ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

റുത്തുന്നതിനു ധാരാളം മതിയാകുന്നവരാണ്. എന്നാൽ എന്റെ സന്തതികളും അങ്ങേയ്ക്കു അന്യഭാര്യമാരിൽ ജനിക്കുന്ന സന്തതികളും തമ്മിൽ രാജ്യാധികാരത്തിനു വേണ്ടി കലഹിക്കാതിരിക്കുന്നതിനു അന്യസ്ത്രീകളിൽ ഇനിയും പുത്രോല്പാദനത്തിനു ശ്രമിക്കരുതെന്നാണ് എന്റെ ഒന്നാമത്തെ അപേക്ഷ. പിന്നെ എന്റെ ശവകുടീരത്തിൽ ഭൂലോകത്തിലേക്ക് ഏറ്റവും വിശിഷ്ടതരമായ ഒരു സൌധം പണിയിക്കണമെന്നാണ് രണ്ടാമതായി എനിക്കുള്ള അപേക്ഷ'. ഇത്രയും പറഞ്ഞതിന്റെ ശേഷം ഉടനെ രാജ്ഞി ദറാറാ എന്ന അവസാനപുത്രിയെ പ്രസവിക്കുകയും ഇഹലോകവാസത്തെ ഉപേക്ഷിക്കുകയും ചെയ്തു. ഇതു കേവലം മിഥ്യാകഥയാണെന്നൊരഭിപ്രായമുണ്ടെങ്കിലും സമാനകാലീനനായ ഹഫ്ദുൾഹാമിഡലാഗ്രറി എന്ന ചരിത്രഗ്രന്ഥകാരൻ ഈ സ്ത്രീയുടെ മരണസന്ദർഭത്തെ ഇപ്രകാരം വിവരിച്ചിരിക്കുന്നു. 'രാജ്ഞി മരിച്ചുപോകുമെന്നു അവൾക്കു തന്നെ ബോധം വന്നപ്പോൾ ജഹാനറാ എന്ന രാജകുമാരിയെ പറഞ്ഞയച്ചു. ചക്രവർത്തിയെ തന്റെ സമീപത്തിലേക്കു വിളിപ്പിക്കുകയും ചക്രവർത്തി വളരെ ദു:ഖത്തോടും പരിഭ്രമത്തോടും അവളുടെ അടുക്കൽ വരികയും ഉടനെ അവളുടെ സന്താനങ്ങളേയും മാതാവിനേയും ചക്രവർത്തിയെ പറഞ്ഞേല്പിച്ചിട്ടു പ്രകൃതിയുടെ പന്ഥാവിനെ പിന്തുടരുകയും ചെയ്തു

ഷാജിഹാൻ തന്റെ പ്രിയതമയുടെ വിയോഗത്തെപ്പറ്റി അതികഠിനമായി ദു:ഖിച്ചു. ഒരു വാരത്തേയ്ക്കു തന്റെ മനസ്സിനെ രാജ്യകാര്യങ്ങളിലേയ്ക്കു നയിപ്പിക്കുന്നതിനെന്നല്ല, സഭാമണ്ഡപത്തിന്റെ വാതായനങ്ങളിൽ തന്റെ ദൃഷ്ടിയെ അതിലേയ്ക്കു പതിപ്പിക്കുന്നതിനുപോലുംഅദ്ദേഹത്തിനു ശക്തിയുണ്ടായില്ല. രാജത്വം സ്വേച്ഛപോലെ ഒഴിക്കാൻ പാടില്ലാത്തവണ്ണം പരിശുദ്ധമായിരുന്നു എങ്കിൽ ആ അവസരത്തിൽ താൻ ഒരു ഫക്കീർ ആയിത്തീരുമെന്നായിരുന്നു എന്നു അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ടത്രേ. ഇതിനുശേഷം അദ്ദേഹം വിവിധവർണ്ണങ്ങളായ വസ്ത്രങ്ങളേയും സൌരഭ്യമുള്ള സാധനങ്ങളേയും ആഭരണങ്ങളേയും ഉപയോഗിക്കാതെ ആയി. പ്രതിവർഷം നടത്താറുള്ള കിരീടധാരണോത്സവദിവസത്തിലും ജന്മനക്ഷത്രദിവസത്തിലും ഉപയോഗിച്ചുവന്ന പാട്ടും സംഗീതവുമെല്ലാം അദ്ദേഹത്തിന്റെ കർണ്ണങ്ങൾക്കു ശവസംസ്ക്കാരകീർത്തനംപോലെ തോന്നിയതിനാൽ അതും ഉപേക്ഷിക്കേണ്ടിവന്നു. എണ്ണത്തിൽ ൨0-ൽ അധികം രോമങ്ങൾ നരച്ചിട്ടില്ലാതിരുന്ന അദ്ദേഹത്തിന്റെ താടിമീശ അധികകാലതാമസമെന്യെ എല്ലാം നല്ല വെള്ളിക്കമ്പികൾപോലെ ആയിത്തീർന്നു. തന്റെ പട്ടമഹിഷിയുടെ ശവകുടീരത്തെ സന്തർശിക്കുന്ന ഓരോ അവസരത്തിലും അദ്ദേഹത്തിന്റെ നയനങ്ങളിൽ നിന്നു നദീപ്രവാഹംപോലെ അശ്രുക്കൾ പുറപ്പെടുകയും തന്റെ ജീവനു യാതൊരു രസവുമില്ലെന്നും അദ്ദേഹം പറഞ്ഞു വിലപിക്കുകയും ചെയ്തുകൊണ്ടിരുന്നു. അദ്ദേഹം അന്ത:പുരത്തിൽ പ്രവേശിച്ചാൽ ഉടനെ 'ഇവിടെ യാതൊരുത്തരുടേയും മുഖസന്ദർശനം എന്നെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/106&oldid=159725" എന്ന താളിൽനിന്ന് ശേഖരിച്ചത്