ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

താമ്രവർണ്ണിയിൽ കുഴിത്തുറയും തിരുവട്ടാറ്റും പൊന്മനയും പാലങ്ങൾ പണിയിച്ചിട്ടുണ്ടു്.

൧൨. കോതയാറു്:-താമ്രവർണ്ണിയുടെ പോഷകനദിയാണു് കോതയാറു്. ഇതു മൊട്ടച്ചിമലയ്ക്കു മുകളിലുള്ള മുത്തുക്കുഴിവയൽ ഉന്നതതടത്തിന്റെ ചരുവിൽനിന്നും പുറപ്പെട്ടു വിളവൻകോടുതാലൂക്കിൽകൂടി ഒഴുകി തിരുവട്ടാറ്റിനു് അല്പം പടിഞ്ഞാറുവച്ചു താമ്രവർണ്ണിയിൽ ചേരുന്നു. ഇതിലെ ഒഴുക്കു ബഹുശക്തിയായിട്ടുള്ളതാണു്. അരുവികൾ ധാരാളമുണ്ടു്. തൃപ്പരപ്പിനു സമീപത്തു വിശേഷപ്പെട്ടതായ ഒരു അരുവിയുണ്ടു്. ഇതിന്റെ പേർ ഭദ്രകാളി അരുവി എന്നാണു്. തെക്കൻഡിവിഷനിലെ കൃഷിക്കു വേണ്ട വെള്ളത്തിനു് ഇപ്പോൾ കെട്ടപ്പെട്ടിട്ടുള്ള പേച്ചിപ്പാറഅണ ഈ ആറ്റിന്റെ മേൽഭാഗത്താണു്. അണയ്ക്കു് ഏകദേശം ൧൪൦൦ (ആയിരത്തിനാനൂറു്) അടി നീളവും ൧൧൫ അടി പൊക്കവുമുണ്ടു്. മുകളിൽ ഉദ്ദേശം നാലു ചതുരശ്രമൈൽ വെള്ളം കെട്ടി വലിയ തടാകമായിക്കിടക്കുന്നു. ഇതിന്റെ ഇടത്തെ ചാൽവഴി വെള്ളം പൊന്മന അണയിലേയ്ക്കും അവിടുന്നു നാഞ്ചിനാട്ടേയ്ക്കും കൊണ്ടുപോകപ്പെടുന്നു. ഈ അണനിമിത്തം കോതയാറ്റിലെ വെള്ളം അധികം നിഷ്ഫലമായി പോകുന്നില്ല. നീളം ൨൦-മൈൽ. തീരസ്ഥലങ്ങൾ:-കളിയൽ, തൃപ്പരപ്പ്, അരുമന. നാടുനീങ്ങിയ വിശാഖം തിരുനാൾ തിരുമനസ്സുകൊണ്ടു് കല്പിച്ചു പണികഴിപ്പിച്ചിട്ടുള്ള ഒരു മണ്ഡപം തൃപ്പരപ്പിനു സമീപത്തു് ആറ്റിന്റെ നടുവിലായിട്ടുണ്ടു്.

൧൩. പഴയാറു് അല്ലെങ്കിൽ വടശ്ശേരിയാറു്:-ഇതു മഹേന്ദ്രഗിരിയുടെ താഴ്വരയിലുള്ള രണ്ടാംവരി മലകളിൽ നിന്നും പുറപ്പെട്ടു് തോവാള, അഗസ്തീശ്വരം ഈ താലൂക്കുകളിൽക്കൂടി മിക്കവാറും തെക്കോട്ടായി ഒഴുകി മണക്കുടിക്കായലിൽ ചെന്നുചേരുന്നു. ഇതിലെ വെള്ളം ഒട്ടുമിക്കവാറും കൃഷിക്കുപയോഗമായി ഭവിക്കുന്നുണ്ടു്. താമ്രവർണ്ണിയുടെ അണകളിൽനിന്നു ചാലുകൾവെട്ടി ഇതിലേയ്ക്കു വെള്ളം പായിക്കുന്നു. പ്രധാന ചാലാണു് പാണ്ടിയൻകാലു്. പഴയാറും കായലുകളും ഉൾപ്പെട്ട പ്രദേശത്തെ 'നാഞ്ചിനാടു്' എന്നുവിളിക്കുന്നു. ഈആറ്റിലെ വെള്ളമാണു് നാഞ്ചിനാട്ടിലെ വിളവിനു മുഖ്യകാരണമായി ഭവിക്കുന്നതു്. ഇതിലെ വെള്ളം മതിയാകാത്തതുകൊണ്ടു മറ്റു നദികളിലും അണകൾ കെട്ടി ഇതിലേക്കു വെള്ളം പായിക്കുന്നതിനു വേലകൾ ചെയ്തിരിക്കുന്നു. നീളം ൨൩-മൈൽ--തീരസ്ഥലങ്ങൾ:-ഭൂതപ്പാണ്ടി, ഒഴുകിണശ്ശേരി, നാഗർകോവിൽ, കോട്ടാറു്, ശുചീന്ദ്രം, താമരക്കുളം.

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/25&oldid=160081" എന്ന താളിൽനിന്ന് ശേഖരിച്ചത്