ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഇരണിയൽ നേര്യതും പ്രസിദ്ധങ്ങളാണു്. കോട്ടയത്തും കോട്ടാറ്റും ഉടുപ്പിനുള്ള പലമാതിരി ചെക്കുതുണികൾ ഉണ്ടാക്കുന്നുണ്ടു്. കൊല്ലത്തു തുണികൾ നെയ്യുന്നതിനു വേണ്ട നൂൽ ഉണ്ടാക്കുന്നതിന്നു ഒരു യന്ത്രം സ്ഥാപിച്ചിട്ടുണ്ടു്. ഇപ്പോൾ ഇവിടെയും പലവിധ തുണികൾ നെയ്യുന്നു. യന്ത്രസ്ഥാപകന്മാർക്കു് ഇതുകൊണ്ടു വളരെ ആദായമുള്ളതിനു പുറമെ വളരെപ്പേരുടെ ഉപജീവനമാർഗ്ഗവും ഇതിനാൽ ലഭിക്കപ്പെടുന്നു.

൨. ഓട്ടുപാത്രങ്ങൾ വാർക്കുക:-കോട്ടാർ, കൊല്ലം, വാഴപ്പള്ളി, ചങ്ങനാശ്ശേരി, മാന്നാർ, ഇടപ്പള്ളി, രാമമംഗലം ഈ സ്ഥലങ്ങൾ വാർപ്പുപണിക്കു പ്രസിദ്ധങ്ങളാണു്. കന്നാൻ, ആശാരി, മൂശാരി മുതലായവർ വാർപ്പുപണികളിലും, തുലുക്കന്മാർ ആ വക സാമാനങ്ങളെ കച്ചവടം ചെയ്യുന്നതിലും സാധാരണയായി ഉൾപ്പെട്ടിരിക്കുന്നു. ആറന്മുളയിൽ ഓടു വാർത്തു മിനുക്കി കണ്ണാടി ഉണ്ടാക്കുന്നതിനു സമർത്ഥന്മാരായ തൊഴിലാളികൾ ഉണ്ടു്. ഇവരുടെ ആറന്മുളക്കണ്ണാടി പ്രസിദ്ധപ്പെട്ടതത്രെ.

൩. കയറുപിരിക്കുക:-ചിറയിൻകീഴുമുതൽ വടക്കോട്ടു കായൽ‌വാരങ്ങളിൽ താമസിക്കുന്നവർ ഈ തൊഴിൽ ചെയ്തുവരുന്നു. വക്കം, ചവറ, പന്മന, തേവലക്കര ഇവ ഈ വകയ്ക്കു പ്രസിദ്ധപ്പെട്ടിരിക്കുന്നു. കയറുപിരിക്കുന്നതിനും വടം മുറുക്കുന്നതിനും കയറ്റുപായ് നെയ്യുന്നതിനും രണ്ടു യന്ത്രം ആലപ്പുഴെ സ്ഥാപിച്ചിട്ടുണ്ടു്.

൪. തേങ്ങാ കരിമ്പു മുതലായവ ആട്ടുക:-വടക്കൻ‌താലൂക്കുകളിൽ മിക്കവാറും നടപ്പിൽ ഉണ്ടു്. വെളിച്ചെണ്ണ ആട്ടിയെടുക്കുക തൊഴിലായി സാധാരണ നടത്തിവരുന്നവർ വാണിയന്മാർ എന്നൊരു ജാതിക്കാരാകുന്നു. വെളിച്ചെണ്ണ ആട്ടിയെടുക്കുന്നതിനു ആവിയന്ത്രങ്ങൾ ആലപ്പുഴ, ചേർത്തല, കൊല്ലം മുതലായ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടു്.

കരിമ്പ് ആട്ടിയെടുക്കുന്നതിനു തിരുവല്ലാത്താലൂക്കിൽ ഇരമല്ലിക്കരെ ഒരു ആവിയന്ത്രം സ്ഥാപിച്ചിട്ടുണ്ടു്. കോട്ടയംതാലൂക്കിൽ 'പുന്നത്തറ' എന്ന സ്ഥലത്തും കല്ക്കുളത്തു 'തക്കല'യിലും പഞ്ചസാരയന്ത്രങ്ങൾ സ്ഥാപിച്ചിരുന്നു. പുന്നത്തറയിലേതു നിന്നു പോയി. തക്കലയിലേതു് അമാന്തത്തിൽ കിടന്നുവെങ്കിലും ഇപ്പോൾ ഊർജ്ജിതത്തിൽ പ്രവർത്തിച്ചുവരുന്നു.

൫. കൊപ്രാവെട്ടു്:-തേങ്ങാ അധികമുള്ള സ്ഥലങ്ങളിലൊക്കെ ഈ പ്രവൃത്തിയുണ്ടു്. നായന്മാർ, ഈഴവർ, മാപ്പിളമാർ, മഹമ്മദീയർ ഇവരെല്ലാം ഈവകയിൽ ഉത്സാഹികളാണു്.

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/46&oldid=160104" എന്ന താളിൽനിന്ന് ശേഖരിച്ചത്