നാവായിക്കുളം, ചാത്തന്നൂർ ഇവയെക്കടന്നു കൊല്ലത്തു എത്തുന്നു. ഇതു് അവിടെനിന്നും വടക്കോട്ടുപോയി നീണ്ടകരപ്പാലം കടന്നു കൃഷ്ണപുരം, കായംകുളം, ഹരിപ്പാടു്, പുറക്കാടു, അമ്പലപ്പുഴ, ഇവയിൽ കൂടി ആലപ്പുഴ ചെല്ലുന്നു. ഈ പാതയെ ചേർത്തലവഴി വടക്കോട്ടു അതിർത്തിവരെ നീട്ടിയിട്ടുമുണ്ടു്. തിരുവനന്തപുരത്തുനിന്നു കൊല്ലത്തേയ്ക്കു ദൂരം ൪൫-മൈലും അവിടുന്നു് ആലപ്പുഴയ്ക്കു ൫൩-മൈലും, അവിടുന്നു അതിർത്തിയ്ക്കു ൨൮ മൈലുമാണു്.
മറ്റു ചെറുതരം റോഡുകളിൽ പ്രാധാന്യം കൂടിയവയെ താഴെ വിവരിക്കുന്നു.
(എ) നാഗർകോവിൽനിന്നും ഇരണിയൽവഴി ഒരു പിരിവു കുളച്ചലിലേയ്ക്കു്. നീളം ൧൪-മൈൽ.
(ബി) തൊടുവെട്ടിയിൽ (കുഴിത്തുറയ്ക്കു് ഒരു മൈൽ കിഴക്കു) നിന്നു തിരുവട്ടാർ കുലശേഖരം ഇവയെ കടന്നു പേച്ചിപ്പാറയ്ക്കു്. ദൂരം ൧൪-മൈൽ.
(സി) കൊല്ലത്തുനിന്നും കിഴക്കോട്ടു് കിളികൊല്ലൂർ, കുണ്ടറ, കൊട്ടാരക്കര, പുനലൂർ ഇവയിൽകൂടി തെന്മലയ്ക്കു സമീപത്തുവച്ചു തിരുവനന്തപുരം ചെങ്കോട്ട റോഡിൽ ചേരുന്നു. ദൂരം ൪൧-മൈൽ. ചെങ്കോട്ടവരെ ൫൯-മൈൽ.
(ഡി) കായംകുളത്തുനിന്നും തെക്കുകിഴക്കായി പള്ളിക്കൽ, അടൂർ, പത്തനാപുരം ഇവയെക്കടന്നു പുനലൂരേയ്ക്കു് ദൂരം ൩൫-മൈൽ.
(ഇ) കോട്ടയത്തുനിന്നും കിഴക്കോട്ടുള്ള റോഡ്:-വാഴൂർ, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഇവിടങ്ങളിൽകൂടി പീരുമേട്ടിൽ എത്തുന്നു. അവിടെനിന്നും കിഴക്കോട്ടുപോയി പെരിയാർ കടന്നു ഗൂഡലൂർതാവളം വഴി കുമിളിയിൽകൂടി അതിർത്തി കടന്നു് അമിയനായ്ക്കനൂർ റെയിൽവേ സ്റ്റേഷനിലേയ്ക്കു പോകുന്നു. അമിയനായ്ക്കനൂർ വരെ ആകെ ദൂരം ൧൪൧ മൈൽ. അതിർത്തിവരെ ൯൦ മൈൽ.
(എഫ്) എറ്റുമാനൂർനിന്നു കിഴക്കോട്ടുപോയി പാലായിൽ എത്തി അവിടന്നു വടക്കോട്ടുചെന്നു തൊടുപുഴവഴി മൂവ്വാറ്റുപുഴ വച്ചു് മെയിൻറോഡിൽ ചേരുന്നു. ദൂരം പാലായ്ക്കു ൧൦ മൈലും തൊടുപുഴയ്ക്കു ൨൮ മൈലും, മുവ്വാറ്റുപുഴയ്ക്കു ൪൧ മൈലുമാണു്.
(ജി) എം.സി. റോഡിൽ ഏറ്റുമാനൂർനിന്നു വടക്കുപടിഞ്ഞാറായി ഒരു റോഡു കടുത്തുരുത്തി, വടയാറു്, വൈയ്ക്കം ഇവ കടന്നു കൊച്ചിക്കു പോകുന്നു. വൈയ്ക്കത്തിനു വടക്കു ഇത്തിപ്പുഴപ്പാലവും അതുകഴിഞ്ഞു മുറിഞ്ഞപുഴ പൂത്തോട്ടാൽ എന്നു രണ്ടു കടത്തുകളും ഉണ്ടു്. ദൂരം വൈയ്ക്കത്തേയ്ക്കു ൧൮ മൈലും അതിർത്തിക്കു ൩൦ മൈലുമാകുന്നു.