ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒരുദിനമരശൻ നരവരസഭയിൽ
പരിചൊടുമണി സിംഹാസനമേറി-
പ്പരിണതരാകിന മന്ത്രികളോടൊ-
ന്നരുളിച്ചെയ്താനമിതോത്സാഹൻ:

"മധുരയിൽ മന്നവനെന്നൊടു ചെയ്തൊരു
മതികപടങ്ങളശേഷമിദാനീം
മതിമാന്മാരാം മന്ത്രിവരന്മാർ
മതിയിൽ മറന്നിഹ മരുവീടുകയോ?
മതിയാകില്ലവനെക്കൊലചെയ്‌വാ-
നിതിലൊരു പൂരുഷനെന്നൊരു മതമോ?
മതി മതിയെന്തിനനർത്ഥമിതെന്നൊരു
മതിമാന്ദ്യേന വസിച്ചീടുകയോ?
അതിനു തുടർന്നാൽ ചെലവിടുവിൻ ഞാൻ
മതിയല്ലെന്നൊരു ദുർബോധംകൊ-
ണ്ടതിയായിട്ടൊരു സന്നാഹത്തിൽ,
മതിമാന്മാരുമടിച്ചീടുകയോ?
മാതുലരൈവരെ വെട്ടിക്കൊന്നൊരു
പാതകിയാമവനവനി വെടിഞ്ഞു
പ്രേതപുരത്തിലിരിക്കണമെന്നതി-
നേതുമെനിക്കൊരു സംശയമില്ല.
ക്ഷോണീപതിയെന്നിങ്ങിനെയുള്ളൊരു
നാണയമിങ്ങു നശിച്ചു തുടങ്ങി,
നാണംകെട്ടൊരു കോണിലിരിപ്പാൻ
ആണുങ്ങൾക്കതു ഗൂണമായ് വരുമോ?

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/13&oldid=160287" എന്ന താളിൽനിന്ന് ശേഖരിച്ചത്