തമ്പിമാരെപ്പോലെ, അയാൾക്ക് സ്വാമിയാരെ കിട്ടിയിരിക്കുന്നു. നന്തിയത്ത് ഉണ്ണിത്താനദ്ദേഹവും അവിടെ എത്തിയിരിക്കും.” (‘മൂക്കിൽ തൊടാൻ ചെവിക്കു പ്രദക്ഷിണംചെയ്യേണ്ട. അണ്ണാവയ്യന്റെ കാര്യത്തെ നേരെ ചോദിച്ചു കൊള്ളു’ എന്നു മഹാരാജാവു ചിന്തിച്ചു) “ഇതൊക്കെ രാജ്യത്തിനു പടുകാലമാണ്.”
മഹാരാജാവ്: രണ്ടു ഗൃഹസ്ഥന്മാർ കൂടുന്നതു രാജ്യത്തിന് ആപത്തോ? നല്ല ഗുണദോഷം!”
കേശവപിള്ള: “ഹരിപഞ്ചാനനസ്വാമി എന്നൊരു മൂർത്തികൂടി ഉള്ളതുകൊണ്ടൂ അടിയൻ തിരുമനസ്സുണർത്തിക്കുന്നതാണ്. അദ്ദേഹത്തിന് അടിയനോടും അടിയന് അങ്ങോട്ടും തീരാത്ത വിരോധമെന്നു കൽപിക്കും. അടിയന്റെ അൽപബുദ്ധിയിൽ തോന്നിയതിനുള്ള തെളിവിനെ (‘ഇതാ വന്നു അണ്ണാവയ്യന്റെ കഥ’ എന്ന് മഹാരാജാവു ചിന്തിച്ചു) ദൈവം തട്ടിക്കളഞ്ഞു. ഇനി അതിനെ തിരുമനസ്സറിയിച്ചിട്ടു ഫലമില്ല. എന്നാൽ ആ സ്ഥലം കഴക്കൂട്ടമാണ്. ചന്ത്രക്കാറൻ രാമനാമമഠത്തിൽപിള്ളയുടെ മകനും, നന്തിയത്തുണ്ണിത്താൻ എളയിടത്തുസ്വരൂപത്തിലെ മന്ത്രിയും—”
മഹാരാജാവ്: “നീ ഇവിടത്തെ സ്ഥിതി ഒന്നും അറിയാതെ പെരുമ്പടപ്പീന്നു വരികയാണോ?”
തന്റെ രാജ്യം പുള്ളിപ്പട്ടാളത്താൽ സുരക്ഷിതമെന്നും, തന്റെ സ്വകാര്യനിശ്ചയമായി ജെൻട്രാൾ കുമാരൻതമ്പിയും ഏതാനും ഭടജനങ്ങളും കഴക്കൂട്ടത്തേക്കു ഗൂഢമായി നിയോഗിക്കപ്പെട്ടിരിക്കുന്നതു കൊണ്ട് ആ സ്ഥലത്ത് കലാപമൊന്നുമുണ്ടാവാൻ മാർഗ്ഗമില്ലെന്നും ധൈര്യപ്പെട്ട് മഹാരാജാവ് ഇങ്ങനെ അരുളിച്ചെയ്തപ്പോൾ മഹാരാജാവിന്റെ അതിഗൂഢമായ വ്യവസ്ഥയേയും തന്റെ സാമർത്ഥ്യം കൊണ്ടു ധരിച്ചിരുന്ന കേശവപിള്ള ആ അറിവിനെ ഗോപനം ചെയ്തുകൊണ്ട്, വ്യസനത്തോടുകൂടി ഇങ്ങനെ അറിയിച്ചു: “അടിയനിപ്പോൾ പെരുമ്പടപ്പിൽനിന്നു വിടകൊള്ളുകയല്ല. പെരുമ്പടപ്പിൽത്തന്നെ കൈനില ഊന്നിയിരിക്കുകയാണ്. അതുപോലെ രാജ്യവും കുറ്റപ്പെട്ടുപോകാതെയിരിപ്പാൻ തിരുമനസ്സറിയിക്കുന്നതാണ്. ആ ചന്ത്രക്കാറന്റെ അനന്തരവനെ, കുറച്ചു താമസിച്ചിട്ടു പിടിക്കുന്നതുകൊണ്ട് ഒരു ദോഷവും ഉണ്ടാവാനില്ല. അവിടത്തെ കൂട്ടമെല്ലാം അറികേയും സ്വാമിയുടെ ഉപദേശം അവിടെ കിട്ടാൻ സൗകര്യപ്പെട്ടിരിക്കുന്ന സമയത്തും ഒരു പ്രമാദക്രിയയെ അവിടെ വച്ചു നടത്തുന്നതു നല്ലുപായമാണോ എന്ന് തിരുമനസ്സുകൊണ്ട് ആലോചിച്ചു കൽപനയുണ്ടാകണം.”
മഹാരാജാവ്: (തന്റെ ഊഹം ഈ സമർത്ഥന്റെ സംഗതിയിലും തെറ്റിയില്ലെന്നുള്ള സന്തോഷോൽക്കർഷത്തോടുകൂടി) “കൊലപാതകക്കാരനെ ഉടനെ കെട്ടുകയല്ലെ വേണ്ടത്?”
കേശവപിള്ള: “കൊലപാതകംചെയ്തു എങ്കിൽ ഉടനെ തൂക്കുകയും വേണം. സാംബദീക്ഷിതരുടെ സാധുത്വംകൊണ്ട് ആ കേശവപിള്ളയുടെമേൽ കുറ്റം ചുമത്തപ്പെട്ടതാണ്. വെള്ളിനാരായം എത്രയോപേർക്കുണ്ട്! ‘കേ’ എന്ന അക്ഷരം എത്ര കേശവന്മാർക്കും കേരളീയർക്കും ഉപയോഗിക്കാം!”
മഹാരാജാവ് : “നീയും ഒരു കേശവനാണല്ലോ.”
കേശവപിള്ള: “അടിയൻ! കുപ്പപ്പാട് അതിനടുത്തുമാണ്. പക്ഷേ, അടിയൻ കൈക്കുറ്റപ്പാടു ചെയ്തതാണെങ്കിൽ, നാരായത്തെ ദേഹത്തു നിറുത്തീട്ടു പോവൂല്ലായിരുന്നു. ഉണ്ണിത്താനദ്ദേഹത്തിന്റെ മകൻ കേശവപിള്ളയും, ഇങ്ങനെ അയാൾക്ക് വിപരീതമായ ഒരു തെളിവിനെ അവിടെ വിട്ടിട്ടു പോകുമോ എന്നു കൽപിച്ചുതന്നെ തിരുവുള്ളമിരുത്തി ആലോചിച്ചു രക്ഷിക്കണം.”
ഈ സംശയം ആദ്യമേതന്നെ മഹാരാജാവിന്റെ മനസ്സിൽ പ്രധാനമായി പ്രവേശിച്ചിട്ടുള്ളതായിരുന്നു. എങ്കിലും കേശവപിള്ളയുടെ മനസ്സിനേയും ഇഷ്ടത്തേയും ഒന്നുകൂടി പരീക്ഷിപ്പാനായി അവിടന്ന് ഗൗരവമായ ചില ചോദ്യങ്ങൾ തുടങ്ങി. തന്റെ പ്രവൃത്തികൾ രാജ്യാഭിമാനിക്കും ഭക്തനായ ഭൃത്യനും ചേർന്നതല്ലെന്നുള്ള ഛായയിൽ ഒന്നു രണ്ടു ചോദ്യങ്ങൾ ഉണ്ടാ