ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കെടുത്ത നിന്നുടെ കരതലവിരുതുകൾ
അടക്കി വയ്ക്കുന്നുണ്ടതിനൊരു ശര-
മുടക്കി വിരവിനൊടയച്ചു നിന്നുടൽ
മുടക്കി മൂഢനെ മുഹുരപി മുഹുരപി
മടക്കി മണ്ടിക്കുന്നതുമുണ്ടിഹ
പടയ്ക്കുവന്നൊരു ബഹുത്വമമ്പൊടു
കെടുത്തു മൂഢനെ എടുത്തു വടികൊ-
ണ്ടടിച്ചു പല്ലുകൾ പൊഴിച്ചു ഞാനും
പിടിച്ചു കെട്ടിയിരുപതു കൈകളു-
മൊടിച്ചയയ്ക്കണമെന്നൊരു പക്ഷം;
ഒരിക്കൽ നിന്നുടെയിരുപതു മീശകൾ
കരിച്ചയയ്ക്കണമെന്നു വിചാരി-
ച്ചിരിക്കവേ നീ വന്നിഹ ചാടിയ-
തെനിക്കു നല്ലൊരു കൗതുകമധികം;
മദിക്കകൊണ്ടും പലപല ചപലത
കഥിക്കകൊണ്ടും സുരകുലമേറെ-
ച്ചതിക്കകൊണ്ടും കുലതരുണികളെ-
പ്പിടിക്കകൊണ്ടും കള്ളുകൾ വളരെ-
ക്കുടിക്കകൊണ്ടും ഭള്ളുകൾ പലവക
നടിക്കകൊണ്ടും നാടുകളഖിലം
മുടിക്കകൊണ്ടും നതാംഗിമാരെ
പ്പിടിക്കകൊണ്ടും വന്നൊരു പാതകം
അപവാദത്തിനു മൂലമതിങ്ങനെ
വിപദേ വന്നു ഭവിച്ചതുമിപ്പോൾ
ഝടിതി നിന്നുടെ; തടിയടിച്ചു-
പൊടി പൊടിച്ചു മുടിയിഴച്ചു
പടയിലുടയ പടുത പലതു
ഝടിതി തുടങ്ങുക സപദി മടങ്ങുക!
കരുതിനിന്നു പൊരുതുകൊൾക രാവണ!
പെരുതു നിന്റെ വിരുതു സജ്ജനാനാം
ബലചരിതമൊക്കെ ദുരിതമാക്കിയൊരു ബഹു
ദുരിതരാശിഭരിതനായ കാരണം
ഇത്ഥമിന്നു വന്നുകൂടി സംഗതി
രൂക്ഷഹൃദയ! രാക്ഷസാധമ! തവ"
തൽക്ഷണത്തിലിത്ഥമോതി രോഷമോ-
ടർജ്ജുനൻ രണത്തിനായ് തുടർന്നിതു
ചമ്പതാളം
നൃപതികുലനാഥനും നിര്യതികുലനാഥനും
സപദി ബത തങ്ങളിൽ സമരമിടകൂടിനാർ
"https://ml.wikisource.org/w/index.php?title=താൾ:Karthaveeryarjunavijayam.djvu/21&oldid=161941" എന്ന താളിൽനിന്ന് ശേഖരിച്ചത്