ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലിയതുറ' ഗണ്യമായ ഒരു തുറമുഖമായി ഭവിച്ചിരിക്കുന്നു. സദാ കാറ്റുകൊണ്ടു ക്ഷോഭിച്ചിരിക്കുന്നതായ കന്യാകുമാരിക്കു വടക്കായി ലീപുരത്തിനടുത്തു ശ്രീമുലപുരത്തു് ഒരു തുറമുഖം സ്ഥാപിക്കാൻ ചെയ്ത ശ്രമം ഫലവത്തായില്ല. കുളച്ചലിനു സമീപം മുട്ടത്തും കൊല്ലത്തു തങ്കശ്ശേരിയിലും ആലപ്പുഴയും ഓരോ ദീപസ്തംഭം പണികഴിപ്പിച്ചിട്ടുണ്ടു്. തിരുവനന്തപുരത്തും ആലപ്പുഴയും ഓരോ കടൽപ്പാലവും തീർത്തിട്ടുണ്ടു്.

തീരസ്ഥലങ്ങളിൽ ചിലേടത്തു സമുദ്രംകയറി ആക്രമിച്ചിട്ടുള്ളതായും മറ്റു ചിലേടത്തു പിൻവാങ്ങിയിട്ടുള്ളതായും കാണുന്നുണ്ടു്. തൃക്കുന്നപ്പുഴ കടപ്പുറത്തു തിരമാലകളുടെ ഇടയിൽകൂടി ചിലപ്പോൾ കാണാവുന്ന ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും പുറക്കാട്ടു കാണാവുന്ന കോട്ടയുടെ അംശങ്ങളും കടൽകയറിയതിനുള്ള ലക്ഷ്യങ്ങളാണു്. ഇരണിയൽ ചിലേടത്തും അമ്പലപ്പുഴയും സമുദ്രം പിൻവാങ്ങിയതായും കാണുന്നു. ഈയിടെ കൊല്ലത്തു തങ്കശ്ശേരിയിലും കല്ക്കുളത്തു കുളച്ചലിലും സമുദ്രം ആക്രമിച്ചു വളരെ നാശങ്ങൾ ചെയ്തിട്ടുണ്ടു്. സമുദ്രതീരത്തു് അവിടവിടെ ഭഗവതി ക്ഷേത്രങ്ങൾ ഉണ്ടു്. ഇവയും മലവാരത്തുള്ള ശാസ്താക്കളും പരശുരാമപ്രതിഷ്ഠകളാണെന്നു ഊഹിക്കപ്പെട്ടിരിക്കുന്നു.


അദ്ധ്യായം ൫

കാലാവസ്ഥ

ഇവിടെ സൂര്യന്റെ ഗതി മിക്കവാറും ആകാശമദ്ധ്യത്തിൽ കൂടിയാണല്ലോ. അതുകൊണ്ടു ഭൂമിക്കും വായുവിനും സാമാന്യത്തിലധികം ചൂടുണ്ടായിരിക്കണമെന്നൂഹിക്കാം. എന്നാൽ വാസ്തവം അങ്ങനെ അല്ല. ഇവിടെ സൂര്യൻ നിമിത്തമുള്ള ചൂടിനെ കുറയ്ക്കുന്നതിനും ശീതോഷ്ണാവസ്ഥയെ ക്രമപ്പെടുത്തുന്നതിനും പല കാരണങ്ങൾ ഉണ്ടു്. അവയിൽ പ്രധാനം ഭൂമിയുടെ നിരപ്പില്ലായ്മയും, പടിഞ്ഞാറുള്ള സമുദ്രത്തിന്റെ കിടപ്പും, കിഴക്കൻ മലകളുടെ സ്ഥാനവും, കാറ്റിന്റെ ഗതിയും, മഴയുടെ ആധിക്യവുമാകുന്നു. സമുദ്രനിരപ്പിനോടു ഒത്തുകിടക്കുന്ന പരന്ന പ്രദേശങ്ങളിലെ ശീതോഷ്ണാവസ്ഥ മിക്കവാറും സമനിലയിൽ സുഖകരമായിട്ടുള്ളതാണു്. സ്ഥലത്തിനു പൊക്കം കൂടുന്തോറും ഉഷ്ണം കുറഞ്ഞുകുറഞ്ഞും ശീതം കൂടിക്കൂടിയും വരുന്നു. ഏറ്റവും പൊക്കം കൂടിയ അഗസ്ത്യകൂടത്തിലേയും മറ്റും തണുപ്പു് അസഹ്യമാണു്.

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/32&oldid=160089" എന്ന താളിൽനിന്ന് ശേഖരിച്ചത്