ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തിയിൽ ഒന്നേ ഊഹ്യമായുള്ളു. ഹരിപഞ്ചാനനന്റെ അനുഗ്രഹം ഇതാ യമദണ്ഡമെന്നപോലെ തന്റെ ശിരോഘാതത്തിനായി പതിക്കാൻപോകുന്നു. ഇങ്ങനെയുണ്ടായ മനഃക്ലേശങ്ങൾ ഹരിപഞ്ചാനനസ്മരണഘട്ടത്തിൽ എത്തിയപ്പോൾ ആത്മരക്ഷാചിന്തകളെ ദൂരീകരിച്ചും രാജ്യരക്ഷാമാർഗ്ഗത്തെപ്പറ്റി മാത്രം ഗാഢമായി വിചിന്തനം ചെയ്തും കേശവപിള്ള വീണ്ടും തനിക്കു സഹജമായ ദൃഢമനസ്കയെ അവലംബിച്ച് എഴുന്നേറ്റ്, വസ്ത്രത്തേയും അംഗുലീയങ്ങളേയും യഥായുക്തം ഗോപനംചെയ്തു. അപ്പോൾ ഭഗവതി എന്ന സ്ത്രീ സ്നാനം കഴിഞ്ഞ്, തോർത്താതേയും പരിഭ്രമത്തോടുകൂടിയും വിറച്ച്, “നാനായന! നാനായന! എന്തെല്ലാം കണ്ടാ മൂച്ചി എടുക്കുമെന്റെ തമ്പുരാട്ടി!” എന്നു പരിതപിച്ചുകൊണ്ട് എത്തി, കേശവപിള്ളയെ വിളിച്ച് ഒരു കോണിൽ കൊണ്ടുപോയി താൻ കൊണ്ടുചെന്നു കൊടുത്ത വസ്ത്രത്തെ എന്തുചെയ്തു എന്നു ചോദ്യം ചെയ്തു.

കേശവപിള്ള: (ഉറക്കക്ഷീണത്തെ നടിച്ചും താൻ സംശയിച്ച ഭയങ്കരസംഭവത്തെ വെളിപ്പെട്ടിരിക്കുന്നു എന്നു തീർച്ചയാക്കിയും) “ആ വൃത്തിക്കെട്ട മുണ്ടിനെ കളഞ്ഞക്കാ. അക്കൻ പെട്ടീലിരിക്കുന്ന ഇരണിയൽത്തരമൊന്ന് എടുത്തുകൊള്ളണം.”

ഭഗവതി: “എന്റെ ചെതറാലമ്മ[1] ലക്ഷിച്ച്, എന്റെ മക്കള് കോട്ടാറനും തരും. അതല്ല—ഈ ഏകാന്ത്രത്തടി വെന്തോ കരിഞ്ഞോ പോട്ട്.” (അതിഗൂഢമായി) “മുണ്ടിനെ ഇപ്പം ചുടണം. കൊളക്കടവിൽ നില്പാൻ വിടൂല്ല ആളുകള്? വല്യ കൊലവാസം, അരുംകൊലവാസം ആരോ ചെയ്തുട്ടു! കുരുകുരുത്തംകെട്ട മാവാവിക്കൂട്ടത്തിന് അക്കുരുതിക്കു കളം നമ്മുടെ നടയിലേ കണ്ടൊള്ളു. എന്റെ മക്കള് ദൂക്ഷിക്കണം.”

കേശവപിള്ള: (ഒന്നും മനസ്സിലാകാത്തകൂട്ടത്തിൽ) “കൊലയോ? എവിടെ ? ആരു ചെയ്തു? അക്കൻ എല്ലായ്പോഴും കിനാവും പേയുംതന്നെ! ഛേ ഛേ! വിറയ്ക്കരുത്. അക്കന്റെ മക്കളടുത്തു നിൽക്കുന്നില്ലയോ?”

ഭഗവതി: “ക്നാവോ, എന്റെ പയ്മനാവാ? പേയോ എന്റെ പൊന്നുക്കുട്ടിമക്കളേ? പേപ്പവതിക്കേതു പേയ്? ക്നാക്കൊണ്ട ചെമ്മത്തിന് ഏതു കിനാവ്?” (ഊർജ്ജിതത്തോട് ) “വ്രമ്മയസ്തി– പൂണിക്കൊല–ചെയ്തിരിക്കുണു. തൂഷ്ക്ഷിക്കണമെന്നു ഞാൻ ചൊല്ലുണു. എന്റെ മുത്താരമ്മയാണെ, തുണിയെ കരിച്ചുകളയണം—അതും ചട്ടനെ— നമ്മെ പിടിച്ചിഴുത്താല്—പിടിച്ചിഴുക്കുമെന്നൊ?” (വയറ്റത്തു രണ്ടു കൈയാലും തട്ടിക്കൊണ്ട്) “അതാ, അവിടെ ചെന്നു നോക്കിൻ! നമ്മുടെ ഈ വഴിയിത്തന്നെ, കോവിലിന്റെ നടുമുമ്പില് —നവകോടി നാരായണൻചെട്ടി അണ്ണാപ്പട്ടരെ കുത്തി, കീച്ചൻ മാച്ചനെ—എന്റെ പൊന്നമ്മിണാ, കിറിപ്പെളന്ന്, മലത്തി ഇട്ടിരിക്കണാ! പെരുങ്കൊല!— അതാ, കേട്ടില്ലയോ അരവം? എഴവും ഒപ്പാരും കൊണ്ടാടണ ആയിമ്മേടെ കഴുത്തിലുമൊണ്ട് ആനക്കെടുപ്പതു പൊന്ന്. എന്റെ മക്കളങ്ങോട്ടു പോണ്ട—വേണ്ട—”

കേശവപിള്ള പുറത്തുനിന്നു പുറപ്പെട്ട മുഴക്കത്താൽ ആകർഷിതനാകയാൽ നിശ്ശബ്ദനായി നിന്നതുകൊണ്ട്, ആ സ്ത്രീ പിന്നെയും ഗുണദോഷിപ്പാനും വർണ്ണിപ്പാനും തുടങ്ങി. കേശവപിള്ള അവരെ നോക്കി ഹലാകൃതിയിലുള്ള തന്റെ നാസികയുടെ മുകളിൽ ചൂണ്ടുവിരൽ അടുപ്പിക്കമാത്രം ചെയ്തു. വസ്ത്രത്തെക്കുറിച്ച് അവരിൽനിന്നും ഒരു ശബ്ദം പുറത്തു വന്നുപോകരുതെന്ന് ആജ്ഞാപിച്ചു. കേശവപിള്ളയുടെ പ്രൗഢഭാവത്താലും നിശ്ചലതയാലും ഉൽപന്നധൈര്യയായ ആ സ്ത്രീ ആ നാട്യത്തിന്റെ സാരത്തേയും അതിന്റെ വ്യാപ്തിയേയും സൂക്ഷ്മമായി ഗ്രഹിച്ചു. തന്റെ സ്വന്തകാര്യങ്ങൾ കവിഞ്ഞുള്ള സംഗതികളൊന്നുംതന്നെ താൻ ധരിച്ചിട്ടില്ലെന്നുള്ള നാട്യത്തോടുകൂടി, വാ മുറുക്കി അമർത്തിക്കൊണ്ട് അവർ ഗൗരവഭാവത്തിൽ അവിടെ നിന്നു തിരിച്ചു.

ജനാകരത്തിന്റെ ശബ്ദം മുഴുത്ത്, വ്യക്തമായി കേട്ടുതുടങ്ങുകയാൽ കേശവപിള്ള പടിവാതുക്കൽ ചെന്നു നോക്കിയപ്പോൾ, അല്പം വടക്ക്, ക്ഷേത്രത്തിന്റെ മുൻഭാഗത്ത് വലി


  1. ചിതറാൽ എന്ന് കുഴിത്തുറയ്ക്കടുത്ത് ഒരു ദുർഗ്ഗവും അതിന്റെ മുകളിൽ ഒരു ദുർഗ്ഗാക്ഷേത്രവുമുണ്ട്. ഈ ക്ഷേത്രം, ബുദ്ധമതക്കാരുടെ ഒരു സ്ഥാപനമെന്ന് ചിലർ വിചാരിക്കുന്നു.
"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/76&oldid=153758" എന്ന താളിൽനിന്ന് ശേഖരിച്ചത്