ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ളുടെ കൂട്ടത്തിലുള്ള പ്രോട്ടസ്റ്റന്റുകാർ കൂടാതെ ലണ്ടൻ‌മിഷ്യൻ സംഘത്തിലുൾ‌പ്പെട്ടവരായ പ്രോട്ടസ്റ്റന്റുകാരും ഇവിടെയുണ്ടു്. ഇവർ മിക്കവാറും താമസിക്കുന്നതു തെക്കൻ താലൂക്കുകളിലാണു്. ഇവരുടെ പ്രധാനസ്ഥലം നാഗരുകോവിലാകുന്നു. ഇവിടെ ഇവരുടെ വകയായി ഒരു വലിയ പള്ളിയും ഒരു കോളേജും പല പള്ളിക്കൂടങ്ങളും ഉണ്ടു്. നെയ്യൂരിൽ ഇവർ ഏർപ്പടുത്തിയിട്ടുള്ള ആശുപത്രി പൊതുജനങ്ങൾക്കു വളരെ ഉപകാരപ്രദമായിരിക്കുന്നു.

രക്ഷാസൈന്യം:- ഇവർ താണനിലയിൽകിടന്നു വലയുന്ന സാധുക്കളെ ഉയർത്തികൊണ്ടു വരുന്നതിനു ശ്രമം ചെയ്തുവരുന്ന ഒരു ക്രിസ്തീയസംഘമാണു്. നാട്ടുകാരുടെ വിശേഷിച്ചു സന്യാസികളുടെ മാതിരി കാഷായവസ്ത്രമാണു് ഇവർ ധരിക്കുന്നതു്. ഇവരുടെ വക ഒരു വലിയ ആശുപത്രി നാഗർകോവിലിൽ ഉണ്ടു്. ഈ സംഘത്തിന്റെ സ്ഥാപകൻ "ജനറൽബൂത്തു്" ആണു്.

യുയോമയക്കാരർ:-ഇവരെ അഞ്ചരക്കാർ എന്നും വിളിക്കുന്നു. കരുനാഗപ്പള്ളിയിൽ താമസിച്ചിരുന്ന ഒരു പരദേശിബ്രാഹ്മണൻ "വിദ്വാൻകുട്ടി" എന്ന പേരോടുകൂടി ക്രിസ്തുമതം സ്വീകരിച്ചു് ഏകദേശം അൻപതുകൊല്ലത്തിനു മുമ്പു് ഈ പ്രത്യേകസംഘം ഉണ്ടാക്കി. വിദ്വാൻകുട്ടിയുടെ മരണത്തോടുകൂടി ഈ സംഘത്തിനു പ്രാബല്യം കുറഞ്ഞുപോയി. ചെങ്ങന്നൂർ കായംകുളം മുതലായ ചില സ്ഥലങ്ങളിൽ ഇപ്പോൾ ഏതാനും വീട്ടുകാർ ഉണ്ടു്. ഇവരിൽ പുരുഷന്മാർ സുറിയാനികളെപ്പോലെയും സ്ത്രീകൾ പരദേശികളെപ്പോലെയും വസ്ത്രം ധരിക്കുന്നു.

മഹമ്മദുമതം:-ക്രിസ്ത്വാബ്ദം ൮൦൦-ാമാണ്ടിടയ്ക്കാണു് ഇവിടെ മഹമ്മദുമതം വന്നു തുടങ്ങിയതു്. കച്ചവടത്തിനായി ഈജിപ്റ്റ്, അറേബ്യ, പേർഷ്യ മുതലായ രാജ്യങ്ങളിൽനിന്നും ഇവിടെവന്ന ആളുകളാണു് ആദ്യം ഈ മതം കൊണ്ടുവന്നതു്. പിന്നീടു ടിപ്പുവിന്റെ ആക്രമണകാലത്തു വളരെപ്പേരെ ഈ മതത്തിൽ ചേർക്കയുണ്ടായി. രാജാകേശവദാസൻ ആലപ്പുഴ തുറമുഖം സ്ഥാപിച്ചപ്പോൾ ബാംബെ മുതലായ സ്ഥലങ്ങളിൽനിന്നു മുസൽമാൻ വ്യാപാരികളെ ഇവിടെ വരുത്തി പാർപ്പിച്ചു. മഹമ്മദീയർ എപ്പോൾ എല്ലായിടത്തും ഉണ്ടു്. ഇവർ സുന്നി എന്നും ഷീയാ എന്നും രണ്ടു സംഘമായി പിരിഞ്ഞിട്ടുണ്ടു്. ഇവിടെ ഷീയാക്കാരുടെ സംഖ്യ വളരെ കുറവാണു്. അധികമുള്ളതു കോട്ടാർ, തിരുവാംകോടു്, കൊല്ലം, ആലപ്പുഴ, ചങ്ങനാശ്ശേരി ഇവിടങ്ങളിൽ ആണു്. പുരാതനമായ തിരുവാംകോട്ടുപള്ളി ഇവരുടെ പുണ്യസ്ഥലമായി വിചാരിക്കപ്പെട്ടുവരുന്നു. ഇവർ മതവിഷയത്തിൽ നിഷ്ഠയുള്ളവ

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/70&oldid=160130" എന്ന താളിൽനിന്ന് ശേഖരിച്ചത്