ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഹന്ത ഭവാനരുൾചെയ്തീടേണം,
നിന്തിരുവടി മമ കുലബലധനസുഖ-
സന്തതിപുഷ്ടി വരുത്തീടേണം;
നിന്തിരുവടിയൊന്നരുളിച്ചെയ്താ-
ലെന്തെങ്കിലുമതു സാധിക്കുന്നേൻ;"
ഇത്ഥം നരവരഗീരുകൾ കേട്ടതി
നുത്തരമരുളിച്ചെയ്തു മുനീന്ദ്രീൻ;
"സാധുമതേ! തവ ഭൂതികൾ കാൺമാൻ
സിദ്ധാന്തിച്ചിഹ വന്നിതു ഞാനും
സിദ്ധന്മാരൊടുകൂടി വസിപ്പാ-
നെത്രയുമാഗ്രഹമുണ്ടു നമുക്ക്;
ഉദ്ധതഗതിയാം നമ്മുടെ പൗത്രന-
ബദ്ധമതല്ലാതില്ലൊരുനാളും,
മൃത്യുഞ്ജയനുടെ വാസഗിരീന്ദ്രം
കുത്തിയെടുത്തവനെന്തരുതാത്തു?
അത്ര പെരുത്ത ദുരാചാരത്തെ നി-
വൃത്തിവരുത്താനിത്തൊഴിൽ കൊള്ളാം!
എന്നാലവനെയഴിച്ചുവിടേണം
നന്നായ്‌വരുമിതുകൊണ്ടു നിനക്ക്
ചെമ്മേ നിൻകൃപകൊണ്ടിതു ചെയ്താൽ
നന്മ നിനക്കിനി മേന്മേലുണ്ടാം,"
മാമുനിവചനം കേട്ടു നരേന്ദ്രൻ;
മനസി ഹിതംപൂണ്ടിദമരുൾചെയ്തു
"ഇപ്പോൾതന്നെയഴിച്ചു വിടുന്നേ-
നപ്രിയമതുകൊണ്ടുണ്ടാകേണ്ട "
അപ്പോൾ വന്നൊരു കിങ്കരഭടനെ *-
ക്കല്പിച്ചമ്പൊടയച്ചു നരേന്ദ്രൻ ;
കിങ്കരനുടനേ ചെന്നതുനേരം
ലങ്കാപതിയുടെ കൈകാൽകളിലെ
ശൃംഖല വിരവൊടഴിച്ചു പതുക്കെ
തൻകരയുഗളം കൊണ്ടുതലോടി
വെളിയിൽകൊണ്ടന്നർജ്ജുനനികടേ
തെളിവിൽ നിറുത്തി, വണങ്ങിയിരുന്നു
നാണംപൂണ്ടു മുഖാവലി താഴ്ത്തി
ക്ഷീണം പൂണ്ടു വസിക്കുന്നവനൊടു
നരപതിയരുളിച്ചെയ്തിതു: "നിന്നൊടു;
പരിഭവമൊക്കെത്തീർന്നു നമുക്ക്
ലങ്കാധിപതേ! പോയാലും നീ
"https://ml.wikisource.org/w/index.php?title=താൾ:Karthaveeryarjunavijayam.djvu/27&oldid=161947" എന്ന താളിൽനിന്ന് ശേഖരിച്ചത്