൬. പായ് നെയ്യുക:-മെത്തപ്പായ് വിശേഷതരത്തിൽ തഴവാ, കായംകുളം, കൊല്ലം മുതലായ ദിക്കുകളിലും, പുല്പായ് കോട്ടാറ്റും, പനയോലപ്പായ് തെക്കൻ താലൂക്കുകളിലും, വേമ്പായ്, നെടുമങ്ങാടും ഉണ്ടാക്കുന്നു.
൭. മദ്യങ്ങൾ വാറ്റിയെടുക്കുക:-വടക്കൻ താലൂക്കുകളിൽ നിന്നു തെങ്ങിൻകള്ളും, ചൂണ്ടപ്പനക്കള്ളും, തെക്കൻതാലൂക്കിൽനിന്നു കരിമ്പനക്കള്ളും (അക്കാനി) എടുക്കുന്നുണ്ടു്. ഇവയെ വാറ്റിയാണു് ലഹരിയുള്ള ചാരായങ്ങൾ ഉണ്ടാക്കപ്പെടുന്നതു്. ഈ കള്ളുകളിൽ നിന്നു കരിപ്പുകട്ടി ഉണ്ടാക്കപ്പെടുന്നു. ധാരാളമുള്ളതു പനങ്കരിപ്പുകട്ടിയാണു്. കുളച്ചൽ തുറമുഖംവഴി അസംഖ്യം കരിപ്പുകട്ടി അന്യരാജ്യങ്ങളിലേയ്ക്കു് അയയ്ക്കപ്പെട്ടിരുന്നു. ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ (തെക്കൻ ദിക്കുകളിൽ) ചാന്നാന്മാരാണു്. പനകളുടെ പുറത്തുനിന്നു് ഒരുമാതിരി നാരു ശേഖരിച്ചു് ഈയിടെ യൂറോപ്പിലേയ്ക്കു അയയ്ക്കപ്പെടുന്നുണ്ടു്. ഇതു ബ്രഷ് മുതലായവ ഉണ്ടാക്കുന്നതിനാണുപോൽ.
൮. ചിത്രവേലകൾ:-ഇതിനു സമർത്ഥന്മാരായിട്ടു പലയിടത്തും ആളുകൾ ഉണ്ടു്. പനയോല, കയറു്, ദന്തം, മരം മുതലായവകൊണ്ടു വളരെ വിശേഷമാതിരിയിൽ അലങ്കാരസാധനങ്ങൾ ഉണ്ടാക്കപ്പെടുന്നു. ചിത്രപ്പണിക്കൾക്കായി തിരുവനന്തപുരത്തു സ്ഥാപിച്ചിട്ടുള്ള കരകൗശലശാലയിലെ കൈത്തൊഴിൽഫലങ്ങൾ പ്രദർശനാവസരങ്ങളിൽ വലുതായ പ്രശംസയ്ക്കു പാത്രീഭവിച്ചിട്ടുണ്ടു്. പൊൻ, വെള്ളി ഇവകൊണ്ടു വിശേഷമാതിരി ആഭരണങ്ങൾ ഉണ്ടാക്കുന്നവരും വളരെപ്പേരുണ്ടു്.
൯. മൺപാത്രങ്ങൾ:-ഈ രാജ്യത്തു് മിക്കയിടങ്ങളിലും കളിമണ്ണുമെനഞ്ഞു പാത്രങ്ങൾ ഉണ്ടാക്കപ്പെടുന്നു. അവയിൽ പ്രധാനമായവ തോവാളത്താലൂക്കിൽ താഴക്കുടിയും കല്ക്കുളം താലൂക്കിൽ തഴക്കരയും ചെങ്ങന്നൂരിനടുത്തുള്ള കല്ലിശ്ശേരിയുമാകുന്നു. ഇതു കൂടാതെ ഓടുണ്ടാക്കുന്നതിനും പലയിടങ്ങളിലും യന്ത്രങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ടു്. കൊല്ലത്തും മുളമൂട്ടിലുമുള്ളവ പ്രസിദ്ധങ്ങളത്രേ.
൧൦. റേന്ത:-ഇതു നൂലുകൊണ്ടുണ്ടാക്കപ്പെടുന്ന ഒരു വിശേഷമാതിരി നാടയാകുന്നു. ക്രിസ്ത്യാനിസ്ത്രീകൾ ഇതിനെ അവരുടെ വസ്ത്രത്തിൽ അലങ്കാരമായി കുത്തിപ്പിടിപ്പിക്കുന്നു. കൊല്ലം, തങ്കശ്ശേരി, നാഗർകോവിൽ, മുളകുമൂടു് ഈ സ്ഥലങ്ങളിലെ നാട്ടുക്രിസ്ത്യാനിസ്ത്രീകളാണു് പ്രധാനമായും ഈ തൊഴിലിൽ ഉൾപ്പെട്ടിരിക്കുന്നതു്.