ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-34-


രിക്കുന്നു എന്നു വ്യസനപൂൎവ്വം പറയേണ്ടിവന്നിരിക്കുന്നു. സ്വാതന്ത്ര്യത്തോടുകൂടി സുഖമായി വളരെക്കാലം വാണുവന്നിരുന്ന ഈ ഗ്രാമസംഘങ്ങളാകട്ടെ കോയ്മകളുടെ പലപ്പോഴുമുണ്ടായ മാറ്റങ്ങളിലും ഇത്ര വലിയ സങ്കടം അനുഭവിക്കുകയുണ്ടായില്ല. കോയ്മകൾ വ്യത്യാസപ്പെട്ടാലും ഗ്രാമഭൂമികളുടെ ഉടമാവകാശം അന്യന്മാൎക്കധീനമായാലും അവൎക്ക് അതുകൊണ്ടു വിശേഷിച്ച് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ഗ്രാമാധിപതികൾ അന്നും കൃഷിക്കാർ‌ കൃഷിചെയ്തുണ്ടാക്കുന്ന വിളവിൽ അതാതാളുകൾക്കുള്ള ഭാഗം തിരിച്ചു കൊടുത്തിരുന്നു. വിളവിൽ നാടുവാഴിയുടെ ഭാഗമായ കരം, ജന്മിയുടെ ഭാഗമായ പാട്ടം, ഇതുകളൊക്കെ യാതൊരു വ്യത്യാസവുംകൂടാതെ പിരിച്ചു കൊടുത്തിരുന്നത് ഇവർതന്നെ ആയിരുന്നു. ഇതിനുപുറമെ തങ്ങൾക്കും ഒരു അവകാശം ഈ കൂട്ടത്തിൽ ഉണ്ട്. ഇതും നടപ്പുകാരന്റെ ഭാഗവും വിഭജിക്കുന്നതിലും ക്ലിപ്തമായ ചില നിയമങ്ങളുണ്ടായിരുന്നു. ഇതിന്നു പുറമേ ഗ്രാമത്തിലെ ആശാരി, കൊല്ലൻ ഇങ്ങിനെ തുടങ്ങിയ പല പണിക്കാൎക്കും ചില ചില്ലറ ഭാഗങ്ങൾ കൊടുക്കുകയും പതിവുണ്ടായിരുന്നു.

ഭൂമി ഉടമസ്ഥന്മാർ പലപ്പോഴും മാറിവരുന്ന ദിക്കിൽ വല്ല നിയമവും ഉണ്ടായിട്ടുണ്ടോ എന്നാണ് ഇനി ഒന്നാലോചിപ്പാനുള്ളത്. ഇതിന്റെ പ്രധാനനിയാമകം ചരിത്ര സംഭവങ്ങളുടെ ഗതിഭേദങ്ങൾ തന്നെ ആണെങ്കിലും ഈ ഭൂമിഉടമാവകാശമാറ്റങ്ങൾ താഴെപറയുന്ന മൂന്നുവിധത്തിലല്ലാതെ ഉണ്ടായി കാണുന്നത് ദുർല്ലഭമാണ്. (1)‌ രാജ്യവും ഭൂമിയും രാജാവിന്റേതുതന്നെ ആണെന്നുള്ള തത്വ[1]ത്തിന്ന-


  1. മേൽ പ്രസ്താവിച്ചതായ ഫ്യൂ്ഡൽ സിസ്റ്റ (Feudal system)ത്തിന്റെ പ്രധാന തത്വം ഇതാകുന്നു. യൂറോപ്പുരാജ്യത്തിൽ ചരിത്രപ്രസിദ്ധമായ "അന്ധകാരകാല"ത്തിന്റെ അല്ലെങ്കിൽ മദ്ധ്യകാലത്തിന്റെ അവസാനത്തോടുകൂടി ഈ തത്വം ക്ഷീണിച്ചു തുടങ്ങുകയും, പിന്നീടുണ്ടായ "പരിഷ്ക്കാരകാലത്ത്" ക്രമത്തിൽ പ്രജകൾക്കനുകൂലമായി ചില ഭേദഗതികൾ ഉടമാവകാശത്തിൽ വന്നു തുടങ്ങുകയും ചെയ്തു. ഇന്ത്യയിലാകട്ടെ മഹമ്മദീയരുടെ കാലത്തൊക്കെ ഈ തത്വം പ്രബലമായിതന്നെ ഇരുന്നിരുന്നു. അതിന്നു ശേഷം വന്നതായ ബ്രിട്ടീഷുഗവർമ്മേണ്ടു പക്ഷെ മഹമ്മദീയസമ്പ്രദായത്തെ കാതലാക്കീട്ടാണ് കുടിയായ്മരീതികളെ ഉറപ്പിച്ചത്.
"https://ml.wikisource.org/w/index.php?title=താൾ:Janmi_Malayalam_Mahazine_1.2.pdf/6&oldid=161437" എന്ന താളിൽനിന്ന് ശേഖരിച്ചത്