.”
മീനാക്ഷി: “ഏഴരശ്ശനിക്കാണ് അതിനെ വിറ്റത്. മുണ്ടും തുണിയും വാങ്ങാൻ വിറ്റമോതിരം എന്തു കശയുണ്ടാക്കുന്നു! അളുകൾക്കിനി ഉണ്ടുകൂടാ, ഉടുത്തുകൂടാ എന്നെല്ലാം ചട്ടം വരുമായിരിക്കാം. ആ മൂത്ത പട്ടർക്ക്, കല്ലിനെക്കുത്തിപ്പറിച്ച് സ്വർണ്ണത്തിനെ ഉരുക്കി, രണ്ടിനേയും വിലയാക്കിക്കൊണ്ടൂടായിരുന്നോ?”
കേശവൻകുഞ്ഞ്: “അദ്ദേഹം നല്ലവൻ. കുരുത്തംകെട്ട ഞാൻ തൊട്ട കാര്യമാകകൊണ്ട് അങ്ങനെ വട്ടക്കലാശത്തിലായതാണ്. അദ്ദേഹം പക്ഷേ പുറപ്പെട്ടുപോയി തിരിച്ചുവന്നിട്ട്, ആദ്യം പറ്റിച്ചതു നമ്മെ. അമ്മാളുക്കുട്ടി നന്തിയത്തേക്കു പോരണം.”