ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെങ്കോട്ടവരെ ദൂരം ൫൮ മൈലും തിരുനെൽവേലിവരെ ൧൪൫ മൈലും മദ്രാസുവരെ ൫൫൨ മൈലുമാകുന്നു. ചെങ്കോട്ടവരെ ൫൮ മൈൽ രെയിൽപ്പതയിടുന്നതിനു് ഏകദേശം രണ്ടുകോടിരൂപായ്ക്കുമേൽ ചെലവായിട്ടുണ്ടു്. ഈ റെയിൽവേയിൽനിന്നും ആണ്ടുതോറും കിട്ടിവരുന്ന തുകകൊണ്ടുകമ്പനിക്കാർക്കു ചെലവായതിൽ നൂറ്റിനു രണ്ടുവീതം പലിശപോലും നടക്കുന്നില്ല, അതുകൊണ്ടു കരാറിൻപ്രകാരം കമ്പിനിക്കാരുടെ നഷ്ടപരിഹാരത്തിനായി പ്രതിവർഷം ഒരു ലക്ഷം രൂപായ്ക്കുമേൽ ഗവർമ്മെന്റിൽനിന്നും കൊടുത്തുവരുന്നു. തിരുവനന്തപുരം മുതൽ നാഗർകോവിൽ വരെയും കൊല്ലം മുതൽ പറവൂർ വരെയും ഈ പാതയെ നീട്ടാൻ വേണ്ട ഏർപ്പടുകൾ ഗവർമ്മെന്റിൽ നിന്നും ചെയ്തുവരുന്നുണ്ടു്.

ഗതാഗതസൌകര്യങ്ങൾ എല്ലാം നാൾക്കുനാൾ അഭിവൃദ്ധമായി വരുന്നു. കല്ലിട്ടുറപ്പിച്ച റോഡുകൾ ഉണ്ടായിത്തുടങ്ങിയിട്ടു് ഏകദേശം അറുപതുകൊല്ലമെ ആയിട്ടുള്ളു. അതിനുമുമ്പു പ്രധാന സ്ഥലങ്ങളെ യോജിപ്പിക്കുന്നതിനായി "നടക്കാവുകൾ" എന്ന വഴികൾ ഉണ്ടായിരുന്നു. ഇപ്പോൾ ജനബാഹുല്യമുള്ള മിക്ക സ്ഥലങ്ങളും നല്ല റോഡുകളാൽ ഘടിപ്പിക്കപ്പെട്ടിരിക്കുന്നു. സംസ്ഥാനത്ത് ഇപ്പോൾ നാലായിരം മൈലോളം നല്ല റോഡുണ്ടു്. മുമ്പു ജനങ്ങൾ വഴിയാത്ര ചെയ്തിരുന്നതു മിക്കവാറും കാൽനടയായിട്ടായിരുന്നു. അപൂർവം ചില പ്രഭുക്കന്മാർ മേനാവും, മഞ്ചലും, കുതിരയും വാഹനങ്ങളായി ഉപയോഗപ്പെടുത്തി വന്നിരുന്നു. ഇപ്പോഴാകട്ടെ കാളവണ്ടി, കുതിരവണ്ടി, ചവിട്ടുവണ്ടി, ആവിവണ്ടി, മോട്ടോർവണ്ടി എന്നിവ റോഡുകളിലും സാധാരണ വള്ളങ്ങൾക്കും ബോട്ടുകൾക്കും പുറമേ മോട്ടോർബോട്ടും ആവിബോട്ടും ജലമാർഗ്ഗങ്ങളിലും വാഹനങ്ങളായി ഉപയോഗിച്ചുവരുന്നു. സംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം പട്ടണത്തിൽ മാത്രമുള്ള റോഡുകളുടെ ആകെ നീളം കണക്കാക്കിയാൽ നൂറു മൈലിനുമേൽ ഉണ്ടായിരിക്കുന്നതാണു്. പട്ടണത്തിലെ എല്ലാ പ്രധാന റോഡുകളും "കീലു"കൊണ്ടു പൊതിഞ്ഞു പൊടിയുടെ ബാധയിൽനിന്നു സുരക്ഷിതമാക്കിയിട്ടുണ്ടു്. എല്ലാ പരിഷ്കൃത വാഹനങ്ങളും ഇവിടെ നടപ്പുണ്ടു്. രാത്രികാലങ്ങളിൽ പട്ടണത്തിലെ പ്രധാന റോഡുകളിൽ പ്രകാശമേറിയ "വിദ്യുച്ഛ്ക്തിദീപവും" മറ്റു റോഡുകളിൽ സാധാരണ റാന്തൽ വെളിച്ചവും ജനങ്ങൾക്ക് വലുതായ സൌകര്യത്തെ കൊടുക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/56&oldid=160114" എന്ന താളിൽനിന്ന് ശേഖരിച്ചത്