പാഠം 8
വളർത്തു മൃഗങ്ങൾ
(തുടർച്ച)
പൂച്ച
വീട്ടിന് പുറത്തു് നമ്മുടെ ചങ്ങാതിയാണു നായ എങ്കിൽ വീട്ടിനകത്തെ ഓമനയാണ് പൂച്ച. നായ യജമാനനെ സ്നേഹിക്കുന്നു, പൂച്ച വീടിനെ സ്നേഹിക്കുന്നു എന്നൊരു പഴഞ്ചൊല്ലുപോലുമുണ്ടു്.
കാഴ്ചയ്ക്കു വളരെ സൌമ്യതയുള്ള ജന്തുവാണെങ്കിലും പൂച്ച അതിഭയങ്കരന്മാരുടെ വർഗ്ഗത്തിൽ പെട്ടതാണ്. സിംഹം, കടുവാ, പുള്ളിപ്പുലി, കാട്ടുപൂച്ച മുതലായവ മാർജ്ജാരവംശത്തിൽപെടുന്നു. ഈ വംശക്കാർ സ്വാഭാവികമായി മാംസഭോജികളാണു്. വൃത്താകൃതിയിലുള്ള മുഖവും ദീർഘമായ ഉടലും താരതമ്യേന കുറിയ കാലുകളുമാണു ഇവയ്ക്കുള്ളത്. ഉടലിന് കരുത്തും അയവും ഉള്ളതിനാൽ യഥേഷ്ടം തിരിയാനും വളയാനും സാധിക്കും.
വായിലെ ഉളിപ്പല്ലുകൾ ചെറുതാണു്. മേലും കീഴും ഈരണ്ടു ദംഷ്ട്രകൾ വീതം നീണ്ടുവളഞ്ഞു കൂർത്തു നിൽക്കുന്നു. അണപ്പല്ലുകൾ മേൽവരിയിൽ എട്ടെണ്ണമുണ്ടെങ്കിലും കീഴ്വരിയിൽ ആറെണ്ണമേ ഉള്ളൂ. മേലും കീഴുമുള്ള മൂന്നാമത്തെ അണപ്പല്ലുകൾ കത്രികകൾപോ