ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സർവ്വഥാ അർഹിക്കുന്ന കവികുലശിരോമണിയും അത്യുദാരമനസ്കനും സഹൃദയസാർവഭൗമനും ആയ കേരളവർമ വലിയകോയിത്തമ്പുരാൻ തിരുമനസ്സിനോടും, സാഹിത്യരസികൻമാരിൽവെച്ച് അഗ്രഗണ്യനും വിദ്വജ്ജനസുഹൃത്തും, കുശാഗ്രബുദ്ധിയും, സൗജന്യദയാനിധിയും, കൊച്ചി രാജവംശത്തിൽ അലങ്കാരഭൂതതനും ആയ രാമവർമ്മ കൊച്ചുതമ്പുരാൻ തിരുമനസ്സിനോടും, പ്രകടനാധികൃതൻമാരായ ഞങ്ങളെപ്പോലെ മറ്റു കേരളീയരും അത്യന്തം കൃതജ്ഞയുള്ളവരായിരിക്കേണ്ടതാണ്. ഈ മഹാത്മാക്കളുടെ തൂലികകളിൽ ന്ന്നു പുറപ്പെട്ടിട്ടുള്ള അവതാരികയും മുഖവുരയും ഈ പുസ്തകത്തെ എത്രമാത്രം പ്രശോഭിപ്പിക്കുന്നു എന്നുള്ളതിൽ അഭിജ്ഞൻമാരുടെയിടയിൽ ഭിന്നാഭിപ്രായത്തിന് അവകാശമുണ്ടെന്നു ഞങ്ങൾക്കു തോന്നുന്നില്ല.

ഞങ്ങളുടെ ഉദ്ദേശശുദ്ധിക്കായിട്ട് ഞങ്ങൾക്കു ചെയ്തിട്ടുള്ള അനർഘമായ സദുപദേശത്തിന് വിദ്വന്മൗലിയും, ഭാഷാവിഷയത്തിൽ സർവോപരി പ്രമാണഭൂതനും, മഹാനുഭാവനും സർവ്വസമ്മതനും, മലയാളഭാഷയ്ക്കു അമൂല്യമായ സ്വത്തിനെ സമ്പാദിച്ചിട്ടുള്ള മഹാനും, കുശാഗ്രബുദ്ധിയും ആയ എ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ എം. എ. , എം ആർ. എ. എസ്സ്. തിരുമനസ്സിനോടും "വിദ്യാവിനോദിനി" പ്രസ്താപകനും സാഹിത്യരസജ്ഞൻമാരിൽ വെച്ചു അദ്വിതീയനും മലയാളത്തിൽ അദൃഷ്ടപൂർവ്വവും ആസ്വാദ്യതമവുമായ ഒരു ഗദ്യരചനാരീതിയെ പ്രദർശിപ്പിച്ചു സഹൃദയഹൃദയാഹ്ളാദനം ചെയ്ത ദേഹവും ആയ സി. പി. അച്യുതമേനോൻ ബി. ഏ., അവർകളോടും ഞങ്ങൾ പ്രത്യേകം കൃതജ്ഞതയുള്ളവരായിരിക്കുന്നു.

പൊതുജനസുഹൃത്തും ഉദാരശീലനും ധർമ്മൈകതൽപ്പരനും ആയ മ. രാ. രാ. പള്ളിയിൽ ഗോപാലമേനോൻ ബി. ഏ. അവർകൾ "വിദ്യാവിനോദിനി" യിൽ നിന്നു ലേഖനങ്ങൾ യഥോചിതം തെരഞ്ഞെടുത്തു പുസ്തകരൂപമായി പ്രസിദ്ധീകരിയ്ക്കുന്നതിന് ഞങ്ങൾക്കു അനുവാദം തന്നതിനേക്കുറിച്ചു ഞങ്ങൾ പ്രതേകം ഉപകാരസ്മരണയോടുകൂടെ ഇവിടെ പ്രസ്താവിച്ചുകൊള്ളുന്നു.

ഞങ്ങൾ പ്രസിദ്ധപ്പെടുത്തുന്ന ഗ്രന്ധാവലിയിൽ യഥോചിതലേഖനങ്ങൾ തെരഞ്ഞടുത്തു ഞങ്ങളെ സഹായിച്ചുകൊണ്ടിരിയ്ക്കുന്ന, മുൻപറഞ്ഞ വിദ്വാൻമാരായ ഞങ്ങളുടെ മാന്യമിത്രങ്ങളോടുള്ള കൃതജ്ഞതയെ ഞങ്ങൾ ഇവിടെ പ്രകാശിപ്പിച്ചില്ലെങ്കിൽ ഞങ്ങൾ കൃതകൃത്യൻമാരാകുന്നതല്ല.

പ്രകടനാധികൃതർ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/21&oldid=159715" എന്ന താളിൽനിന്ന് ശേഖരിച്ചത്