ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൂത്തുണ്ടൊരുദിശി പാട്ടുണ്ടൊരു ദിശി
ഓത്തുണ്ടൊരുദിശി കീർത്തനമൊരു ദിശി
ആട്ടമൊരേടത്തഭ്യാസികളുടെ
ചാട്ടമൊരേടത്തായുധവിദ്യ,
കൊട്ടും കോലടി ചെപ്പടി തപ്പടി
തട്ടിന്മേൽക്കളി തകിലും മുരശും,
നാടകനടനം നർമ്മവിനോദം
പാഠകപഠനം പാവക്കൂത്തും
മാടണിമുലമാർ മോഹിനിയാട്ടം
പാടവമേറിന പലപലമേളം,
ചന്തംതടവിനചതുരംഗങ്ങളു-
മന്തരഹീനം പകടക്കളിയും
ചിന്തുംപേരണി പോരണിവിധവും,
പന്തടിവീണാ വേണുമൃദംഗം
അന്തണവരരുടെ ശാസ്ത്രവിചാരം
ഗ്രന്ഥികളുടെ പടുമത്സരവാദം.
സന്ധിതുടങ്ങിന നയശാസ്ത്രങ്ങളു-
മെന്തിതു ചൊന്നാലിലല്ലവസാനം.
ദന്തികളനവധി കാലാളുകളും
പന്തിനിറഞ്ഞൊരു കുതിരപ്പടയും,
ലന്തത്തോക്കു പറങ്കിത്തോക്കുകൾ
കുന്തം ചവളം വില്ലും ശരവും
ആയുധവാഹനവിഭവം പറവാ-
നായിരമാനനമുള്ളവനുംപണി.

മായവിതന്നുടെ മകനാം മന്നവ-
നായ തനയനൻ വാണൊരുകാലം.

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/10&oldid=160284" എന്ന താളിൽനിന്ന് ശേഖരിച്ചത്