ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സമരാങ്കണമതിലമരാധിപനുടെ
സമരാടോപവുമാശു ശമിപ്പി-
ച്ചമരാംഗനമാരേക്കൊണ്ടഥ വെൺ-
ചാമരവ്യജനം വീശിപ്പിച്ചു;
നന്ദനവിപിനേ കല്പദ്രുമ ഹരി-
ചന്ദ്രന മന്ദാരാദി മരങ്ങടെ
വൃന്ദമശേഷം പിഴുതു പതുക്കെ
സ്യന്ദനമേറ്റിക്കൊണ്ടു തിരിച്ചഥ
കുണ്ഠേതരഭുജവിക്രമനാം ദശ-
കണ്ഠൻതന്നുടെ ലങ്കാനഗരേ-
കൊണ്ടിഹ വന്നുടനുദ്യാനങ്ങളു-
മുണ്ടാക്കിപ്പുനരത്ര വസിച്ചു;
ശാരദനീരദസന്നിഭനാകിയ
നാരദമാമുനി വീണയുമായി
ചാരുദയാനിധി കലഹപ്രീതിവി-
ശാരദനാകിയ ഭഗവാനൊരുനാൾ
ധീരനതാകിയ നക്തഞ്ചരപതി-
വീരനിരിക്കും മണിമാളികമേൽ
ചാരുദയാഘനമോദമൊടങ്ങനെ
പാരാതങ്ങെഴുനള്ളി തദാനീം:
ഉന്നതനാകിയ രാവണനപ്പോ-
ളുത്ഥാനംചെയ്താശു വണങ്ങി
ഭക്തിപുരസ്സരമർഗ്ഘ്യാദികൾകൊ-
ണ്ടത്യാദരമാരാധനചെയ്തു
ഭദ്രാസനവും നൽകിയിരുത്തി
ഭദ്രതരം കുശലപ്രശ്നാദികൾ
സമുദാചാരംചെയ്തു പതുക്കെ
സംസൽക്കരണവുമാശു കഴിച്ചു;
"കമലാസനസുതനാകിയ മുനിവര-
വിമലഗുണാലയ നാരദഭഗവൻ!
ഭവദാഗമനംകൊണ്ടു മദീയം
ഭവനം പാവനമായി വിശേഷാൽ;
ഭുവനം മൂന്നിലുമുള്ള ജനാനാ-
മവനംചെയ്യും നിന്തിരുവടിയെ-
ക്കണ്ടതുകൊണ്ടിഹ കളിയല്ല ദശ-
കണ്ഠനു മനസി മഹാസന്തോഷം;
കുണ്ഠിതസുകൃതൻമാർക്കു ഭവാനെ
ക്കണ്ടു രസിപ്പാനെളുതല്ലേതും;
"https://ml.wikisource.org/w/index.php?title=താൾ:Karthaveeryarjunavijayam.djvu/2&oldid=161939" എന്ന താളിൽനിന്ന് ശേഖരിച്ചത്