ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
- പഞ്ചശതപാണികളിലഞ്ചിതമതാകുമൊരു
- പഞ്ചശതചാപശരസഞ്ചയമെടുത്തൊരുവ-
- നഞ്ചുമുടനഞ്ചുമൊരു പാണികളിൽ വില്ലുകളു-
- മമ്പുകളുമമ്പൊടു ധരിച്ചപരനും മുദാ
- സംഗരവിധങ്ങളവർ തങ്ങളിലഭംഗതര-
- മങ്ങവർ തുടങ്ങിയിടരോടതി ഗഭീരം
- ഘോരശരമാരികളുതിർത്തഥ തിമിർത്തു ബത-
- പോരതു തുടങ്ങി നിശിചാരിനൃപവീരൻ
- പലപൊഴുതുമവർ കരുതി കുറവതു വരരുതിവിടെ
- നിരവധിക നിശിതശരമരിവരനിലരിശമൊടു
- വിട്ടു പടവെട്ടുവതിനൊട്ടു ഞെട്ടലതുമില്ല
- വടിവിനൊടുമവരുടയ ഝടഝടതയിങ്ങനെ
- ഝടിതി ഗുരുവിപ്ലവമതുടനുടനുയർന്നു;
- തുരുതുരെ വരുന്ന ബഹുശരനിര കലർന്നു നിശി-
- ചരരധികവരനധിക ശകലിതനതായി;
- അഗ്ന്യസ്തവും വരുണാസ്ത്രവും ശക്രാസ്ത്രം
- ലഘുതരം പ്രത്യസ്ത്രത്ര്യക്ഷാസ്ത്രമീവിധം
- പലവകയിലവരുടയ കലശലതു പറവതിനു
- ഫണിപതിയുമതിനു മതിയല്ലെന്നതും ദൃഡം;
- ക്ഷിതിപതിയുമഥ രജനിചരപതിയുമങ്ങനെ
- തങ്ങളിൽ സംഗരം ചെയ്തോരനന്തരം
- വീര്യം പെരുത്ത കൃതവീര്യാത്മജന്റെ ഭുജ*
- ദണ്ഡപ്രയുക്തശരഷണ്ഡങ്ങൾകൊണ്ടു ദശ-
- കണ്ഠന്റെ വീര്യമതു കുണ്ഠത്വമാർന്നു യുധി
- കണ്ടിച്ചു വില്ലുമതുമിണ്ടൽക്കു മൂലമായ്
- മണ്ടിത്തിരിപ്പതിനു മാർഗ്ഗത്തെ നോക്കിയതു
- കണ്ടിട്ടു നില്ക്കുന്ന കാർത്തവീര്യാർജുനൻ
- ഝടിതി ദശമുഖനുടയ മുടികൾ പിടിപെട്ടുട-
- നങ്ങോട്ടുമിങ്ങോട്ടുമുന്തിയും തള്ളിയും
- ഝടഝടിതിയുടനടിയുമിടികളും കൊണ്ടുടൻ
- ചാകാതെ ചത്തു തരംകെട്ടു രാവണൻ;
- ചപലമതിയവനുടയ പുഷ്പകവിമാനവും
- ചന്ദ്രഹാസാദിയും കൈക്കലാക്കി നൃപൻ;
- കരചരണമുപചരണമിരുപതു കരങ്ങളും
- ചങ്ങലകൊണ്ടു ബന്ധിച്ചു ലങ്കേശനെ
- കരചരണചലചലനരഹിതമിഹ കൊണ്ടുപോ-
- യ്ക്കാരാഗൃഹം തന്നിലിട്ടു പൂട്ടീടിനാൽ;