ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കൂട്ടത്തുകളരിയിലെ വീരാഗ്രഗണ്യന്മാരും കാൺകെ, ഒരു പ്രമാണിയിലും പ്രാണിയിലും—ഹാ കഷ്ടം! പ്രാണപ്രണയിനിയിലെങ്കിലും—നിന്ന് ഒരു തടസ്ഥശബ്ദവുമുണ്ടാകാതെ സകലനേത്രാനന്ദകരനും പാവനധാർമ്മികനും ആയ കേശവൻകുഞ്ഞ് പരമാർത്ഥഘാതകന്റെ നേത്രദ്വന്ദ്വം ആ ക്രിയാസന്ദർശനംകൊണ്ട് ആശ്ചര്യജലധിയിൽ മുങ്ങി നീന്തുന്നതിനിടയിൽ നരഹത്യാപരാധത്തിന് ഉത്തരം പറവാൻ അരക്ഷണം കൊണ്ട് രാജാധികാരഗ്രസ്തനായി അവിടന്ന് യാത്രയാക്കപ്പെട്ടു.


അദ്ധ്യായം ഒൻപത്


“തിങ്ങിവരുന്നൊരു ചോരയണിഞ്ഞും
കണ്ണുതുറിച്ചുതുറിച്ചു മരിച്ചുകിടപ്പതു
കണ്ണൻതിരുവടി കണ്ടാനപ്പോൾ.”


ഉമ്മിണിപ്പിള്ളപ്രമുഖന്മാരുടെ ദുരനുസന്ധാനശീലത്തെ തോല്പിച്ച് ഹരിപഞ്ചാനനനു പഞ്ചീകരണത്താൽ കഴക്കൂട്ടത്തു കുളക്കടവിലെ പൂജാശാലയിൽനിന്നു വ്യോമഗമനംചെയ്കയും കളപ്രാക്കോട്ടു ഭവനത്തിൽ പ്രത്യക്ഷനാവുകയും ചെയ്ത യോഗവൈഭവംപോലെ നീട്ടെഴുത്തു കേശവപിള്ള താമസിച്ചിരുന്ന ശ്രീവരാഹത്തുള്ള ഒരു ഭവനത്തിലും അല്പേതരങ്ങളായ ചിലാത്ഭുതങ്ങൾ സംഭവിച്ചു. ഈ യുവാവ് ആ രാത്രിയിലെ പൂർവയാമങ്ങളെ അണ്ണാവയ്യനെ വശത്താക്കി അനന്തമുദ്രമോതിരത്തിന്റെ പരമാർത്ഥങ്ങൾ അറിവാനുള്ള ശ്രമത്തിൽ അയാളോടുകൂടി കഴിച്ചിരുന്നു. ഈ രണ്ടാളും തമ്മിൽ നടന്ന സംവാദങ്ങൾക്കിടയിൽ തിരോഭൂതനായി പാർത്തിരുന്ന ആ ബ്രാഹ്മണനെക്കണ്ട് തന്റെ പ്രേമാനുകൂലങ്ങളായ ചില കാര്യങ്ങൾ സാധിക്കുന്നതിന് നമ്മുടെ മീനാക്ഷികാമുകനായ കേശവൻകുഞ്ഞിനു സന്ദർഭം കിട്ടിയില്ല, ‘പൂച്ച പാൽ കുടിക്കുമ്പോലെ’ താൻ പ്രവർത്തിച്ചതിനെ ആരും കണ്ടില്ലെന്നുള്ള വിശ്വാസത്തോടുകൂടി കേശവപിള്ള നിവർത്തിച്ച സംഗമത്തേയും, കേശൻകുഞ്ഞു നിവർത്തിച്ച വൃഥാസഞ്ചാരത്തേയും അണ്ണാവയ്യന്റെ പ്രത്യാഗമനവൃത്താന്തത്തെ യുവരാജ മാമാവെങ്കിടന്മാരിൽനിന്നു ധരിച്ചതുകൊണ്ട് അന്നു രാത്രിയിലെ ഗൂഢസഞ്ചാരത്തെ ആ ബ്രാഹ്മണൻ പാർക്കുന്ന അഗ്രഹാരവീഥിയിൽ കഴിക്കാൻ നിശ്ചയിച്ച് പ്രച്ഛന്നവേഷനായി പുറപ്പെട്ടിരുന്ന രാജ്യനാഥൻതന്നെ കാൺമാൻ സംഗതിയായി. ദുർവാസസ്സെന്ന ഋഷീശ്വരനെ സുദർശനചക്രം പിന്തുടർന്നപോലെ, കേശവപിള്ള ഉത്സാഹോജ്ജ്വലനായി അണ്ണാവയ്യന്റെ ഛായയായി കൂടിയിരിക്കുന്നതിനെ പ്രത്യക്ഷമായിക്കണ്ടു സമാശ്വസിച്ചുകൊണ്ട് മഹാരാജാവ് കൊട്ടാരത്തിലേക്കും അനന്തമുദ്രമോതിരം സംബന്ധിച്ച് തനിക്കറിയാവുന്ന പരമാർത്ഥങ്ങളെ അടുത്തദിവസംതന്നെ മഹാരാജസമക്ഷത്തിൽ ധരിപ്പിച്ചുകൊള്ളാമെന്ന് അണ്ണാവയ്യൻ വാഗ്ദത്തംചെയ്കയാൽ അർദ്ധരാത്രിയോടുകൂടി കേശവപിള്ള തന്റെ വാസസ്ഥലത്തേക്കും മടങ്ങി.

പടിഞ്ഞാറ് വലിയതുറയിലെ തിരമാലകൾ മന്ദതയോടുകൂടി ഏകതാളത്തെ മേളിച്ചും, സമീപത്തു പാർക്കുന്ന ഒരു നാഗസ്വരക്കാരൻ ഉണർന്ന് അഭ്യസനാരംഭത്തിലെ വിഷമതയോടുകൂടി ‘സാ–രീ–ഗാ—മാ’ എന്ന് സ്വരങ്ങളെ സാധകം ചെയ്തും, ശാസ്ത്രാനുസാരിയായ ഒരു കുക്കുടൻ ഏഴരവെളുപ്പിനു കൃത്യമായി ത്രികാലജ്ഞനെന്നുള്ള ഗർവത്തോടു കൂജനം ചെയ്തും, അടുത്തുള്ള ഒരു അശ്വത്ഥത്തിൽ പാളയമടിച്ചിരുന്ന വാവൽസൈന്യത്തിലെ കാവൽപ്പണിക്കാർ കർണ്ണാരുന്തുദങ്ങളായ കാഹളധ്വനികൾകൊണ്ട് നവയാമാഗമനത്തെ അറിയിച്ചും, വാതരോഗപീഡിതനായ ഒരു വൃദ്ധഭക്തൻ ഉറക്കപ്പായിൽ കിടന്ന്, 'പിൻകാലിന്മേൽ കടിച്ചമ്മുതല കടിവിടാത്ത’ കഥാലാപത്താൽ കണ്ഠത്തെ ക്ഷോഭിപ്പിച്ചും, കേശവപിള്ളയുടെ അരിവെപ്പുകാരിയും സ്വർഗ്ഗപാതാളങ്ങളോടു സംബന്ധമില്ലാത്ത ഒരു അന്തരാള ഭഗവതിയും ആയ ‘ഭഗവതി ’ എന്ന സ്ത്രീയെ നിദ്രയിൽനിന്നുണർത്തി, ഉദയസ്നാനസമയം ആഗതമായെന്ന് ഉണർത്തിച്ചു. ഈവക സഹകാരികളെ എല്ലാം ആട്ടിയും ശപിച്ചും ശകാരിച്ചും, സ്വനിഷ്ഠകളെ രേഖാമാത്രഭംഗംപോലും വരുത്താതെ അനുഷ്ഠിക്കുന്ന ആ സ്ത്രീ അടുത്തുള്ള കുളത്തിലേക്കു യാമവ്യത്യയം വന്നുപോകാതെ ഝടിതിയിൽ പുറപ്പെട്ടു. എന്നാൽ,

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/73&oldid=158571" എന്ന താളിൽനിന്ന് ശേഖരിച്ചത്