പാഠം 6
കുതിര
ശക്തിയും അഴകുംകൊണ്ടു് നമുക്കു വളരെ പ്രിയപ്പെട്ട ഒരു വളർത്തു മൃഗമാണ് കുതിര. റഷ്യയിലേയും
അമേരിക്കയിലേയും പുൽപ്രദേശങ്ങളിൽ കുതിരകൾ
ഇപ്പോഴും കൂട്ടംകൂട്ടമായി ഏറക്കുറെ വന്യാവസ്ഥയിൽ
ജീവിക്കുന്നുണ്ടു്. എങ്കിലും നാം കാണാറുള്ള കുതിരകൾ
അനേകം തലമുറകളായി നാട്ടിൽ വളർത്തിയെടുക്കപ്പെട്ടവയാണു്. അറബിക്കുതിരയാണു് ഇവയിൽ വെച്ചു് ഏററവും മെച്ചപ്പെട്ടതു്.
സ്പ്രിംഗുകൾപോലെ കരുത്തേറിയ മാംസപേശികളുള്ള നീണ്ട അയവുള്ള ശരീരവും നീണ്ടുമെലിഞ്ഞ കാലുകളും കുതിരയ്ക്കുണ്ടു്. പാദാഗ്രത്തിൽ ഒരു വിരലും
അതിനെ ആവരണം ചെയ്തു ഒറ്റക്കുളമ്പും മാത്രമേ ഉള്ളൂ.
കല്ലുപോലെ കടുപ്പമുള്ള ഒറ്റക്കുളമ്പുകൾ നിലത്തുപതിച്ചു നീണ്ട ബലിഷ്ഠങ്ങളായ കാലുകൾകൊണ്ടു് കുതിച്ചു്
അതിവേഗം പായുവാൻ കുതിരയ്ക്കു കഴിയും. സസ്യാഹാരമാണു് കഴിക്കാറെങ്കിലും കുതിര അയവിറക്കുന്നില്ല. അതിനാൽ ആമാശയത്തിനു് ഒരറ മാത്രമേ ഉള്ളൂ.
മേൽവരിയിലും കീഴ് വരിയിലും മുൻവശത്തു്
ഉളിപ്പല്ലുകൾ ഉണ്ടു്. ഭക്ഷണം ചവച്ചരയ്ക്കുവാൻ
നല്ല കട്ടിയുള്ള അണപ്പല്ലുകളും രണ്ടു വരിയിലുമുണ്ടു്.