ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
രാജ്യവിഭാഗങ്ങൾ.
ഭരണസൗകര്യത്തിനുവേണ്ടി സംസ്ഥാനത്തെ നാലു ഡിവിഷനായിട്ടും ഓരോ ഡിവിഷനെ അനേകം ചെറിയ താലൂക്കുകളായിട്ടും വിഭജിച്ചിരിക്കുന്നു. താലൂക്കുകളെ പകുതികളായും അവയെ മുറികൾ അല്ലെങ്കിൽ കരകൾ ആയും ഭാഗിച്ചിട്ടുണ്ടു്. താലൂക്കുകൾ ആകെ ൩൦-ം പകുതികൾ ൪൩൩-ം ആണു്. നാലു ഡിവിഷനിൽവച്ചു ഏറ്റവും വലിയതു് കൊല്ലം ഡിവിഷനാകുന്നു. സംസ്ഥാനത്തിന്റെ ഏകദേശം പകുതിഭാഗം ഈ ഡിവിഷനിലാണു് ഉൾപ്പെട്ടിരിക്കുന്നതു്. ആകെ ൩൦ താലൂക്കുകളുള്ളവയിൽ വലുതു് പത്തനംതിട്ടത്താലൂക്കാണു്. സർവേമുഴുവൻതീർന്നിട്ടില്ലാത്ത മലകൾ ഉൾപ്പെടെ ഇതിന്റെ ക്ഷേത്രഫലം തൊള്ളായിരം ചതുരശ്രമൈൽ ആകുന്നു. ഏറ്റവും ചെറിയ താലൂക്കു് കാർത്തികപ്പള്ളിയാണു്. ഇതിനു് ൭൪ ചതുരശ്രമൈലേ ക്ഷേത്രഫലമുള്ളു. ഡിവിഷൻ, താലൂക്കു്, കച്ചേരിസ്ഥലം, വിസ്തീർണ്ണം, ജനസംഖ്യ ഇവയ്ക്കും പകുതി വിവരങ്ങൾക്കും അടിയിൽ പട്ടിക ചേർത്തിരിക്കുന്നു.