ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ധരിക്കുന്നുണ്ടു്. ഇവരുടെ ഇടയിൽ മേത്തൻ, ജോനകൻ, തുലുക്കൻ എന്ന വിഭാഗങ്ങളുണ്ടു്.

മേത്തന്മാർ:-(ഒരുലക്ഷത്തി മുപ്പത്തിനാലായിരം) മുൻ കാലങ്ങളിൽ കച്ചവടത്തിനായി അന്യരാജ്യങ്ങളിൽനിന്നു് ഇവിടെവന്നു താമസിച്ച മഹമ്മദീയരുടെ സന്താനങ്ങളാണു്. അവരാൽ മതത്തിൽ ചേർക്കപ്പെട്ടവരും ധാരാളമുണ്ടു്. ഇപ്പോൾ വെച്ചുവാണിഭം എന്നു പറയപ്പെടുന്ന ചില്ലറക്കച്ചവടം നടത്തുന്നതു മിക്കവാറും ഇവരാണു്.


ജോനകർ:-(ഒരുലക്ഷത്തി പതിനായിരം) ഇവരിലധികവും മൈസൂർ രാജാവായിരുന്ന ടിപ്പു മലയാളത്തെ ആക്രമിച്ചപ്പോൾ മഹമ്മദുമതത്തിൽ ചേർക്കപ്പെട്ടവരുടെ സന്താനങ്ങൾ ആണു്. ഇവർ ധൈര്യശാലികളും ഐക്യമുള്ളവരുമാണു്. വടക്കൻ ദിക്കുകളിലാണു് ഇവർ അധികം താമസിക്കുന്നതു്.


തുലുക്കന്മാർ:-(എൺപതിനായിരം) ഇവർ പാണ്ടിദേശത്തുനിന്നു കച്ചവടത്തിനായി ഇവിടെ വന്നിട്ടുള്ളവരാണു്. സുഗന്ധദ്രവ്യങ്ങൾ, മരുന്നുകൾ, പുല്ലുപായ് ഇവയാണു ഇവരുടെ മുഖ്യ കച്ചവടസാധനങ്ങൾ. ഇവരിൽ ചിലരെ റാവുത്തന്മാർ എന്നു വിളിക്കുന്നു.

മേൽപറഞ്ഞ ജാതിക്കാർ കൂടാതെ ഏതാനും ജൂതന്മാരും ബുദ്ധമതസ്ഥന്മാരും തിരുവിതാംകൂറിൽ ഉണ്ടു്. ജൂതന്മാരുടെ സംഖ്യ വളരെ കുറവാണു്. ഉദ്ദേശം മുന്നൂറുപേരേയുള്ളു. ഇവർ പറവൂർ താലൂക്കിലാണു് താമസം. മുൻപു പ്രബലന്മാരായ കച്ചവടക്കാർ ആയിരുന്നു. ഇപ്പോൾ ഇവരിൽ കച്ചവടക്കാരും കൃഷിക്കാരും ഉണ്ടു്.

ബുദ്ധമതക്കാർ:-ഇവർ കാപ്പിത്തോട്ടങ്ങളിൽ കൃഷിക്കായി സിലോണിൽനിന്നു് ഇവിടെവന്നു താമസിച്ചു വരുന്നവരാണു്. ഇവർ ദൃഢഗാത്രന്മാരും പരിശ്രമശീലരും ആകുന്നു. ആകെ ൬൭ പേരേയുള്ളു. ഒരുകാലത്തു ബുദ്ധമതം ഇവിടെ വ്യാപിച്ചിരുന്നുവെന്നുള്ളതിനു് അമ്പലപ്പുഴയ്ക്കു കിഴക്കു കാണുന്ന കരുമാടിക്കുട്ടനും ചിന്നിച്ചിതറി അവിടവിടെ കാണുന്ന മറ്റു വിഗ്രഹങ്ങളും സാക്ഷ്യം വഹിക്കുന്നുണ്ടു്.


അദ്ധ്യായം ൧൩.

മതം.

ഇവിടെ ഹിന്ദുമതം, ക്രിസ്തുമതം, മുഹമ്മദുമതം എന്നു മൂന്നു മതങ്ങളുണ്ടു്.

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/66&oldid=205925" എന്ന താളിൽനിന്ന് ശേഖരിച്ചത്