ഏകദേശം മൂവായിരം അടി പൊക്കത്തിലുള്ള പീരുമേടു മുതലായ പ്രദേശങ്ങളിലെ ശീതോഷ്ണാവസ്ഥ തണുത്ത രാജ്യക്കാരായ യൂറോപ്യന്മാർക്കു ആനന്ദപ്രദമാകുന്നു. പരന്നു കിടക്കുന്ന താണ പടിഞ്ഞാറൻ ഭാഗങ്ങളിൽ അത്യുഷ്ണവും അതിശീതവും ബാധിക്കാറില്ല. എന്നാൽ പർവതനിരകളുടെ ഇടയ്ക്കുള്ള താഴ്വരകളിൽ വേനൽക്കാലത്തു് അത്യുഷ്ണവും തണുപ്പുകാലത്തു് അതിശീതവും ബാധിക്കാറുണ്ടു്. ദേശഭേദംകൊണ്ടുള്ള വ്യത്യാസങ്ങൾക്കു പുറമേ സമയഭേദംകൊണ്ടും കാലഭേദംകൊണ്ടും ശീതോഷ്ണാവസ്ഥയ്ക്കു മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടു്. ഓരോ ദിവസവും അതിരാവിലെ ഏകദേശം ൫ മണിക്കാണു തണുപ്പു കൂടുതൽ കാണുന്നതു്. ചൂടിന്റെ ആധിക്യം ഉച്ചതിരിഞ്ഞു് ഒന്നരമണി സമയത്താണു്. കാലഭേദംകൊണ്ടുള്ള മാറ്റവും ഇപ്രകാരം തന്നെ. വൃശ്ചികം പകുതി മുതൽ കുംഭം പകുതിവരെയാണു് രാത്രി തണുപ്പു കൂടുതൽ ഉള്ളതു് ചൂടിന്റെ ആധിക്യം കുംഭം പകുതി മുതൽ മേടം പകുതിവരെ കാണപ്പെടുന്നു. ശീതോഷ്ണാവസ്ഥയെ അളന്നു നിശ്ചയിക്കുന്നതിനു രസം നിറച്ച "തെർമാമീറ്റർ" എന കണ്ണാടിക്കുഴലാണു് ഉപയോഗിക്കുന്നതു്. ചൂടു കൂടുംതോറും ഈ കുഴലിലുള്ള രസം മേല്പോട്ടു കയറുകയും കുറയുന്തോറും കീഴ്പ്പോട്ടു താഴുകയും ചെയ്യുന്നു. ഏറ്റക്കുറച്ചിലിനെ കണക്കു കൂട്ടുന്നതു കുഴലിന്റെ പുറമേയുള്ള ഡിഗ്രി എന്ന വരകളാണു്. ഇതുകൊണ്ടു നിർണ്ണയപ്പെടുത്തിയതിൽ ഇവിടത്തെ ശരാശരി ശീതോഷ്ണാവസ്ഥ ൭൮ ഡിഗ്രിയാണു്. മലയുടെ അടിവാരങ്ങളിൽ വേനൽക്കാലത്തു ൧൦൦ ഡിഗ്രിവരെ കൂടുകയും തണുപ്പുകാലത്തു കൊടുമുടിയുടെ മുകളിൽ ൨൦ ഡിഗ്രിവരെ കുറയുകയും ചെയ്യുന്നു. ഇവിടുത്തെ ആകാശവായു നനവുള്ളതാണു്. പൊതുവിൽ വിചാരിക്കുന്നതായാൽ ശീതോഷ്ണാവസ്ഥ "നനവുള്ള ഉഷ്ണം" എന്നു പറയാം. ഇതു മനുഷ്യരുടെ ശരീരബലത്തിനും ഉന്മേഷത്തിനും ഹാനികരമാണു്.
ഇവിടെ പടിഞ്ഞാറു വശത്തുള്ള സമുദ്രത്തിൽനിന്നും മിക്കവാറുംകാലം കിഴക്കോട്ടു കാറ്റു വീശിക്കൊണ്ടിരിക്കുന്നു. ഈ കാറ്റു നീരാവിയോടു കലർന്നതാണു്. ഇതിനെ കിഴക്കൻ മലകൾ തടുത്തു് അപ്പുറത്തു കടക്കാതെ സൂക്ഷിച്ചുകൊള്ളുന്നു. കാറ്റിലുള്ള ഈ നീരാവി തണുത്തിട്ടാണു് മഴ പെയ്യുന്നതു്. അതുകൊണ്ടു നമ്മുടെ കിഴക്കൻ മലങ്കോട്ടകൾ നിമിത്തം ഇവിടെ വർഷം ധാരാളമുണ്ടാകുന്നു. ഇടവമാസംമുതൽ തുലാം അവസാനംവരെ മിക്കവാറും മഴ പെയ്തുകൊണ്ടിരിക്കും. ഈ മഴക്കാലത്തെ രണ്ടായിട്ടു ഗണിക്കാം. ഇടവംമുതൽ കർക്കടകംവരെയുള്ളതിനെ കാലവർഷമെ