ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഹേഹയനൃപതേ! നിന്നെക്കണ്മാൻ
മാഹിഷ്മതിയിലെഴുന്നരുളുന്നു;
സാഹസമെന്തിപ്പെണ്ണുങ്ങളുമായ്
മോഹമിയന്നു കളിക്കുന്നെന്തിഹ!*
ഝടിതി ഭവാൻ ചെന്നമ്പൊടു തന്തിരു-
വടിയുടെ ചണസരോജേ ബഹുധന-
മടിയറയും വച്ചാശു വണങ്ങുക
മുടിയരുതേ തവ നാടും നഗരവു-
മടിയാർ കുടിയാരങ്കം ചുങ്കം
പടയും കുടയും പ്രജകളുമൊന്നും
മുടിയരുതാകിലശങ്കം നിന്നുടെ
മുടിയിൽ തന്തിരുവടിയുടെയടിമലർ-
പൊടിയേറ്റവിടെ വസിച്ചീടുക നീ!
പിടിപാടില്ലാത്തെന്തൊരു കഷ്ടം!
പിടിയാത്തവരൊടു പടവെട്ടിച്ചില
പിടിയാനകളും പിടികുതിരകളു1
മുടനേ കിട്ടിയതോർത്തു തിമർത്തിഹ
പടുഭാവത്തെ നടിച്ചീടുന്നൊരു
വിടുഭോഷൻ നീ, ദശമുഖചരിതം
വിരവൊടു ബോധിച്ചില്ലേ നിയതം?
ചടുലവിലോചനമാരുടെ തടമുല
ഉടലിലണച്ചു പുണർന്നുംകൊണ്ടിഹ
നന്നം ചെയ്യും കാമിജനം മറു-
നാട്ടിലെ വാർത്തകളെന്തറിയുന്നു?
മടുമലർശരനെച്ചുട്ടുപൊടിച്ചൊരു
നിടിലതടത്തോൻ വാണരുളുന്നൊരു
കുലഗിരിവരനെക്കുത്തിയെടുത്തു കു-
ലുക്കിയിളക്കിയെറിഞ്ഞു പിടിച്ചൊരു
കരബലജലനിധിയാകും രാവണ-
നുലകു ജയിച്ചജഗത്ത്രയമന്നൻ
ശ്രീമദുദാരശ്രീദശകണ്ഠ-
സ്വാമി ഭവാനോടരുൾചെയ്യുന്നു
കല്പനയെന്തെന്നതുമുരചെയ്യാം:
'കപ്പം തരണം കാലന്തോറും
വിളവിൽ പാതി നമുക്കു തരേണം
മുളകു സമസ്തവുമേല്പിക്കേണം;
"https://ml.wikisource.org/w/index.php?title=താൾ:Karthaveeryarjunavijayam.djvu/14&oldid=161933" എന്ന താളിൽനിന്ന് ശേഖരിച്ചത്