ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കൊച്ചിയും കോഴിക്കോടും
58

സാമൂതിരിപ്പാടു തൃശ്ശിവപേരൂരു താലൂക്കിന്റെ തെക്കെ അതിൎത്തിയായ മാപ്രാണമെന്ന ഒരു ദേശംവരെ കൈവശമാക്കി എന്നും, പിന്നെ ആലങ്ങാട് പറവൂരു മുതലായ പ്രദേശങ്ങളിലും വന്നുകൂടീട്ടുണ്ടായിരുൻഹ്നു എന്നും, സാമൂതിരിയെ സ്വരാജ്യത്തുനിന്ന് ഒഴിപ്പിപ്പാൻ കൊച്ചിരാജാവിനു ശേഷിയാകാഞ്ഞിട്ടു തിരുവിതാംകൂർ മഹാരാജാവിനോടു സഹായമപേക്ഷിക്കയും അതുപ്രകാരം സഹായിക്കാമെന്നു ഉടമ്പടി എഴുതിമാറുകയും ചെയ്തു എന്നും, ഇതിന്നു മുമ്പിൽ പറഞ്ഞുവെച്ചിട്ടുണ്ടല്ലൊ. എന്നാൽ കൊച്ചിരാജാവിന്റെ ഇതിന്നു മുമ്പുള്ള നടപടി കണ്ടനുഭവമുണ്ടായിരുന്നതിനാൽ തിരുവിതാംകൂർ മഹാരാജാവിന്നു അദ്ദേഹത്തിന്റെ ഉടമ്പടിയിൽ അത്ര വിശ്വാസമുണ്ടായില്ല. അതിനാൽ, സാമൂതിരിയുടെ നേരെ യുദ്ധത്തിന്നു പുറപ്പെടുവാൻ കുറെ അമാന്തിച്ചു. അപ്പോൾ കൊച്ചിരാജാവു തന്റെ മരുമകനായ വീരകേരളവൎമ്മ രാജാവിനെ തിരുവനന്തപുരത്തേക്കയച്ചു. മുൻ എഴുതിമാറിയ ഉടമ്പടിപ്രകാരം എല്ലാം ചെയ്തുകൊള്ളാമെന്നു തിരുവിതാംകൂർ മഹാരാജാവിനു വിശ്വാസം വരുന്നതിന്നായി വീരകേരളതമ്പുരാൻ ശൂചീന്ദ്രത്തുപോയി ദേവന്റെ മുമ്പിൽവെച്ചു താഴെ എഴുതുംപ്രകാരം ഒരു സത്യവും ചെയ്തു.