ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ലേഖപ്രവേകരിലേകനെ മാത്രമേ
ലോകം സവിതാവെന്നോതുന്നുള്ളു 440
സ്രഷടാവിന്നില്ലാത്തൊരക്കീർത്തിയങ്ങേയ്ക്കീ
നിത്യഗോദാനം താൻ ലബ്ധമാക്കീ.
അങ്ങയെ ഞാനും സവിതാവായ് വന്ദിപ്പു
തിങ്ങളിൽത്തിങ്ങളിൽ സന്ധ്യതോറും
സത്യമെന്നച്ഛനങ്ങക്കുന്നിയമ്മതൻ-
വൃത്തം ഞാൻ കേട്ടാലും കേൾക്കാഞ്ഞാലും,
ത്വത്സുതൻ പാർത്ഥന്റെ ജീവിതം മജ്ജൂഷ-
യശ്വനദിയ്ക്കുള്ളിൽ വീഴുവോളം,
രാധ വളർത്തിയോരിക്കർണ്ണൻ തൽഭിന്നൻ-
നൂതനനാമൊരു ഗംഗാദത്തൻ. 450
എന്നമ്മ ഭാരതഭൂമി എന്നച്ഛനോ
നിർണ്ണയമങ്ങേയ്ക്കുമച്ഛനീശൻ !
അക്കാലം-തെല്ലെന്നെ മിഥ്യാഭിജാത്യമാം
പൊയ്ക്കാലിൽ നിർത്താതെ കാത്ത ദൈവം
ഞാനതിന്നാദ്യമായഞ്ജലി കൂപ്പുന്ന
മാനുഷകാന്വയ ജന്മധന്യൻ
സൂതജനാവട്ടെ, സൂരജനാവട്ടെ
മേദിനീദേവിതന്നങ്കമാർന്നോൻ.