ഇവകൂടാതെ കൃഷിവക കാര്യങ്ങളുടെ അന്വേഷണത്തിനായി ഒരു കൃഷിവക ഡിപ്പാർട്ടുമെന്റും മലയിലേതിനു് ഒരു സഞ്ചായം ഡിപ്പാർട്ടുമെന്റും ഉപ്പു് പുകയില മദ്യം മുതലായവയ്ക്കു് എക്സൈസ് ഡിപ്പാർട്ടുമെന്റും, നിലം പുരയിടങ്ങൾ മുതലയവയുടെ അളവുകളും അതിരുകളും നിശ്ചയിക്കുന്നതിനു് ഒരു സർവേ ഡിപ്പാർട്ടുമെന്റും, പ്രമാണങ്ങൾ രജിസ്ത്രാക്കുന്നതിനു രജിസ്ത്രേഷൻ ഡിപ്പാർട്ടുമെന്റും, റോഡു മുതലായവ വെട്ടിക്കയും കെട്ടിടങ്ങൾ പണിചെയ്യിക്കയും മറ്റും ചെയ്യുന്നതിനായി ഇഞ്ചിനീയർഡിപ്പാർട്ടുമെന്റും, വിദ്യാഭ്യാസത്തിനു് ഒരു എഡ്യൂക്കേഷൻ ഡിപ്പാർട്ടുമെന്റും, ജനങ്ങളുടെ ആരോഗ്യരക്ഷാമാർഗ്ഗത്തിനു സാനിട്ടറി ഡിപ്പാർട്ടുമെന്റും, രോഗചികിത്സയ്ക്കും ദീനശുശ്രൂഷയ്ക്കുമായി മെഡിക്കൽ ഡിപ്പാർട്ടുമെന്റും, ആയുർവേദഡിപ്പാർട്ടുമെന്റും, കാലദേശാനുരൂപമായ മറ്റെല്ലാ ഡിപ്പാർട്ടുമെന്റുകളും ഏർപ്പെടുത്തിയിട്ടുണ്ടു്. ഈ ഡിപ്പാർട്ടുമെന്റുകളുടെ എല്ലാറ്റിന്റേയും മേലധികാരം ദിവാൻജിക്കാകുന്നു. ഇവയിൽ സഞ്ചായത്തിനു "കൺസർവേറ്റരും" ഇഞ്ചിനീയറിംഗിനു "ചീഫ് ഇഞ്ചിനീയരും" എക്സൈസിനും സാനിട്ടറിക്കും "കമ്മീഷണരും" കൃഷി, രജിസ്ത്രേഷൻ, എഡ്യൂക്കേഷൻ ഇവയ്ക്കു "ഡയറക്ടരും" ആണു് പ്രധാന ഉദ്യോഗസ്ഥന്മാർ.
ആകപ്പാടെ നോക്കിയാൽ ഇപ്പോഴത്തെ രാജ്യഭാരം വളരെ പരിഷ്കൃതരീതിയിലും രാജ്യത്തിനും ജനങ്ങൾക്കും പൊതുവിൽ ക്ഷേമവും ഐശ്വര്യവും നൽകത്തക്കവിധത്തിലും ആണെന്നു നിസ്സംശയം പറയാം.
ആണ്ടൊന്നുക്കു് ഏകദേശം രണ്ടരക്കോടി രൂപ മുതലെടുക്കുന്നു. മുതലെടുപ്പിൽ ഉൾപ്പെട്ട മുഖ്യഇനങ്ങൾ:-നിലംപുരയിടങ്ങളുടെ കരം, ആദായനികുതി, ഏറ്റുമതി ഇറക്കുമതികളിലുള്ള തീരുവ, ഉപ്പു്, പുകയില മുതലായവയുടെ മേൽലാഭം, ഏലം തടി മുതലായ വനംവക സാമാനങ്ങൾ വിറ്റുപിരിവു്, കലാൽ, കോർട്ടുഫീസു്, മുദ്രപത്രം, രജിസ്ത്രേഷൻഫീസു്, അഞ്ചൽ ഇവയാകുന്നു.
ഏകദേശം മുതലെടുപ്പിനോടടുത്താണു് ചെലവു്. ചെലവിലുൾപ്പെട്ട പ്രധാന ഇനങ്ങൾ-
ബ്രിട്ടീഷു് ഗവർമ്മെന്റിലേക്കു് ആണ്ടുതോറും കൊടുക്കേണ്ട കപ്പം, ഇഞ്ചിനീയർ, മരാമത്തുവേലകൾ, ആരോഗ്യരക്ഷ, ദേവസ്വം, വിദ്യാഭ്യാസം, രാജ്യഭരണം സംബന്ധിച്ചുണ്ടാകുന്ന ശമ്പളച്ചെലവുകൾ ഇവയാകുന്നു.