ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നീക്കാൻ നോക്കുന്നു. വിടുവാക്കുകൾകൊണ്ട് അങ്ങനെയുള്ള ശ്രമത്തിന് അപകടമുണ്ടാക്കരുത്. ഈ സംഗതികളെല്ലാം സൂക്ഷ്മമായി അറിഞ്ഞിട്ടാണ് തടസ്ഥംകൂടാതെ അനന്തരവനെ കൂട്ടി അയപ്പാൻ ഞാൻ ഗുണദോഷിച്ചത്. നമുക്ക് ഇനി എല്ലാം നല്ലതിന്മണ്ണം ആലോചിച്ചു നടത്തണം. ചുറ്റുമിട്ടിരിക്കുന്ന കാവൽ അവിടെ കിടക്കട്ടെ. അറിഞ്ഞ ഭാവംപോലും നടിക്കണ്ട. നമുക്കു വേറെ കാര്യങ്ങൾ വലുതായി പലതുമുണ്ടല്ലോ.”

ചന്ത്രക്കാറനും മന്ദബുദ്ധിയായിരുന്നില്ല. യോഗീശ്വരന്റെ യുക്തിവാദം അയാൾക്കു നല്ലതിന്മണ്ണം ബോദ്ധ്യമാവുകയാൽ ഇങ്ങനെ യോഗീശ്വരന്റെ സാമർത്ഥ്യത്തെ കൊണ്ടാടി: “സാമികള് കൊമ്പിച്ച അരശരുതന്നെ. തമ്പുരാന്റെ എടതിരിക്ക് സാമീടെ മറുതിരി അയ്യമ്പ! ”ഗ്രാമ്യപദങ്ങളെക്കൊണ്ടെങ്കിലും, ഇങ്ങനെതന്നെ സംഭാവനംചെയ്തുകൊണ്ട്, ചന്ത്രക്കാറൻ അയാളുടെ ദേഷ്യപ്പുറപ്പാടിനെ ഉപസംഹരിച്ചപ്പോൾ, ഇനി ഉദ്ദിഷ്ടകാര്യത്തിലേക്കു പ്രവേശിപ്പാൻ താമസിച്ചുകൂടെന്നു യോഗീശ്വരൻ നിശ്ചയിച്ചു. വങ്കനെങ്കിലും മഹാകുബേരരും മഹാന്ധനും അപരിമിതജനസ്വാധീനമുള്ളവനും ആയ ഇയാളെ തന്റെ പാർശ്വത്തിൽ അച്ഛേദ്യമായ വല്ല പാശവും കൊണ്ടു ബന്ധിച്ച് സ്വവ്രതത്തിന്റെ ഉദ്വ്യാപനത്തിന് പ്രയോജ്യമാക്കണമെന്നു ചിന്തിച്ച്, ഉപക്രമണികയായി ഇങ്ങനെ തുടങ്ങി: “എന്റെ കോപ്പെന്തു നിസ്സാരം! ദേശന്തരിയായി സഞ്ചരിക്കുന്ന ഒരവധൂതൻ. എന്റെകൂടി പരികർമ്മിവേഷത്തിൽ സഞ്ചരിക്കുന്ന ധനികന്റെ തേവാരത്തെ ഞാൻ നടത്തുന്നു. നമുക്കു കുലവുമില്ല. ബലവുമില്ല, ധനവുമില്ല–ബ്രഹ്മമെന്നൊരാധാരം മാത്രമേയുള്ളു.”

ചന്ത്രക്കാറൻ: “സാമി ഇങ്ങനെ തന്നത്തൻ ധുഷിക്കരുത്. ആറു ശാസ്സ്രങ്ങളും പഞ്ചവേധങ്ങളും പടിച്ച്, കുടലഴുക്കറുത്ത പുണ്യവാളൻ! സാമിക്കാരുമില്ലെങ്കിൽ ചന്ത്രക്കാറനൊണ്ട്.”

യോഗീശ്വരൻ: (സന്തോഷത്തോടുകൂടി) “ചന്ത്രക്കാറന് ഉറക്കം വന്നില്ലെങ്കിൽ കുറച്ചു പറവാനുണ്ട്. തിരുവനന്തപുരത്ത് ഒരു മോതിരം വിറ്റു എന്നും അതിനെപ്പറ്റി ചില കൃതികൾ നടക്കുന്നു എന്നും കേട്ടില്ലേ?”

ചന്ത്രക്കാറൻ: “ആ ഉമ്മിണിശ്ശവം എന്തോന്നോക്കെ ഇവിടെ ഒഴറി. ഞാൻ വകവച്ചില്ല. മമ്മട്ടിക്കൊണ്ടു പെഴയ്ക്കണവര് വമ്പളപ്പാനിരുന്നാല് അരിയളവിനു കുറവുവരും.”

യോഗീശ്വരൻ: “ശരിതന്നെ. മോതിരം കഴക്കൂട്ടത്തുപിള്ളയുടെ വക എന്ന്—(വളരെ ആലോചനയോടുകൂടി അങ്ങോട്ടും ഇങ്ങോട്ടും നോക്കിക്കൊണ്ട്)—രാജകുമാരനോ—ഉമ്മിണിയോ—ആരോ എന്നോടു പറഞ്ഞു. ചന്ത്രക്കാറനെ വല്ലവിധവും സംബന്ധിക്കുമെന്നു സംശയിച്ച് ഞാനും ചില അന്വേഷണങ്ങൾ ചെയ്തു. അടുത്തു വരൂ, പറയട്ടെ.” (ചന്ത്രക്കാറൻ യോഗീശ്വരന്റെ അടുത്തണഞ്ഞ് എന്താണു വരാമ്പോകുന്നതെന്നുള്ള സംഭ്രമത്തോടുകൂടി നിന്നു.) “മോതിരം വിറ്റത് അനന്തരവൻകുട്ടിയാണ്.”

ചന്ത്രക്കാറൻ: (തലയിൽ തച്ചുകൊണ്ട് അമർത്തിയ അട്ടഹാസമായി) “ഒള്ളതോ സാമി? എങ്കിൽ ചതിച്ചല്ലോ മാവാവി!”

യോഗീശ്വരൻ: “അതുകൊണ്ട് ചന്ത്രക്കാറന്റെ കൈവശത്തു നിന്നും ആ മോതിരം പുറത്തിറങ്ങിയതെന്നു തോന്നി, അന്വേഷണത്തെ നിറുത്തി.”

ചന്ത്രക്കാറൻ: (മനഃപാടവം അസ്തമിച്ച്) “ധാമദ്രാവികള് ഇത്രത്തോളമാക്കിയോ അവനെ? എന്റെ കുഞ്ഞിനെ അരുംചാക്കിനു കൊടുത്തു സാമീ, ആ ശനിപിടിച്ച കൂട്ടം—”

യോഗീശ്വരൻ: “ആ പട്ടരെ പറഞ്ഞൊതുക്കി മഹാരാജാവിനുണ്ടായിരുന്ന സംശയങ്ങളെ തീരുമാനം നീക്കി. ഇപ്പോൾ ആകപ്പാടെ വന്നു കൂടീരിക്കുന്നത് മോതിരം വാങ്ങിയ ആളെ, അതു വിറ്റ ആൾ കൊന്നു എന്നാണ്! അപ്പോൾ കാര്യം എങ്ങനെ തിരിയുമെന്ന് ചന്ത്രക്കാറൻതന്നെ ആലോചിക്കൂ.”

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/87&oldid=158585" എന്ന താളിൽനിന്ന് ശേഖരിച്ചത്