ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പതനത്തിൽ ദുർഗ്രാഹ്യമെന്നു ദളവാ മനസ്സിലാക്കി,മറ്റു തനിക്ക് ഉണർത്തിപ്പാനുണ്ടായിരുന്ന സംഗതികളെയും അറിവിച്ചുകൊണ്ട്, അവിടെനിന്നു തിരിച്ചു.

ഗോപാലയ്യന്റെ റിപ്പോർട്ടിൽ ഉൾപ്പെട്ട കൊലപാതകവൃത്താന്തവും അതിനെ സംബന്ധിച്ചുള്ള സകലവിവരങ്ങളും മഹാരാജാവ് അതിനുമുമ്പുതന്നെ സൂക്ഷ്മമായി ധരിച്ചിരുന്നു. ദളവായെ തുടർന്ന് മുഖംകാണിച്ച സർവാധികാര്യക്കാരും സമ്പ്രതിഅയ്യനും അണ്ണാവയ്യന്റെ ദുർമൃതിയെക്കുറിച്ച് അഭിപ്രായങ്ങൾ അറിവിക്കാതിരുന്നില്ല. അവരുടെ പക്ഷം, ആ സംഗതി അഗാധാന്വേഷണയോഗ്യമായിട്ടുള്ള ഉപജാപകൃത്രിമമാണെന്നും ഹരിപഞ്ചാനനന്റെ ദിവ്യലോചനംകൊണ്ട് “എന്നവെല്ലാം കാണപ്പോറതോ” എന്ന് അരുളിചെയ്യപ്പെട്ടതിൽ, രണ്ടാമത്തേതായ ആ ക്രിയയ്ക്കും ഒന്നാമത്തേതായ ഭണ്ഡാരഭേദനത്തിനും തമ്മിൽ സംബന്ധമുണ്ടായിരിക്കുമെന്നും ആയിരുന്നു. ഇവരുടെ ഗമനാനന്തരം കട്ടിമുണ്ടും പുറകിൽ ഇരട്ടക്കൊമ്പുവച്ച് നേരിയതുകൊണ്ടുള്ള വട്ടകെട്ടും ധരിച്ച്, ഒരു പിടി എഴുത്തോലയും ലേഖനായുധങ്ങളുമായി കേശവപിള്ള തിരുമുമ്പിൽ പ്രവേശിച്ചു. ‘വിദ്വാൻ മാത്രം വിദ്വാനെ അറിയുന്ന’ മാനസികമായുള്ള ധർമ്മത്തിന്റെ പ്രവർത്തനംകൊണ്ട് മഹാരാജാവിന്റെ മുഖം സൈനികാംഗമായ കൃതാവിനാൽ ഗംഭീരമാക്കപ്പെട്ടിരുന്നെങ്കിലും, തൽകാലോദിതമായ പ്രസാദംകൊണ്ട് കരുണാപൂർണ്ണമനസ്കനായ ഒരു ബഹുസന്താനപിതാവിന്റേതുപോലെ ലളിതസ്മേരപൂർണ്ണമായി പ്രകാശിച്ചു. ബാഹ്യവീക്ഷണത്തിന് പ്രശാന്തതടിനികളെപ്പോലെ മൃദുഗതികളായി കാണപ്പെടുന്ന ഋജൂവചന്മാരായ ആ രണ്ടു മഹച്ഛക്തികളും, ദുസ്തരമായുള്ള ഔഷ്ണ്യവേഗങ്ങളോടുകൂടി വിന്ധ്യഗന്ധമാദനാദി മഹാഗിരിവാരഭേദനവും ചെയ്ത്, ഉദ്ദിഷ്ടതീർത്ഥമുഖത്തു സിന്ധുസംഗമംചെയ്യുന്ന അന്തർവാഹിനികളായിരുന്നു. മഹാരാജാവ് ഗുരുതരപ്രഭാവനായ മാതുലഗുരുനാഥന്റെ അനുഗ്രഹത്താലും സ്വബുദ്ധിപരിചയങ്ങളുടെ ചാതുരികൊണ്ടും രാജ്യതന്ത്രങ്ങളിൽ വിദഗ്ദ്ധ വിപശ്ചിത്തും, ആ യുവാവ് ആ മഹാരാജോപാന്തവാസവും പാദശുശ്രൂഷണവുംകൊണ്ട് ഗുരുപ്രസാദാനുഗ്രഹസമ്പാദനത്തെ ആരംഭിച്ച്, ജീവനെത്തന്നെ ഗുരുദക്ഷിണയായിക്കരുതീട്ടുള്ളവനും അപ്രധാനനുമായ ഒരു ശിഷ്യൻമാത്രവും ആയിരുന്നു. മന്ത്രിസമ്പൽസമൃദ്ധനായിരുന്ന മഹാരാജാവിന് ആ യുവാവിന്റെ അംഗപ്രൗഢിയും ബുദ്ധിവിലാസവും കണ്ട്, പരിചയാരംഭംമുതൽ അയാളെക്കുറിച്ച് അതിയായ വാത്സല്യവും വിശ്വാസവും ഉദിച്ചിരുന്നു. യുവത്വംകൊണ്ടുള്ള സ്വാതന്ത്ര്യശീലത്തെ അവിടുത്തെ പൈത്ര്യമായ കൃപാർദ്രതകൊണ്ടു പോഷിപ്പിച്ച്, അയാളെ സ്വസന്നിധിയിൽ അനിയന്ത്രിതവചസ്കനാക്കാൻ അവിടുന്ന് പ്രോത്സഹിപ്പിച്ചിരുന്നു. എന്നാൽ ആ യുവാവിന്റെ ക്ഷിപ്രകുപിതത്വം ചിലപ്പോൾ അയാളുടെ സ്ഥിതിവിശേഷത്തിന്റെ ജ്ഞാനത്തേയും ഉൽക്കർഷോന്മുഖതയേയും ഭേദിച്ചുപോയിട്ടുള്ളതൊഴികെ, തനിക്കു ഭാഗ്യദായകനായി അനുഗ്രഹിച്ചരുളുന്ന ഗുരുവിന്റെ ദൃഷ്ടാന്തപാഠത്തെ തുടർന്ന്, ശിഷ്യനും ക്രിയാമാത്രദീക്ഷിതനായി തന്റെ ശിഷ്യാശ്രമത്തെ നയിച്ചുവന്നു.

കേശവപിള്ള മഹാരാജപദങ്ങളിൽ അത്യന്തഭക്തിവിനയസമന്വിതം, ഓലക്കൂട്ടത്തെ കക്ഷത്തിലിടുക്കി, യഥാക്രമം താണുതൊഴുത്, ഉടുവസ്ത്രത്തെ ഒതുക്കി, പഞ്ചപുച്ഛമടക്കി നില്ക്കുന്നതിനിടയിൽ, അയാളെയും അന്നത്തെ ദുഷ്ക്രിയയേയും സംഘടിപ്പിച്ച് അയാളുടെ മനസ്സ് അന്നുദയത്തിൽ ഗതിചെയ്ത മാർഗ്ഗത്തൂടേതന്നെ മഹാരാജാവിന്റെ മനസ്സും ഒരു സഞ്ചരണംചെയ്തു. എന്നാൽ ഈ അഭിനിവേശങ്ങളുടെ ഒരു ഛായപോലും മുഖത്തു പ്രസരിപ്പിക്കാതെ, അനന്തശയനവിഗ്രഹത്തിന്റെ വദനനിശ്ചാഞ്ചല്യത്തോടുകൂടിയാണെങ്കിലും ദളവായോടും മറ്റുദ്യോഗസ്ഥന്മാരോടും പ്രദർശിപ്പിക്കാത്ത ഒരു കരുണയോടുകൂടിത്തന്നെ അവിടന്ന് ഇങ്ങനെ ചോദ്യംചെയ്തു: “എന്താ, കേശവൻ ഇന്ന് ഊണുകഴിഞ്ഞില്ലേ?”

കേശവപിള്ള: “തിരുവുള്ളം അനുഗ്രഹിച്ചന്നുമുതൽ അടിയന് കല്ലരിക്കു മുട്ടുണ്ടായിട്ടില്ല.”

മഹാരാജാവ്: “എന്നാൽ നിന്റെ മുഖമിങ്ങനെ ക്ഷീണിച്ചു കാൺമാൻ സംഗതി എന്ത്?”

കേശവപിള്ള: (ആദ്യത്തെ പദത്തിൽ ശബ്ദോർജ്ജിതത്തോടുകൂടി) “അടിയനു വിശേ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/80&oldid=158578" എന്ന താളിൽനിന്ന് ശേഖരിച്ചത്