ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ണ്ടതായിട്ടുണ്ടു്. കുറച്ചു മുമ്പുവരെ കൊല്ലത്തും തിരുവനന്തപുരത്തും ഒരു ബ്രിട്ടീഷു പട്ടാളം കിടപ്പുണ്ടായിരുന്നു. ബ്രിട്ടീഷ് പ്രതിനിധി ആയി എല്ലായ്പോഴും ഇവിടെ ഒരു യൂറോപ്യൻഉദ്യോഗസ്ഥൻ ഉണ്ടായിരിക്കും. ഇപ്പഴത്തെ ഉദ്യോഗസ്ഥന്റെ സ്ഥാനപ്പേരു് 'മദ്രാസു് സ്റ്റേറ്റ്സ്റസിഡണ്ടു്' എന്നാണു്. ഈ സംസ്ഥാനത്തിൽ ബ്രിട്ടീഷ് ഗവർമ്മെന്റുവകയായി രണ്ടു സ്ഥലങ്ങൾ ഉണ്ടു്. അവ കൊല്ലത്തിനു പടിഞ്ഞാറുവശത്തു സമുദ്രത്തിലേക്കു ഉന്തിനില്ക്കുന്ന തങ്കശ്ശേരിയും അവിടുന്നു ഏകദേശം ൨൦ മൈൽ തെക്കുള്ള അഞ്ചുതെങ്ങും ആകുന്നു. ഈ രണ്ടു സ്ഥലങ്ങളിലും തെങ്ങു ധാരാളമായി ഉണ്ടാകുന്നു. തങ്കശ്ശേരിയിൽ വിശേഷതരമായ മാങ്ങകൾ ഉണ്ടു്. ജനങ്ങളുടെ മുഖ്യതൊഴിൽ മത്സ്യംപിടിക്കുക, മദ്യംവാറ്റുക ഇവയാകുന്നു. കുടിപാർക്കുന്നതു് അധികവും ക്രിസ്ത്യാനികളാണു്. ഇവിടെ ഒരു ദീപസ്തംഭം സ്ഥാപിച്ചിട്ടുണ്ടു്. ഇതു് ഇംഗ്ലീഷുകാർക്കു കിട്ടിയതു് ൧൭൯൫-ലാണു്. അഞ്ചുതെങ്ങിൽ ഏകദേശം ൨൦൦ വർഷത്തെ പഴക്കം കോട്ടയുണ്ടു്. ഇതു് ൧൬൮൪-ൽ ആറ്റുങ്ങൽ റാണി ഇംഗ്ലീഷുകാർക്കു കൊടുത്ത കച്ചവടസ്ഥലമാണു്.

പൂർവചരിത്രം.

പണ്ടു തിരുവിതാംകൂർ വളരെ ചെറിയ ഒരു രാജ്യമായിരുന്നു. തെക്കു് ഇരണിയൽ മുതൽ വടക്കു ചിറയൻകീഴുവരെയുള്ള സ്ഥലം മാത്രമേ ഉൾപ്പെട്ടിരുന്നുള്ളു. പുറമേയുള്ള ഭാഗങ്ങൾ പിന്നീടു് ഓരോ അവസരത്തിൽ തിരുവിതാംകൂറിനോടു ചേർക്കപ്പെട്ടവയാണു്. അധികവും സാധിച്ചതു് വിശ്രുതനായ മാർത്താണ്ഡവർമ്മമഹാരാജാവിന്റെ കാലത്തായിരുന്നു. മുൻപുള്ള രാജ്യങ്ങളെ പടത്തിൽ കുറിക്കപ്പെട്ടിരിക്കുന്നതു നോക്കുക. സംസ്ഥാനത്തെ പൂർത്തിയാക്കിയതിന്റെ ശേഷം മാർത്താണ്ഡവർമ്മമഹാരാജാവു്, രാജ്യത്തെ മുഴുവൻ ശ്രീപത്മനാഭസ്വാമിസന്നിധിയിൽ അർപ്പണം ചെയ്തിട്ടു് അവിടത്തെ ദാസന്റെ നിലയിലാണു് ഭരണത്തിനു് ഒരുങ്ങിയതു്. സൌകര്യത്തിനായി സംസ്ഥാനത്തെ അനേകം മണ്ഡപത്തുംവാതിലുകളായി ഭാഗിച്ചു് ഓരോന്നിന്റെ ചുമതല ഓരോ "കാര്യസ്ഥൻ" എന്ന ഉദ്യോഗസ്ഥനെക്കൊണ്ടു വഹിപ്പിച്ചുവന്നു. മണ്ഡപത്തുംവാതിൽ എന്നു പേരു കൊടുത്തതു് 'കാര്യക്കാരൻ' ഓരോ പ്രധാനക്ഷേത്രത്തിന്റെ മുൻവശത്തുള്ള മണ്ഡപത്തിന്റെ വാതുക്കൽ വച്ചു കാര്യവിചാരം നടത്തിവന്നതുകൊണ്ടാണു്.

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/77&oldid=160137" എന്ന താളിൽനിന്ന് ശേഖരിച്ചത്