ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആരണ്യകാണ്ഡം ൪൧

വിരാധനേയും ഖരാദികളേയും എന്റെ ഭർത്താവു ജയിച്ചിട്ടു കാലം അധികമായിട്ടില്ലല്ലൊ. അങ്ങുന്ന് പരമഹംസനായ സന്യാസിയാണെന്ന കാര്യം വിശ്വസിപ്പാൻതന്നെ പ്രയാസമായിരിക്കുന്നു.

ജാനകിയുടെ ഈ അഭിപ്രായം കേട്ടപ്പോൾ , രാവണൻ തന്റെ യഥാർത്ഥമായ സ്വരൂപം തന്നെയെടുത്ത് ജാനകിയെ പിടിപ്പാൻ അടുത്തെത്തി. പക്ഷെ പതിവ്രതയായ ജാനകിയെ തൊട്ടാൽ പൊള്ളുമെന്ന നിലയിൽ ഉഗ്രമായ ചൂടു തോന്നുകയാൽ ജാനകി നിന്ന ഭൂമിയോടും കൂടി അവളെ എടുത്ത് മായാവിയായ രാവണൻ ഒളിച്ചു നിർത്തിയിരുന്ന രഥത്തിൽ വെച്ച് ആകാശത്തിലേക്കു പൊങ്ങി . ജാനകിയുടെ ആർത്തനാദം കേട്ടു ജടായു രാവണനോട് അംബരമാർഗ്ഗത്തിൽ ചെന്നു യുദ്ധം ചെയ്തു. രാവണന്റെ കിരീടം , കുണ്ഡലം , ബാഹുവലയം തുടങ്ങിയ ആഭരണങ്ങളും , വില്ലും ജടായു കൊത്തി ഭൂമിയിൽ വീഴ്ത്തി . ബഹുനേരം യുദ്ധം ചെയ്തിട്ടും ജയമില്ലെന്നു കാണുകയാൽ രാവണൻ പക്ഷിയോടു മർമ്മം പറഞ്ഞ് യുദ്ധം ചെയ്യാമെന്നുറച്ചു. തന്റെ മർമ്മം എടത്തെ കാലിന്റെ പെരുവിരലിന്മേലാണെന്നു പറഞ്ഞു . അതു സത്യമാണെന്നു വിശ്വസിച്ചു തന്റെ മർമ്മം വലത്തെ ചിറകിലാണെന്നു ജടായുവും പറഞ്ഞു. ജടായു വക്രതുണ്ഡംകൊണ്ടു രാവണന്റെ മർമ്മത്തിൽ കൊത്തുവാൻ താണസമയം ചന്ദ്രഹാസം കൊണ്ടു രാവണൻ ജടായുവിന്റെ വലത്തെ പക്ഷം വെട്ടുകയും , ജടായു ഭൂമിയിൽ പതിക്കുകയും ചെയ്തു. ഈ സംഭവം ശ്രീരാമനെ കണ്ടു പറയുന്നതു വരെ ജടായു മരിക്കരുതെന്നു സീത ധ്യാനിച്ചിരുന്നു. രാവണൻ സീതയേയും കൊണ്ടു ലങ്കയിലെത്തി അശോകവനത്തിലൊരിടത്തു സീതയെ ഇറക്കിവെച്ച് , രാക്ഷസികളെ കാവലിന്നുമാക്കി. സീതയുടെ നേരെ നയോപായങ്ങൾ പ്രയോഗിച്ചു അവളെ തനിക്ക് സ്വാധീനയാക്കിത്തരേണമെന്നു രാക്ഷസികളോടപേക്ഷിച്ച് രാവണന്റെ രാജ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/55&oldid=161700" എന്ന താളിൽനിന്ന് ശേഖരിച്ചത്