നങ്കകോയിക്കൽവീട്ടിന്റെ വകയായ ഇരണിയൽ തെക്കേ പൂമുഖത്തുവീടു സംബന്ധിച്ചുള്ള ഈ കഥയെ ബഹുവിധ സ്തോഭങ്ങളോട് ആ സ്ത്രീ പറയുന്നതിനിടയിൽ, കേശവപിള്ളയുടെ നേത്രങ്ങൾ ഉജ്ജ്വലിച്ചു. ഹൃദയം വികസിച്ച് വക്ഷോദേശാസ്ഥികളെ ഞെരിച്ചു. രക്തനാഡികളിൽ കൃമിസഞ്ചയങ്ങളുടെ ദ്രുതസഞ്ചാരമുണ്ടായതു പോലെ ഒരു വികാരമുണ്ടായി. ഉഗ്രരാജ്യഭിമാനിയായ രാജഭക്തശിരോമണിയുടെ നിര്യാണത്തെ അന്തശ്ചക്ഷസ്സുകൾ ദർശനംചെയ്തു. ആ മഹാപുരുഷന്റെ വർഗ്ഗത്തിൽ ജനിച്ച തന്റെ ഭാഗ്യത്തിന് അനുരൂപമായി കണ്ണുനീരു മുറവിളിയും, ആ കഥയിലെ ധീരജനയിത്രിയെത്തുടർന്ന് അകമേ സ്തംഭിച്ചു. തന്റെ അഭിനവമാതാവിന്റെ അഭീഷ്ടത്തെ സാധിച്ചുകൊടുപ്പാൻ നൈസർഗ്ഗികമായ ധൃതിയോടെ മനഃപ്രതിജ്ഞയും ചെയ്തു. എന്നാൽ, തൽക്കാലകഥയെ സംബന്ധിച്ച് അഭിപ്രായം പറഞ്ഞത് തൊണ്ട ഇടറിക്കൊണ്ടായിരുന്നെങ്കിലും, ഇങ്ങനെ ആയിരുന്നു: “അങ്ങനെയുള്ള വലിയവരോട് നമുക്കടുക്കാമോ അക്കാ? നമുക്ക് ഞാൻ ആലോചിക്കുംപോലെയും, അക്കൻ പറയുംപോലെയും തന്നിലെളിയ സംബന്ധമല്ലയോ നല്ലത്?”
ഭഗവതി: “അതെ–അതു ‘ഏട്ടിലപ്പടി’, പയറ്റില് അങ്ങനെ വേണ്ടെന്ന് ആ നീതി പറഞ്ഞ ശാസ്രിതന്നെ ചൊല്ലീട്ടൊണ്ട്. എന്തായാലും ഒന്നു ചൊല്ലുണേ–പവതി അരത്തം ഉഴിഞ്ഞു വീട്ടിനകത്തു കേറ്റണമോ, അവടെ മനമെണങ്ങിയ പെണ്ണായിരിക്കണം. കഴക്കൂട്ടത്തു പോണ കാര്യത്തിന് ഇവൾ ഇതാ തിരിച്ചു. ചെലമ്പിനേത്തിന്റെ?. . .”
കേശവപിള്ള: “നേരെ തെക്കേത്.”
ഭഗവതി: “വീട്ടുപേര്?”
കേശവപിള്ള: “അതെനിക്കറിഞ്ഞുകൂടാ.” എന്തു മായങ്ങളോ എന്നു മന്ത്രിച്ചുകൊണ്ടു കേശവപിള്ളയുടെ അപേക്ഷപ്രകാരമെല്ലാം നടത്തിവരാമെന്നു വാഗ്ദത്തവും, വിവാഹം മാത്രം തന്റെ ഇഷ്ടപ്രകാരമല്ലാതെ നടക്കയില്ലെന്ന് ഉള്ളിലടക്കിയ ഒരു നിശ്ചയവും ചെയ്ത് ഭഗവതിഅക്കനും, ഏൽക്കുന്നതിലധികം നടത്തിവരുമെന്നു സമാശ്വസിച്ച് കേശവപിള്ളയും ആ സമ്മേളനത്തെ ശുഭമായി ഉപസംഹരിച്ചു.
- “ഇപ്പോഴശുദ്ധനോ ശുദ്ധനോ ഞാനതി–
- നിപ്പാദപത്മം പ്രമാണം ദയാനിധേ!”
രാജനീതിയുടെ നിർവ്വാഹകന്മാരായ ഭടന്മാരും കാരണവരാൽ നിയുക്തരായ സുഹൃജ്ജനങ്ങളും ഒരുമിച്ച് കേശവൻകുഞ്ഞ് മന്ത്രക്കൂടത്തു പടി കടന്ന് നിദ്രാചരണംപോലെ കുറച്ചുദൂരം നടന്നപ്പോൾ പുറകോട്ടേക്കുള്ള അതിയായ ആകർഷണത്താൽ ചേഷ്ടാശൂന്യങ്ങളായ പാദങ്ങളോടുകൂടി അയാൾ ഒട്ടുനേരത്തേക്ക് വിദ്യുത്താഡിതമായ തരുശിഷ്ടംപോലെ നിന്നുപോയി. ആ യുവാവ് പ്രചണ്ഡമായ ഒരു അന്തർവ്വേദനയെ അനുഭവിക്കുന്നു എന്നു കണ്ട് രാജഭൃത്യന്മാർ അത്യുദാരോപചരണങ്ങളും ആർദ്രവചനങ്ങളുംകൊണ്ട് അതിനെ ശമിപ്പിക്കാൻ ശ്രമിച്ചു. കുലധനവിദ്യാസൗന്ദര്യാദികളിൽ കുബേരത്വംകൊണ്ട് ഇഹലോകത്തിൽ ദുസ്സാദ്ധ്യമായ കാമ്യങ്ങൾ യാതൊന്നുമില്ലെന്ന് പ്രമാദിച്ചുവന്നതിനു വിപരീതമായി, താൻ കാംക്ഷിച്ച ദാരസംസിദ്ധിപോലും ആകാശരേഖപോലെ മായിച്ചിരിക്കുന്ന ആകസ്മികമായ ഈ മഹാപരാധാരോപണം കലികാലത്തിന്റെ ധർമ്മവൈകല്യം തന്നെ എന്നു നിഗമനംചെയ്ത് അയാൾ ആശ്വാസത്തെ അവലംബിക്കേണ്ടിവന്നു. ഈ ദുഷ്പ്രവാദശനിയുടെ തൽക്കാലപാപഭാവത്തിന് ഒരുപക്ഷത്താലും മാർഗ്ഗമില്ലെന്ന് അയാൾ വിചാരിച്ചു എങ്കിലും ന്യായാധിപസർപ്പവക്ത്രത്തിൽ അകപ്പെട്ടുപോയാൽ പ്രായശ്ചിത്തകർമ്മങ്ങളല്ലാതെ വിമോചനപുണ്യകാലം ലഭ്യമല്ലെന്നുള്ള ഒരു പരവശതയും അയാളെ ബാധിച്ചു. തൽക്കാലത്തെ മാനഭ്രംശവും ദ്രവ്യനാശവും സഹനീയംതന്നെ എങ്കിലും, തന്റെ സ്ഥിതിയിലുള്ള ഒരാളിന് അപരാധത്തിന്റെ