നാം ശ്വസിക്കുവാനുള്ള വായു സ്വീകരിക്കുന്നതു
ചുറ്റുമുള്ള അന്തരീക്ഷത്തിൽ നിന്നാണെന്നു പഠിച്ചുവല്ലൊ.
ഈ അശുദ്ധവായുവിനെ ബഹിഷ്കരിക്കുന്നതും
അന്തരീക്ഷത്തിലേയ്ക്കും തന്നെയാണു്. നമ്മുടെ
ചുറ്റും അന്തരീക്ഷവായു നിറഞ്ഞു കിടക്കുന്നു. കാറ്റടിക്കുമ്പോൾ ഇലകളും കടലാസുകളും മറ്റും ചലിക്കുന്നതു കാണാറില്ലെ? വെള്ളത്തിന്റെ ചലനങ്ങൾ കല്ലോലങ്ങളും തിരമാലകളുമായി കാണാറുണ്ടല്ലോ. അതുപോലെ നമ്മുടെ ചുറ്റും നിറഞ്ഞു കിടക്കുന്ന അന്തരീക്ഷവായുവിന്റെ ചലനങ്ങളാണ് ഇളം കാറ്റുകളും കൊടുങ്കാറ്റുകളുമായിത്തീരുന്നതു്.
മത്സ്യങ്ങൾ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതുപോലെ നാം അന്തരീക്ഷവായുവിൽ മുങ്ങിക്കിടക്കുകയാണെന്നു പറയാം. നാം അധിവസിക്കുന്ന സ്ഥലങ്ങളിലെല്ലാം വായു നിറഞ്ഞു കിടക്കുന്നതു കൊണ്ടാണു് സുഗന്ധങ്ങളോ ദുർഗ്ഗന്ധങ്ങളോ പെട്ടെന്നു പരന്നു വീശുന്നതു്. ശബ്ദങ്ങൾ വ്യാപിക്കുന്നതും വായുവിലൂടെയാണു്. വായു ചുറ്റുപാടും നിറഞ്ഞു കിടക്കുന്നുണ്ടെന്നു മാത്രമല്ല, വെള്ളത്തിനു ഭാരമുള്ളതു പോലെ വായുവിനും ഭാരമുണ്ട്. നിങ്ങൾ വർണ്ണപ്പകിട്ടുള്ള നേമ്മയേറിയ റബ്ബർ ബലൂണുകൾ ഊതിവീർപ്പിച്ചു രസിച്ചിട്ടുണ്ടാകുമല്ലൊ.