ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൂർണ്ണചന്ദ്രനുദിച്ച് മന്ത്രക്കൂടത്തുകാർക്ക് അമൃതകിരണങ്ങളെത്തന്നെ വർഷിക്കുന്നു. പലകയിടലും പട്ടുവിരിപ്പും വിളക്കുവയ്പും കൂടാതെ ഒരു വിവാഹം സമസ്തസമ്മേളനസഹിതം നടക്കുന്നതുപോലെ ആ ഭവനം സന്തോഷപൂർണ്ണമായി വിലസുന്നു. മന്ത്രക്കൂടത്തു നാലുകെട്ടിന്റെ കിഴക്കേത്തിണ്ണയിൽ ഇരുന്ന് ചന്ദ്രാരാധനംചെയ്യുന്ന വൃദ്ധയ്ക്കും കേശവൻകുഞ്ഞിനും മീനാക്ഷിക്കും തല്ക്കാലസ്ഥിതിയുടെ മനോഹരതയും ഭാവിയുടെ മധുരിമയും മനസ്സിൽ തിങ്ങി, സരസസംഭാഷണരൂപമായി വഴിയുന്നു. ഉത്സാഹംകൊണ്ട് മൂന്നുപേരും ഈശ്വരകഥാലാപനം തുടങ്ങുന്നു. ചിലമ്പിനേത്തുള്ള പരമാനന്ദപ്രദമായ സൗധത്തിൽ സമാധിയായിരിക്കുന്ന ഹരിപഞ്ചാനനയോഗീശ്വരനും ചെവികളെ വട്ടംപിടിക്കുമാറ്, വൃദ്ധയുടെ നിയോഗപ്രകാരം മീനാക്ഷി ഭഗവതിസ്തോത്രമായ ചില ശ്ളോകങ്ങളെ ഗാനം ചെയ്‌വാൻ തുടങ്ങുന്നു.

ഹാ! “ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചല”മെന്നുള്ളത് ഏറ്റവും അവിതർക്കിതം തന്നെ. കാലചക്രഭ്രമണത്തിന്റെ വേഗത ആരറിഞ്ഞു? മിന്നൽകൂടാതെയും ഇന്ദ്രഖഡ്ഗനിപാതം എത്ര ജീവജാലങ്ങളെ ഹനിക്കുന്നു! മീനാക്ഷിയുടെ സംഗീതമധുഝരി ആ സ്ഥലത്തു പ്രവഹിച്ച് അവിടത്തെ ഗായകപടുക്കളുടെ പ്രാഗത്ഭ്യത്തെ സമുദ്രഗമനം ചെയ്യിച്ചതുപോലെ, ചിലമ്പിനേത്ത് അതിസരളമായി ധ്വനിച്ചുകൊണ്ടിരുന്ന നാഗസ്വരം പൊടുന്നനവേ നിലകൊള്ളൂന്നു. ഗംഭീരമായി അവിടവിടെ മുഴങ്ങിക്കൊണ്ടിരുന്ന ചന്ത്രക്കാറന്റെ അട്ടഹാസങ്ങളും അമർന്നുകൂടുന്നു. ആശ്ചര്യസൂചകമായുള്ള ചില ശബ്ദങ്ങൾ മാത്രം മന്ദവാതം വഹിച്ച് മന്ത്രക്കൂടത്ത് എത്തിക്കുന്നു. അടുത്തുള്ള പാചകശാല അതിലെ ശ്രമക്കാരാൽ ഉപേക്ഷിക്കപ്പെട്ടതുപോലെ നിശ്ശബ്ദസ്ഥലമായിത്തീർന്നിരിക്കുന്നു. സർപ്പശ്രവണനായ കുപ്പശ്ശാരും ചിലമ്പിനേത്തെ വിശേഷനിശ്ശബ്ദതയാൽ ആകർഷിതനാകുന്നു. ആശ്ചര്യഭയസങ്കോചങ്ങളോടുകൂടി അയാൾ മറ്റു മൂന്നുപേരുടേയും മുമ്പിൽ യമവാർത്താവഹനെന്നപോലെ വക്രവദനനായി എത്തുന്നു. എന്തോ ഭയാനകമായുള്ള സംഭ്രമത്താൽ സംഭ്രമിതരാക്കപ്പെട്ടതുപോലെ ആളുകൾ ഓടിത്തുടങ്ങുന്നു. പാദശബ്ദങ്ങൾ കിഴക്കുള്ള വഴിയിൽ കേട്ടുതുടങ്ങുന്നു. ചിലമ്പിനേത്തുഭവനത്തിന് അഗ്നിഭയം നേരിട്ടുവോ എന്നു സംശയിച്ച്, കേശവൻകുഞ്ഞ് അവിടേക്കു പുറപ്പെടാൻ ഭാവിക്കുന്നു. കർമ്മവിപാകദോഷംകൊണ്ട് അയാളുടെ ഗമനത്തെ വൃദ്ധ പ്രതിബന്ധിക്കുന്നു. കുറച്ചുനേരത്തേക്ക് പരിസരപ്രദേശമെല്ലാം നിശ്ശബ്ദമായി. അനന്തരം കിഴക്കുള്ള വഴിയിൽ കേൾക്കപ്പെട്ട പാദവിന്യാസശബ്ദങ്ങൾ പെട്ടെന്ന് മന്ത്രക്കൂടത്തുപടിക്കൽ എത്തി. രാജാധിരാജാജ്ഞപോലെ വാതൽ തുറപ്പാൻ ഒരു വിളിയുണ്ടായി. കേശവൻകുഞ്ഞും മറ്റും മുഖത്തോടുമുഖം നോക്കി ആശ്ചര്യഭരിതരായി മുറ്റത്തിറങ്ങി നിന്നു. പടിവാതിൽക്കലുണ്ടായ വിളി അതിഘോരമായി മുറുകി. തങ്ങളുടെ പരമാർത്ഥം വെളിപ്പെട്ടുപോയി എന്നു വൃദ്ധ മാറത്തലച്ചു. വൃദ്ധയുടെ പരവശത കണ്ട് മീനാക്ഷി വാടിത്തളർന്നു. മറ്റുള്ളവരുടെ മുഖസ്തോഭങ്ങളെയും ̧ക്ഷീണങ്ങളെയും കണ്ട്, ഹാസ്യരസത്തോടുകൂടി കേശവൻകുഞ്ഞു നിന്നു. എല്ലാത്തിനും നിവൃത്തി താൻ കണ്ടിട്ടുണ്ടെന്നുള്ള ധൈര്യത്തോടുകൂടി കുപ്പശ്ശാർ മുന്നോട്ടടുത്ത് വാതൽ തുറന്നു. ജലപ്രളയം പോലെ വാതൽപ്പടിയും അതോടു ചേർന്നുള്ള കയ്യാലകളും ഭേദിച്ച ഒരു ജനപ്രവാഹം ആ മുറ്റത്തോട്ടുണ്ടായി. വാൾക്കാരും കോൽക്കാരും, കൃതാവ് മുതലായ മുദ്രാധാരികളായ മുതൽപ്പേരന്മാരും, ചുവന്ന ലേസ്സുകാരായ വില്ലക്കാരും കാണികളും തടസ്സരുമായി എത്തിയിരിക്കുന്ന വീരരായ കരക്കാരും, ദുശ്ശാസനതുല്യനായ ഉമ്മിണിപിള്ളയുടെ മദാടോപത്താൽ നയിക്കപ്പെട്ട്, വൃദ്ധ മുതലായവരുടെ മുമ്പിൽ നിരന്നു. അന്നുദയത്തിലെ ഘോഷയാത്രയിൽ അതിബഹുലവും നിബിഡവുമായിരുന്ന ജനതതിയെ അണിനിരത്തി നടത്തിയ ചന്ത്രക്കാറമഹാമാന്ത്രികൻ, അപ്പോഴത്തെ ആൾത്തിരക്കിനിടയിൽ അകപ്പെട്ടു ഞെക്കിഞെരുങ്ങി രസായനപാകമാക്കപ്പെട്ടു. അദ്ദേഹത്തിന്റെ മുഖം പാഞ്ചാലീവസ്ത്രാപഹരണമഹാപമാനത്തിൽ ഭീമസേനന്റേതുപോലെ നരസിംഹപ്രഭമായിരുന്നു എങ്കിലും ആ മഹാനുഭാവനും അദ്ദേഹത്തിന്റെ ബന്ധുസഹസ്രങ്ങളും എന്തോ മഹത്തായ പ്രരണകൊണ്ട് കേവലം ശുഷ്ക്കജീവന്മാരായി നിന്നതേയുള്ളു. ഭൂകമ്പനത്തിനുമുമ്പായി ഉണ്ടാകുന്ന നിശ്ചലതയ്ക്കുതുല്യമായി സകലരും നില്ക്കെ, ചന്ത്രക്കാറനാകുന്ന പ്രതാപവാനും അദ്ദേഹത്തിന്റെ കഴ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/72&oldid=158570" എന്ന താളിൽനിന്ന് ശേഖരിച്ചത്