- ൧. ഹിന്ദുമതത്തിൽ ഉൾപ്പെട്ട ആളുകൾ (മുപ്പത്തിഒന്നുലക്ഷം)
- ൨. ക്രിസ്തുമതത്തിലുൾപ്പെട്ടവർ (പതിനാറുലക്ഷം)
- ൩. മഹമ്മദുമതത്തിൽ ഉൾപ്പെട്ടവർ (മൂന്നരലക്ഷം)
൧. ഹിന്ദുമതത്തിൽ ഉൾപ്പെട്ടവർ:-ഇവരുടെ ഇടയിലാണു്, ജാതിവ്യത്യാസം പ്രത്യക്ഷമായിരിക്കുന്നതു്. പ്രധാനജാതിക്കാർ ബ്രാഹ്മണർ, ക്ഷത്രിയർ, നായന്മാർ, ഈഴവർ, ചാന്നാന്മാർ, പുലയർ, പറയർ ഇവരാകുന്നു.
ബ്രാഹ്മണർ:-(അറുപത്തിഎണ്ണായിരം) ഇവരിൽ നമ്പൂരിമാർ, പോറ്റിമാർ, പരദേശബ്രാഹ്മണർ എന്നീ മൂന്നു സംഖക്കാരുണ്ടു്. മലയാളബ്രാഹ്മണർ അധികം വടക്കൻ താലൂക്കുകളിലും പരദേശബ്രാഹ്മണർ തെക്കൻ താലൂക്കുകളിലുമാണു് താമസം. ഇവരുടെ മുഖ്യമായ ധർമ്മം വേദശാസ്ത്രപാരായണമാണു്.
ക്ഷത്രിയർ:-(മൂവായിരം വരും) കോയിത്തമ്പുരാക്കന്മാർ, തമ്പുരാക്കന്മാർ, ഇവരും തമ്പാൻ, തിരുമുല്പാടു മുതലായവരും മലയാളക്ഷത്രിയനാണു്. ആകൃതിയും വേഷവും ആചാരങ്ങളും മലയാളബ്രാഹ്മണരുടേതുപോലെയാണു്. വടക്കൻ താലൂക്കുകളിലാണു് ഇവർ അധികം താമസിക്കുന്നതു്.
നായന്മാർ:-(എട്ടുലക്ഷത്തി അറുപത്തി എണ്ണായിരം) ൧൯൨൧-ലെ സെൻസസ്സുവരെ ഹിന്ദുവർഗ്ഗത്തിൽ ഏറ്റവും കൂടുതൽ നായന്മാരായിരുന്നു. ഇപ്പോൾ രണ്ടാമത്തെ സ്ഥാനമാണു് ഇവർക്കുള്ളതു്. ഇവരുടെ പ്രവൃത്തി മുഖ്യമായി കൃഷിയാണു്. അവകാശക്രമം മരുമക്കവഴി അനുസരിച്ചായിരുന്നു. ഇപ്പോൾ മിക്കവാറും മക്കവഴിയായിത്തീർന്നിട്ടുണ്ട്. മുമ്പു് ഇവർ ധൈര്യശാലികളായ യോദ്ധാക്കന്മാർ ആയിരുന്നു. ടിപ്പുവിന്റെ കാലത്തു നായർപട്ടാളം യൂറോപ്യന്മാരുടെ പ്രശംസയ്ക്കു പാത്രീഭവിച്ചിട്ടുള്ളതാണു്. ഇവരിൽ അനേകം ഉൾപ്പിരിവുകൾ ഉണ്ടു്.
അമ്പലവാസികൾ:-(എണ്ണായിരം) ഇതു ക്ഷേത്രസംബന്ധമായ പണികൾ നടത്തുന്ന മിക്കവർക്കുംകൂടി പൊതുവായുള്ള ഒരു പേരാകുന്നു. ഇവരിൽ വാര്യർ, പുഷ്പകൻ, നമ്പ്യാർ, ചാക്യാർ, പിഷാരടി, കുരുക്കൾ, ഉണ്ണി മുതലായി പല ഇനക്കാർ ഉണ്ടു്, ഇവരെല്ലാം സ്വദേശീയരാണു്.
സാമന്തന്മാർ:-ഇവർ ടിപ്പുവിന്റെ പടയെ പേടിച്ചു് തിരുവിതാംകൂറിൽ അഭയം പ്രാപിച്ച ചില്ലറ നാടുവാഴികളുടെ സന്താനങ്ങൾ ആണു്. പണ്ടാല, ഉണ്ണിയാതിരി, നെടുങ്ങാടി ഇവർ ഈ ഇനത്തിൽ ഉൾപ്പെടുന്നു. ജനസംഖ്യ വളരെ കുറവാണു്.