ഹൂർത്തത്തിൽ, ആ മുറിയിലും പരിസരങ്ങളിലും ഒരു ഭയാനകത്വം പ്രസരിച്ചു. ആ രണ്ടംഗങ്ങൾക്കുംതന്നെ അവരുടെ ആ നിലയിലുള്ള സംഗമത്തിന്റെ നിസർഗ്ഗമാഹാത്മ്യത്തെക്കുറിച്ച് ഒരു മഹത്തായ അഭിമാനം സഞ്ജാതമായി. തന്നാൽ പ്രാതിനിധ്യം വഹിക്കപ്പെടുന്ന എട്ടുവീട്ടിൽപ്പിള്ളമാരെന്ന് മഹാവീരസമിതിയുടെ ഗൂഢസഭായോഗങ്ങളിൽ പുഷ്പദീപസുവർണ്ണങ്ങളുടെ സാക്ഷ്യത്തോടുകൂടി, അതുകളിലെ അംഗങ്ങൾ പ്രതിജ്ഞാബദ്ധന്മരായിത്തീരുമാറുണ്ടായിരുന്നതുപോലെ അന്നത്തെ സഖ്യവും ഈ അനുഷ്ഠാനം കൊണ്ട് സുസ്ഥിരീകൃതമാകണമെന്ന് ചന്ത്രക്കാറൻ അഭിപ്രായപ്പെട്ടു. രോമാഞ്ചസമന്വിതം യോഗീശ്വരൻ ആ അഭിപ്രായത്തെ സ്വീകരിച്ചു. ചന്ത്രക്കാറന്റെ ഏകഗർജ്ജനംകൊണ്ട് പ്രതിജ്ഞാസാമഗ്രികളെല്ലാംക്ഷണമാത്രത്തിൽ സജ്ജീകരിക്കപ്പെട്ടു. ചന്ത്രകാറൻ സത്യവാചകം ചൊല്ലി തന്റെ ഭാഗം ക്രിയയെ പരിപൂർത്തിയാക്കി. സകല ജഗദ്രക്ഷാശക്തി പ്രപഞ്ചമണ്ഡലത്തെ ശശാങ്കകരമാർഗ്ഗമായി മൃദുസ്പർശം ചെയ്തനുഗ്രഹിക്കുന്ന ആ മംഗലമുഹൂർത്തത്തെ, രാജദ്രാഹവിഷയവും രാജ്യക്ഷമേവിഘാതകവുമായ നിഷ്കൃതിചിന്തകൾ കൊണ്ട് ദുർമ്മുഹൂർത്തമാക്കിച്ചെയ്തും, സ്വയംവൃതമായുള്ള യോഗസന്യസ്ത മുദ്രകളെ വ്യഭിചരിപ്പിച്ചും, ഹരിപഞ്ചാനനൻ തന്റെ വലതുകരത്തെ നീട്ടി ഉൽക്കടവീര്യത്തോടുകൂടി ദീപത്തിന്റെ മുകളിൽ മാംസം കരിയെപ്പിടിച്ച്, സത്യവാചകത്തെ ഉച്ചരിപ്പാൻ തുടങ്ങി. മായകൊണ്ടെന്നപൊലെ മൂന്നാമതായ ഒരാൾ അകത്തു പ്രവേശിച്ച് വിളക്കണച്ചു. ഈ ക്രിയ മഹത്സത്യങ്ങൾക്കു പ്രവൃദ്ധസാന്നിദ്ധ്യത്തെ നൽകുമെന്നുള്ള ചിന്തയോടുകൂടി, ഹരിപഞ്ചാനനൻ സത്യക്രിയയെ പ്രതിബന്ധത്തിനിടയിലും, നിർവഹിപ്പാൻ ആരംഭിച്ചു. എന്നാൽ ഹിന്ദുസ്ഥാനിയിൽ ഉണ്ടായ ഒരാജ്ഞകൊണ്ട് ആ പ്രതിജ്ഞ നിരോധിക്കപ്പെട്ടു. അവിടെ ഇങ്ങനെ പ്രത്യക്ഷനായ പുരുഷൻ രൂപവും സ്വരവുംകൊണ്ട് വൃദ്ധസിദ്ധനെന്ന് ഊഹ്യമായിരുന്നുവെങ്കിലും, താൻ കുറച്ചുമുമ്പു കണ്ടിട്ടുള്ള വാർദ്ധക്യം അപ്പോഴത്തെ രൂപത്തിലോ സ്വരത്തിലോ ചന്ത്രക്കാറനു കാണപ്പെട്ടില്ല.
അല്പനേരംകൊണ്ട് ഹരിപഞ്ചാനനന്റെ മടക്കയാത്രയ്ക്ക് വൃദ്ധസിദ്ധൻ വേണ്ട ഏർപ്പാടുകൾ ചെയ്തുകഴിഞ്ഞു. പുറകെ ‘പുറപ്പെടുന്നതിന് ചന്ത്രക്കാറനും ഒരുക്കങ്ങൾചെയ്തു. ഇതിന്മണ്ണം ഈ അഭീഷ്ടപ്രാർത്ഥകന്മാരിൽ, മീനാക്ഷി എന്ന കന്യകയേയും, നിധിയും രാജ്യാധികാരവും കിട്ടുന്നതിലേക്ക് ഹരിപഞ്ചാനനാനുകൂല്യമുണ്ടാകണമെന്നു ചന്ത്രക്കാറനുണ്ടായിരുന്ന അഭിലാഷങ്ങളിൽ, ഒടുവിലത്തേതുമാത്രം അയാൾക്കും, യോഗീശ്വരന്റെ യാത്രാദ്ദേശ്യങ്ങളായ ഉമ്മിണിപ്പിള്ളയുടെ ഹൃദയതസ്കരിണി ആരെന്നറിക, താൻ സംശയിക്കുന്ന തരുണിയാണെങ്കിൽ ചന്ത്രക്കാറനാദിഖലന്മാരുടെ ബാധ കൂടാതിരിപ്പാൻ വേണ്ട വ്യവസ്ഥകൾ ചെയ്ക, ചന്ത്രക്കാറന്റെ പുരുഷധനസഹായങ്ങളെ സ്വാധീനമാക്കുക എന്നീ മൂന്നും ഒന്നൊഴിയാതെ യോഗീശ്വരനും സാധിച്ചു.
- “ഇനിക്കെന്റെ മനക്കാമ്പിലിരിക്കുന്നോരഭിലാഷം
- നിനയ്ക്കുമ്പോൾ നിനക്കുണ്ടു ഫലിപ്പിപ്പാനെളുപ്പവം.”
ചിലമ്പിനേത്തുസൗധത്തിലെ ദുർമ്മന്ത്രണങ്ങൾ മഹാരാജാവിന്റെ നിദ്രാസുഖത്തിന് ഒരു ദുസ്സ്വപ്നലാഞ്ചനംകൊണ്ടെങ്കിലും ഭംഗമുണ്ടാക്കിയില്ല. അതുകളൊഴിച്ച് അവിടെയുണ്ടായ മാമാങ്കഘോഷത്തിലും മന്ത്രക്കൂടത്തെ അരിഷ്ടരംഗത്തിലും ചന്ത്രക്കാറൻ പ്രകടിപ്പിച്ച നവരസാതീതമായുള്ള അഭിനയവിശേഷങ്ങളും മാമന്റെ ഉഭയഭാസ്സും ഉച്ചദീപ്തിയും അസ്തക്ലമവും മഹാരാജാവ് ഉടനുടൻ അറിഞ്ഞിരുന്നു. അടുത്ത പ്രഭാതത്തിൽ സങ്കീർത്തനക്കാരാൽ പള്ളിയുണർത്തപ്പെട്ട് തിരുമുത്തുവിളക്കാനിരുന്നപ്പോൾ, മഹാരാജാവ് ഒരു പ്രഭാതവിനോദമായി സേവകജനങ്ങളോട് ലോകവാർത്താന്വേഷണംചെയ്തു. അപ്പോൾ ഒരു വൈതാളികവിദഗ്ദ്ധൻ, മാമാവെങ്കിടൻ ബുഭുക്ഷാതിക്രമത്താൽ അന്തകക്ഷേത്രതീർത്ഥാടനം ചെയ്തു