ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൧ കിഷ്ക്കിന്ധാകാണ്ഡം

നായ ദശരഥചക്രവർത്തിയുടെ മക്കളാണ്. ഇത് എന്റെ അഗ്രജൻ രാമനാണ്. എന്റെ പേർ ലക്ഷ്മണനെന്നുമാണ്. പിതൃവാക്യപരിപാലനത്തിന്നുവേണ്ടി ഞങ്ങൾ വനത്തിൽ വന്നിരുന്ന സമയം സ്വാമിപത്നിയെ രാവണൻ കട്ടുകൊണ്ടു പോയി. സീതാന്വേഷണം ചെയ്തുവരുന്ന ഞങ്ങൾക്കു നിന്റെ സ്വാമിയായ സുഗ്രീവനെ കണ്ടാൽ കൊള്ളാമെന്നുണ്ട്. ഇതു കേട്ടു ഹനുമാനു തൃപ്തി വരികയും , തന്റെ സ്വന്തം വേഷമെടുത്ത് രാമലക്ഷ്മണന്മാരെ വീണ്ടും നമസ്ക്കരിക്കുകയും ചെയ്തു. ഹനുമാന്റെ കർണ്ണത്തിൽ ധരിച്ചിട്ടുള്ള കുണ്ഡലത്തിന്നു ആദിത്യരശ്മിയെ തിരസ്ക്കരിക്കത്തക്ക ശോഭയുണ്ടെന്നും ഇതിന്നു ശരിയായ ഒരു കുണ്ഡലം ലോകത്തിൽ കാണ്മാൻ പ്രയാസമാണെന്നും ശ്രീരാമൻ അരുളിച്ചെയ്തതു കേട്ട് ഹനുമാൻ ആശ്ചര്യഭരിതനായിത്തീർന്നു. ഹനുമാൻ ധരിച്ചിട്ടുള്ള കർണ്ണകുണ്ഡലം യാതൊരു ശരീരി കാണ്മാനിടവരുന്നതോ ആയാൾ ചരാചരഗുരുവായിരിക്കുമെന്നു ഹനുമാന്റെ ഗുരുവായ സൂര്യൻ അനുഗ്രഹിച്ചിട്ടുണ്ട്. അതുകൊണ്ടാണു ഹനുമാന് വലുതായ ആശ്ചര്യമുണ്ടായത്. ഹനുമാൻ സുഗ്രീവനെ കൂട്ടിക്കൊണ്ടുവരുവാൻ പോയി. സുഗ്രീവനെക്കണ്ട് ഇങ്ങിനെ പറഞ്ഞു.

ഹനൂമാൻ --- കല്പനപ്രകാരം അടിയൻ പോയി ആളെ മനസ്സിലാക്കി. നിന്തിരുവടിയുടെ ഗ്രഹപ്പിഴകളെല്ലാം നീങ്ങിയെന്നാണ് വിചാരിക്കേണ്ടത്. അവർ രണ്ടു പേരും ദശരഥാന്മജന്മാരായ രാമലക്ഷ്മണന്മാരാണ്. അവരിൽ ശ്രീരാമൻ മഹാവിഷ്ണുവിന്റെ അവതാരമാണ്. ശ്രീരാമപത്നിയായ സീതയെ രാവണൻ കട്ടുകൊണ്ടുപോകയാൽ ഇവർ അന്വേഷണം ചെയ്തു നടക്കുകയാണ്. നിന്തിരുവടിയെ കാണ്മാൻ അവർക്കു മോഹമുണ്ട്. അവരെ നമസ്ക്കരിച്ചു പ്രസാദിപ്പിക്കുക. നിന്തിരുവടിയുടെ ശത്രുനിഗ്രഹം ചെയ്ത് രാജ്യം അധീനമാക്കിത്തരുവാൻ പ്രാപ്തന്മാരാണ് അവർ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/65&oldid=161710" എന്ന താളിൽനിന്ന് ശേഖരിച്ചത്