ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അതുപോലെതന്നെ ത്വരയോടുകൂടിയും പലതും പുലമ്പിക്കൊണ്ടും ആ സ്ത്രീ ഉടനേതന്നെ തിരിച്ചുവന്ന്, ചില സാധനങ്ങളെ തന്റെ സർവവിശ്വസ്തനായ കേശവപിള്ളയെ വിളിച്ചുണർത്തി ഏൽപിച്ച്, അക്കാര്യം സംബന്ധിച്ച് തന്റെ സകല ഭാരവും അതിവൈഭവത്തോടു നിർവഹിക്കപ്പെട്ടു എന്നുള്ള ഭാവത്തിൽ, ചാടി വീണ് അന്യശ്രവണഗോചരമായിക്കൂടാത്ത തോറ്റൻപാട്ടിലെ ചില ചരണങ്ങളുടെ ഉച്ചാരണത്തോടുകൂടി വീണ്ടും ധാവനംതുടങ്ങി.

പരമാർത്ഥം പറയുകയാണെങ്കിൽ, ആ സ്ത്രീക്ക് അച്ഛനമ്മമാരാൽ നൽകപ്പെട്ട നാമം ‘പവതി’ എന്നായിരുന്നു. ഗ്രന്ഥമര്യാദയ്ക്കു സ്വീകരിക്കപ്പെട്ടിരിക്കുന്ന ‘ഭഗവതി’ എന്ന നാമം അതിന്റെ ഉടമസ്ഥയ്ക്കുതന്നെ ബോദ്ധ്യമാവുകയില്ലായിരുന്നു. വയോവൃദ്ധിയോടുകൂടി ‘പവതി’ എന്ന പദം ‘പവതീച്ചീ’ ആയും ‘പവതിക്കൊച്ചി’ ആയും രൂപീകരിച്ചു. കൗതുകകരമായുള്ള ഈ പദത്തിന്റെ പരിവർത്തനസൂത്രങ്ങളെ, വിശേഷിച്ചും, തിരുവിതാംകൂർകാരത്തിയായ ഒരു സ്ത്രീ ‘കൊച്ചി ’ എന്ന സംസ്ഥാനനാമത്തിന് അവകാശപ്പെട്ട ന്യായത്തെ, ശബ്ദാഗമജ്ഞന്മാർ അരാഞ്ഞുകൊള്ളട്ടെ. പവതിച്ചിയുടെ സൗന്ദര്യവർണ്ണന ചുരുക്കത്തിൽ കഴിയും, പരമാർത്ഥ‘കണ്ടിവാർ’കേശിതന്നെആയിരുന്നു എന്നുള്ളതല്ലാതെ വർണ്ണനീയമായി മറ്റു യോഗ്യതകൾ ഒന്നും തന്നെ അവർക്കില്ലായിരുന്നു. ജടിലമായുള്ള ആ കേശമകുടത്തെ ഉടക്കും പിണക്കും വിടുർത്തി നിരത്താൻ ലങ്കാപ്രകാരങ്ങളെ ഭജ്ഞനംചെയ്ത വാതാത്മജനും ക്ലിഷ്ടസാധ്യമായിരുന്നു. രണ്ടു മണ്ഡലക്കാലം മുഴുവൻ പീഡിപ്പിച്ച മസൂരി, കണക്കിനു സുഷിരവും എടുത്തും കഴിച്ചു മഷിയിട്ടിട്ടു തുടയ്ക്കാതെ ഉപേക്ഷിച്ചുകളഞ്ഞ അവരുടെ ശരീരം “ഇനി കരിക്കും ചാമ്പലിനും കൊള്ളൂല്ല” എന്ന് ആ സ്ത്രീതന്നെ വിലപിക്കാറുണ്ടായിരുന്നു. ഇങ്ങനെയുണ്ടായ ‘തലയിൽ പറണ്ടലിനെ’ ബഹുമാനിച്ച് ആ സ്ത്രീ കളത്രസ്താനകാംക്ഷയെ ത്യജിക്കയും, അങ്ങനെ ഏഷണത്രയങ്ങളിൽ രണ്ടിനെ പരിഹരിക്കയും ചെയ്തു. എങ്കിലും പവതിക്കൊച്ചി സന്ന്യസിച്ച് ലോകത്തെ ശിക്ഷിച്ചുകളയാതെ, കർമ്മപദ്ധതിയെ ആശ്രയിച്ചുതന്നെ ജീവിതത്തെ നിർവഹിച്ചുവന്നു. അവരുടെ മതപ്രകാരം ബ്രഹ്മാണ്ഡം നേത്രഗോചരമല്ലാതുള്ള ബഹുവിധയക്ഷിഭൂതപ്രേതാദികൾ ഇടതിങ്ങി സഞ്ചരിക്കുന്ന ഒരു ‘തൊലയാവട്ട’[1] (അനന്തവിസ്തൃതി) ആയിരുന്നു. ഈ പിശാചസംഹതിക്കിടയിൽ പീഡാരഹിതമായുള്ള വാസത്തിന് ആ സ്ത്രീയുടെ പണിയായുധമായ മാർജ്ജനിയെ സുദർശനചക്രത്തോടു തുല്യമായ വിശിഷ്ടരക്ഷാസൂത്രമായി അവർ ഗണിച്ചുവന്നിരുന്നു. ഇതിനു പുറമേ, ദുർമ്മദന്മാർക്ക് ഉപദേശയോഗ്യമല്ലാതുള്ള ചില മന്ത്രങ്ങളും ആ സ്ത്രീക്കു വശമായിരുന്നു. അക്ഷരജ്ഞാനശൂന്യയായ ആ മന്ത്രവാദിനിയുടെ മാന്ത്രികപ്രയോഗങ്ങളിൽ ഓം, സ്വാഹ, ഹ്രീം, ക്ലീം! എന്നുള്ള പ്രണവാദിധ്വനികൾ അടങ്ങിയിരുന്നു എന്ന്, ആ ഭാഗങ്ങളുടെ ഗുപ്തമായ ഉച്ചാരണത്തിൽനിന്ന് അവരുടെ സഹായാപേക്ഷകരായ ജനങ്ങൾ അറിഞ്ഞിരുന്നു. സകലകർമ്മങ്ങൾക്കും ഈ സ്ത്രീക്കു പ്രത്യേകമന്ത്രങ്ങൾ ഉണ്ടായിരുന്നതുകൂടാതെ, കൊതി ഒഴിക്കാനും ഉളുക്കെഴയ്ക്കാനും കുടല്പിണക്കുകൾ തീർക്കാനും ഇവർ ‘ധന്വന്തരി’ ആയിരുന്നു. പ്രതിഫലസ്വീകാരത്താൽ തന്റെ മന്ത്രശക്തി ഹനിക്കപ്പെടുമെന്ന് ഈ പണ്ഡിതർ സിദ്ധാന്തിച്ചിരുന്നതിനാൽ, അവരുടെ ഈ ചികിത്സകളെ അപേക്ഷിച്ച ആതുരചക്രം ദിവസേന വർദ്ധിച്ചുകൊണ്ടിരുന്നു. മാമാവെങ്കിടന്റെ പ്രത്യേക‘കലഹബന്ധു'വായിരുന്ന ഈ പുരുഷദ്വേഷിണിക്ക്, അയാളെയും തോല്പിക്കാൻവേണ്ട നിശിതവാഗ്മിത്വം ഉണ്ടായിരുന്നു. ‘സദാഹൃദ്യാനന്നതന്ത്രാണി’ എന്ന് അനക്ഷരകുക്ഷിയായ ആരോ അമരകോശം പഠിക്കുന്നതിനെ കേട്ടു ധരിച്ചിട്ടുണ്ടായിരുന്നതിനാൽ, പാചകവൃത്തിയോളം പരിശുദ്ധവും ഉപകാരപ്രദവുമായ ജീവനവൃദ്ധി മറ്റൊന്നില്ലെന്നു നിശ്ചയിച്ചുകൊണ്ട്, ഇവർ സ്വന്തമായ ഒരു പാചകചിന്താമണിയെ നിർമ്മിച്ച്, പല സുഖശരീരന്മാർക്കും, അരോചകാജീർണാദിദാനവും, ഘടാദിപാത്രങ്ങൾക്കു മോക്ഷദാനവും, പല ഗൃഹങ്ങളേയും പാചകവൃത്തി പരദേവതയായ അഗ്നിഭഗവാനു സംഭാവനാദാനവും ചെയ്തതിന്റെശേഷം കേശവപിള്ളയുടെ ശുശ്രൂഷ


  1. ‘തൊലയാവട്ട’ ഇരണിയൽ താലൂക്കിൽ ഉള്ള വൃക്ഷശൂന്യവും ഭയങ്കരവുമായ ഒരു വിസ്തീർണ്ണമരുഭൂമിയാകുന്നു. ഈ സ്ഥലത്തുവച്ച് ചില മരണശിക്ഷകൾ ആസുരമായവിധത്തിൽ നടത്തപ്പെട്ടതുകൊണ്ട് അതിനു കുപ്രസിദ്ധിയും ജനവർജ്യതയും സിദ്ധിച്ചിരുന്നു.
"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/74&oldid=158572" എന്ന താളിൽനിന്ന് ശേഖരിച്ചത്