നീണ്ട കഴുത്തും നാവും കനത്ത ചുണ്ടുകളും ഇലകൾ എത്തിപ്പിടിക്കാനും താഴത്തു് നിലനിരപ്പിലുള്ള പുല്ലു
വായിലേയ്ക്കടക്കിയെടുക്കാനും സഹായിക്കുന്നു.
ചെറിയ കൂർത്ത ചെവികൾ സൂക്ഷ്മ ശ്രവണത്തിനു
യോജിച്ചവയാണ്. കഴുത്തിന്റെ മേലരുകിലും വാലിലും
നീണ്ടു മിനുത്ത രോമങ്ങൾ സമൃദ്ധമായുണ്ട്.
രോമങ്ങൾ തെഴുത്ത വാൽകൊണ്ടു് ഈച്ചകളേയും മറ്റു കീടങ്ങളേയും ശരീരത്തിൽനിന്നു് ആട്ടിക്കളയുവാൻ സാധിക്കും.
ഉഴുവാനും ഭാരം വഹിക്കുവാനും ഭാരം വലിക്കാനുമാണു് കുതിരയെ ഉപയോഗിക്കാറ്. ഭാരംവഹിക്കുന്ന കാൎയ്യത്തിൽ ഇതേ വൎഗ്ഗത്തിൽപെട്ട കഴുതയാണു മുൻപന്തിയിൽ നിൽക്കുന്നതു്. യന്ത്രങ്ങളുടെ ആഗമനത്തോടു കൂടി കുതിരകളെകൊണ്ടുള്ള ആവശ്യവും ചുരുങ്ങിയിട്ടുണ്ട്. എന്നാൽ നല്ല ബുദ്ധിശക്തിയും ഇണക്കവും ശരീര ബലവും സൌന്ദര്യവുമുള്ള ഈ മൃഗങ്ങളെ സവാരിക്കും പന്തയത്തിനും വേണ്ടി വളർത്തുന്നതിൽ അശ്വപ്രിയന്മാർക്കു ഇനിയും വളരെക്കാലത്തേയ്ക്ക് താൽപൎയ്യമുണ്ടായിക്കൊണ്ടിരിക്കും