ഇതിനു വളരെ ഗുണമുണ്ടെന്നു വിചാരിക്കുന്നതിനാൽ വേനല്ക്കാലത്തു് ഇവിടെ കുളിച്ചു താമസിക്കുന്നതിനു് അനവധി ആളുകൾ എത്തുന്നുണ്ടു്. ആലുവായ്ക്കു മുകളിൽ ഏകദേശം ൪൦-മൈൽ ദൂരത്തോളം വള്ളങ്ങൾ കൊണ്ടുപോകാം.
ഈ ആറു വളഞ്ഞു വളഞ്ഞു ഒഴുകുന്നതുകൊണ്ടു് ഇതിൽ അനേകം ദ്വീപുകൾ ഉണ്ടായിരിക്കുന്നു.
പെരിയാറ്റിനു് ഒരു വിശേഷപ്രസിദ്ധി ഉണ്ടായിട്ടുണ്ടു്. മുല്ലപ്പെരിയാറ്റിനു് ഏകദേശം ൭-മൈൽ പടിഞ്ഞാറു് ഒരു വലിയ ഇടുക്കിൽ കൂടിയാണു് നദി ഒഴുകുന്നതു്. ഇവിടെ ഇരുവശങ്ങളിലുള്ള പൊക്കം കൂടിയ കുന്നുകളെ തമ്മിൽ യോജിപ്പിക്കുന്നതിനു് ആറ്റിനു കുറുക്കെ ഒരു അണ കെട്ടിയിട്ടുണ്ടു്. ഇതാണു് പ്രസിദ്ധപ്പെട്ട പെരിയാറണ. അണയ്ക്കു മുകളിൽ വെള്ളം കെട്ടിനിന്നു കായൽപോലെ വിസ്താരത്തിൽ പരന്നുകിടക്കുന്നു. ഇതു നിമിത്തം ഇവിടത്തെ വെള്ളത്തിന്റെ ഗതിയെ മാറ്റി നൂതനമായി വെട്ടപ്പെട്ട ഒരു കാൽവഴി കിഴക്കോട്ടു പാണ്ടിയിലേക്കു വെള്ളം കൊണ്ടു പോകപ്പെടുന്നു. ഈ കാലു് അല്ലെങ്കിൽ പുത്തനാറു മധുര ജില്ലയിലെ വൈഗയാറ്റിലാണു് ചെന്നുചേരുന്നതു്. അണയ്ക്കു ൧,൨൦൦ അടി നീളവും ൧൬൦-അടി പൊക്കവുമുണ്ടു്. പുത്തനാറു കിഴക്കോട്ടു കടക്കുന്നതു മല തുരന്നുണ്ടാക്കീട്ടുള്ള ഏകദേശം ഒരു മൈൽ നീളമുള്ള ഒരു തുരങ്കത്തിൽ കൂടിയാകുന്നു. മധുരജില്ലയിൽ മരുഭൂമികളായിക്കിടന്ന അനേകം സ്ഥലങ്ങൾ ഇതിനാൽ വിലയേറിയ കൃഷിസ്ഥലങ്ങളായി ഭവിച്ചിട്ടുണ്ടു്.
അണയ്ക്കു മുകളിൽ ൧൩൪ ച. മൈൽ സ്ഥലം കുളമായിട്ടു വെള്ളം കെട്ടിനിൽക്കുന്നു. ഇതിലേക്കായി ൮,൦൦൦ ഏക്കർ സ്ഥലം ൪൦, ൦൦൦ രൂപാ പാട്ടത്തിനു് ഇവിടുന്നു ബ്രിട്ടീഷ് ഗവണ്മെന്റിനു കൊടുത്തിട്ടുണ്ടു്.
ഇപ്പോൾ ആലുവായ്ക്കു് അല്പം മുകളിൽനിന്നു പെരിയാറ്റിലെ വെള്ളം കുഴൽവഴി കൊച്ചിയിലെ തലസ്ഥാനമായ എറണാകുളത്തു കൊണ്ടുപോകപ്പെടുന്നു.
പെരിയാറ്റിനെ സംബന്ധിച്ചു് ഒന്നുരണ്ടു വിശേഷസംഗതികൾ കൂടിയുണ്ടു്. മുതിരപ്പുഴയുമായുള്ള സംഗമത്തിനടുത്തു കൊക്കറണിപ്പാറയിൽകൂടി നൂറടിപൊക്കത്തിനു മേൽ അരുവിയായി വീഴുന്നതും അവിടന്നു കുറച്ചുകൂടി ചെന്നിട്ടു് ഒരു പാറയ്ക്കടിയിൽ കൂടി ഒഴുകി കുറേദൂരം കാഴ്ചയിൽനിന്നു മറഞ്ഞതിന്റെശേഷം മറ്റൊരു ഭാഗത്തു തിരിയെ വെളിയിൽ പുറപ്പെടുന്നതും വളരെ വിശേഷമായ കാഴ്ചകളാണു്. നേർയ്യമംഗലം, മലയാറ്റൂർ, ചേരാനല്ലൂർ,