ശിക്ഷ കൊട്ടാരത്തിൽ പാർപ്പും പലഹാരപ്പുരയിൽ ഭക്ഷണവും! ഇത്ര പരിഷ്കരിച്ചോ ന്യായത്തിന്റെ ഗതി!”
മാമാവെങ്കിടൻ: (ദുർഘടതാളം ചവുട്ടിക്കൊണ്ട്) “അന്ത പരമദ്രാഹി അന്ന്, സ്വാമീ—നമ്മ നീട്ടെഴുത്തു, തൃപ്പാദത്തൂടെ കേശവപിള്ളൈ.”
മഹാരാജാവ്: “അതെ വാ തുറന്നെങ്കിൽ താൻ താളംതെറ്റിക്കും” എന്നുമാത്രം അരുളിച്ചെയ്തുകൊണ്ട് അവിടെനിന്നു ഗമിച്ചു. കേശവപിള്ളയുടെ നാമത്തെ കേട്ടയുടനെ, തന്റെ താളവിഷയത്തിലുള്ള അഗാന്ധർവതയെ പുച്ഛിക്കമാത്രം ചെയ്തുകൊണ്ടു പൊയ്ക്കളഞ്ഞത് മഹാരാജാവിനു കേശവപിള്ളയോടുള്ള തിരുവുള്ളപൂർത്തികൊണ്ടാണെന്നു മാമൻ വ്യാഖ്യാനിച്ചു. പരിഭ്രമനാട്യോപായത്താൽ ജീവരക്ഷയടഞ്ഞു എന്നുള്ള ഉത്സാഹത്തോടുകൂടി മാമൻ തന്റെ മുറിയിലേക്കു തിരിച്ചുചെന്ന്, മഹാരാജാവുമായുണ്ടായ സംഭാഷണത്തെ വേണ്ട ശുഭ്രവ്യാജങ്ങൾ ചേർത്തു ചമൽക്കരിച്ച് ആ യുവാവിനെ ധരിപ്പിച്ചു: “അടെ അപ്പൻ! എന്നെല്ലാം കേട്ടുട്ടാർ? റെവെയും സംഗതിയും വെയ്ത്ത്, ‘ഹരിഃ മുതൽക്കെ ശുഭമസ്തു’ പര്യന്തം ശൊല്ലൂട്ടേൻ. മാമൻ കിടുംകുവനാ? രാശാവുടെ അഷ്ടകലാശത്തുക്ക് മാമനുടെ ഡാവ്! തെരിഞ്ചിയാ?”
കേശവപിള്ള: (മാമനെ ചിലമ്പിനേത്തയച്ചതു വിഫലമായതിനാലുള്ള ദേഷ്യത്തോടുകൂടി) “കെട്ടിയെടുപ്പാൻ പാടുകിടന്നു കൊടുത്തപ്പോൾ ഈ ഡാവെല്ലാം എവിടെ പൊതിഞ്ഞുവച്ചിരുന്നു?”
മാമാവെങ്കിടൻ: “അടെ! ശെത്തുപോനാൽ എന്നത്തെത്താൻ ശെയ്‌വായ്? ‘വാണാലുക്കുടയവൻ വന്താൽ വരമാട്ടേനെന്റാൽ വിടുവാനോ ശിത്തൻ’—യോശിക്കിറതെന്നത്തെ?”
കേശവപിള്ള: “കാലൻ വന്ന് അങ്ങേടെ മധുരം ഒന്നു നക്കിയാൽ ചുട്ടുതിന്നാതെ വിട്ടേക്കുമോ, മാമാ? ഉണ്ടാൽ, പണ്ടും മലർന്നു പോകുന്ന ആളുതന്നെയാണ് അങ്ങ്! എല്ലാം കേട്ടു കഥ— ഹരിപഞ്ചാനനൻ ശ്രീകൃഷ്ണസ്വാമി! ചന്ത്രക്കാറൻ ധർമ്മപുത്രര്! അവിടത്തെ ഘോഷം രാജസൂയം! എന്നിട്ടും, ഇന്നലെ രാത്രി കണ്ടപ്പോൾ നച്ചും നാക്കുമടഞ്ഞിരുന്നു. വെളുത്തപ്പോൾ ഇതാ സ്കാന്ദമഴിച്ചിരിക്കുന്നു. അമ്പമ്പൊ! കള്ളങ്ങൾ കേട്ടു കാതു മരച്ചു.”
മാമാവെങ്കിടൻ: “ഒന്നുടെ വായിലെ പടൈത്തതെല്ലാം ശൊല്ല്.” (ശിമിട്ടുകളോടുകൂടി) “‘സ്വർണ്ണവർണ്ണമരയന്നം—മഞ്ജുനാദമിത്’—അന്തക്കഥ വരപ്പോക്കിറതു—പോകിറദൂ!” (പരുഷഭാവത്തിൽ ) “അടെ! നാൻ കള്ളുകുടിപ്പനാ, അപ്പാ? എപ്പടിയോ വിഴുന്തുട്ടേൻ! അതുക്കിവളവു ആർഭാടമാ?”
കേശവപിള്ള: “ഇരുന്നു ശൃംഗാരിക്കുന്നു! ‘വിഴുന്തുട്ടേൻ’പോലും! ഊന്നുറയ്ക്കാതെ വിഴുന്നതിനു കാരണമെന്ത്? സത്യം പറയണം. വിളമ്പിത്തന്നതാര്?”
മാമാവെങ്കിടൻ: “കരിപ്പപ്പൂ—ഇടതുകൈ—ഉണ്ടച്ചുപ്പൂ—ഏത്തൻകാ നാണു—ഇരിക്കാനെ, അവൻ—അന്ത, മുട്ടാള കുപ്പൻ—കോണച്ചാമീ—”
കേശവപിള്ള: “കുപ്പനും ചുപ്പനും മറ്റുമെല്ലാരെയും ഞാനുമറിയും. അങ്ങേ അവർക്കാർക്കും ഉരുട്ടിയിടാൻ കഴിയൂലാ. ഒന്നാമതുതന്നെ, മാമൻ നെടുമ്പുരയിലാണോ ഉണ്ടത്?”
മാമാവെങ്കിടൻ: (ചെമ്പിൽ ചട്ടുകത്തിന്റെ സംഘട്ടനമുണ്ടാകുന്ന സ്വരത്തിൽ) “അതല്ലിയോ കാലത്തെതന്നെ പറഞ്ഞത്? എത്രതരം പറഞ്ഞു? ‘മനമങ്ങും മിഴിയങ്ങങ്ങും’ എന്നു പെണ്ണെ നിനച്ചുകൊണ്ടേ ഇരുന്നിട്ട്, നമുക്കാണോ പ്രായശ്ചിത്തം വിധിക്കുന്നത്? എന്നാൽ കഥ ഒന്നുകൂടി കേൾക്കൂ. മഹാരാജാവിന്റെ പ്രതിനിധിയായി ഹരിപഞ്ചാനനയോഗിസ്വാമികൾ നമ്മെ കാൽ കഴുകിച്ചു ഗുരുപൂജയും ചെയ്തു, കുടിക്കുനീർ വാർത്ത് യഥോക്തം ബഹുമാനിച്ചു. ഊണുകഴിഞ്ഞതിന്റെശേഷം, ബഹുപുണ്യസ്ഥലങ്ങളിലെ തീർത്ഥങ്ങളും തന്നു. പിന്നീട് ഒരു കളഭക്കൂട്ട്—ജവാത്, പുനുക്, പച്ചക്കല്പൂരം—”