കോട്ടയം, ചങ്ങനാശ്ശേരി, പീരുമേടു, പറവൂർ മുതലായയിടങ്ങളിൽ താണതരം ആഫീസുകളും ഉണ്ടു്. ആവിവണ്ടിപ്പാതആഫീസുകളിൽ കമ്പനിവക ആഫീസുകളും ഉണ്ടു്.
അദ്ധ്യായം ൧൨.
ജനങ്ങൾ.
ഇക്കഴിഞ്ഞ ൧൯൩൧-ലെ സെൻസസു് പ്രകാരം ഈ സംസ്ഥാനത്തെ ജനസംഖ്യ ഉദ്ദേശം അൻപത്തിഒന്നുലക്ഷമാകുന്നു. ഇതിൽ ഏറെക്കുറെ പകുതിവീതം സ്ത്രീകളും പുരുഷന്മാരുമാണു്. പുരുഷന്മാർ സ്ത്രീകളെക്കാൾ മുപ്പത്തിഅയ്യായിരം കൂടുതൽ ഉണ്ടു്. ജനസംഖ്യയിൽ മുന്നിട്ടുനിൽക്കുന്ന താലൂക്ക് തിരുവല്ലായാണു്. സംസ്ഥാനത്തിന്റെ ക്ഷേത്രഫലം ൭൬൨൫ ചതുരശ്രമൈൽ ആണെന്നു പറഞ്ഞുവല്ലോ. ഈ ക്ഷേത്രഫലംകൊണ്ടു് ആകെയുള്ള ജനസംഖ്യയെ ഹരിച്ചാൽ ശരാശരി ച. മ. ഒന്നിനു് ൬൬൬ ആളുകൾവീതം ഉണ്ടായിരിക്കും. അധികം തിങ്ങികുടിപ്പാർപ്പുള്ളതു തിരുവനന്തപുരം, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി ഈ താലൂക്കുകളിലാണു്. ഇവിടെ ശരാശരി ച.മ ഒന്നിനു രണ്ടായിരം ആളുകൾ താമസിക്കുന്നുണ്ടു്. ജനസംഖ്യ കുറഞ്ഞ താലൂക്കുകൾ ദേവികുളം, പീരുമേടു് ഇവയാകുന്നു. നമ്മുടെ സംസ്ഥാനത്തെ ഇൻഡ്യയിലെ നാട്ടുരാജ്യങ്ങളോടു താരതമ്യപ്പെടുത്തുന്നപക്ഷം വിസ്തീർണ്ണത്തിൽ ൭-ആമത്തെ സ്ഥാനമാണുള്ളതെങ്കിലും ജനസംഖ്യയിൽ ൩-ആമതായിട്ടു നില്ക്കുന്നതായിക്കാണാം.
ഇവിടെ പലവർഗ്ഗത്തിലുൾപ്പെട്ട ആളുകൾ ഉണ്ടു്. സ്വദേശിയർ സമീപവാസികളിൽനിന്നു ചില വ്യത്യാസങ്ങൾ ഉള്ളവരാണു്. വസ്ത്രധാരണവും അലങ്കാരവും സദേശീയരുടെ ഇടയിൽ ചുരുങ്ങിയമട്ടിലാകുന്നു. ശുദ്ധ വെള്ളവസ്ത്രം ധരിക്കുന്നതിനാണു് ഇഷ്ടമുള്ളതു്. അരയിൽ ധരിക്കുന്നതിനും മേൽഭാഗം മറയ്ക്കുന്നതിനും ഇവർ വെവ്വേറെ മുണ്ടുകൾ ഉപയോഗിക്കുന്നു. ഭക്ഷണത്തിന്റെ രീതിയിലും വിശേഷതയുണ്ടു്. സംസാരിക്കുന്ന ഭാഷ മലയാളമാണു്. തെക്കേ അറ്റത്തു നാഞ്ചിനാട്ടിലും കിഴക്കേ അതിരിൽ ചെങ്കോട്ടയിലും ഭാഷ തമിഴാണു്.
ഇവിടെയുള്ള നാനാജാതിക്കാരെ പ്രധാനമായി മൂന്നു സംഘക്കാരായിട്ടു ഗണിക്കാം. അതായതു്:-