ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
- നമ്മുടെ വിക്രമമല്പമതല്ലൊര-
- ഹമ്മതി ഞാൻ പറകല്ല മുനീന്ദ്ര!
- നമ്മെക്കൊണ്ടു ജഗത്ത്രയവാസികൾ
- ചെമ്മേ കിമപി പറഞ്ഞീടുന്നു
- ധാർമ്മികരാകിയ നിങ്ങൾക്കെന്തിഹ
- ധാരണയില്ലതു ബോധിച്ചാലും;
- ത്രിഭുവനവാസികളെല്ലാം നമ്മുടെ
- വിഭുതത കൊണ്ടുപുകഴ്ത്തുന്നില്ലേ?
- "സുഭഗൻ ദശമുഖ'നെന്നൊരു നാണയ-
- മഹഹോ! ദിശി ദിശി കേൾക്കുന്നില്ലേ?
- മന്നിലിരിക്കും മാനിനിമാർ പുന-
- രെന്നെക്കൊണ്ടു പുകഴ്ത്തുന്നില്ലേ?
- എന്നെക്കാണാഞ്ഞംഗനമാരഥ
- ഖിന്നതപൂണ്ടു വസിക്കുന്നില്ലേ?
- നമ്മുടെ ഗുണമിതു മറ്റൊരു കൂട്ടർ-
- ക്കങ്ങു ലഭിപ്പാനതിവൈഷമ്യം;
- ഉള്ളിലസൂയ നിറഞ്ഞു കവിഞ്ഞഥ
- തുള്ളിനടക്കും കുസൃതിക്കാരതു
- കൊള്ളരുതെന്നു ദുഷിക്കുന്നതുകൊ-
- ണ്ടെള്ളോളം ഭയമില്ല നമുക്കു
- ഭള്ളുപറഞ്ഞു ഫലിപ്പിക്കയുമ-
- ല്ലുള്ളതുതന്നെ കഥിച്ചീടുന്നേൻ;
- തീർത്തുരചെയ്യാമിന്നിഹ നമ്മൊടു
- നേർത്തുവരുന്നവരൊക്കെ മടങ്ങും;
- ധൂർത്തുകൾ നമ്മൊടു കൂടുകയില്ലെ-
- ന്നോർത്തു മഹേന്ദ്രനടങ്ങിപ്പാർത്തു,
- ജംഭാന്തകനുടെ കുംഭിപ്രവരൻ
- കൊമ്പുകൾ നാലുമുയർത്തിക്കൊണ്ടഥ
- തുമ്പിക്കരമതിൽ മുസലവുമേന്തി
- ജൃംഭിച്ചാശു വരുന്നേരം ഞാൻ
- മുമ്പിൽ ചെന്നഥ കൊമ്പുപിടിച്ചു ത-
- രിമ്പു വിടാതെ കരിമ്പുകണക്കേ
- കൊമ്പുകൾ നാലുമൊരമ്പതു ഖണ്ഡി-
- ച്ചമ്പൊടു കുംഭമടിച്ചു പിളർന്ന്
- ഇമ്പമകന്നതി കമ്പമിയന്നുട-
- നുമ്പർകുലങ്ങളിൽ മുമ്പനതാകിയ
- വമ്പൻ മണ്ടി നിലിമ്പപുരത്തിന-
- കംപുക്കാനതി സംഭ്രമസരസൻ;