ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മതം നമുക്കനുമതം വൃകോദര!
ഹിതംപറഞ്ഞതുചിതം ഗ്രഹിക്ക നീ.
കുരുകുലമതിലിഹജാതന്മാരവർ
ഒരുനൂറും നാമൈവരുമല്ലോ.
ഒരുമനമുക്കുമവർക്കും തങ്ങളിൽ
വരുവാൻ വിഷമമതെങ്കിലുമിപ്പോൾ
മാറ്റാർവന്നു വിരോധിക്കുമ്പോൾ
നൂറ്റഞ്ചും പുനരൊന്നെന്നേ വരു
ഊറ്റക്കാർക്കും വരുമൊരബദ്ധം
കൂറ്റാർ വേണമൊഴിപ്പതിനപ്പോൾ
കൂറ്റാരൊരുവരുമില്ലാതൊരുദിശി
മറ്റാരെങ്കിലുമുപകൃതിചെയ്യാം.
കാറ്റിൻമകനേ മടിയാതവർകളെ
മാറ്റിക്കൊണ്ടിഹ വരിക കുമാരാ!
പണ്ടൊരു പൂച്ചയുമെലിയും തങ്ങളിൽ
ലുണ്ടായ് വന്നു സഖിത്വമൊരുന്നാൾ
മലയുടെ മൂട്ടിൽ കാട്ടാളന്മാർ
വലയും കെട്ടിയുറപ്പിച്ചങ്ങനെ
കലയും മാനും പുലിയും വന്നതിൽ
വലയുംന്നേരം കൊലചെയ്യാനായ്
ഒരുദിശിപാർത്തിതു പകൽകഴിവോളം
ഒരുമൃഗമന്നിഹവന്നതുമില്ലാ.
വരുമിനിരാത്രിയിൽ നാളെ വെളുത്താൽ
വിരവൊടുവന്നുവധിക്കാമെന്നവർ
കരുതിത്തങ്ങടെ ഭവനേ ചെന്നുട
നൊരുമിച്ചവിടെയുറക്കുവുമായി.

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/69&oldid=160348" എന്ന താളിൽനിന്ന് ശേഖരിച്ചത്