ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
- തുംഗമതാകിന കീർത്തിവിജൃംഭണ-
- മങ്ങു ഭവാനു ലഭിക്കും നിയതം
- ഭംഗംവരികയുമില്ല ഭവാനിഹ
- സംഗതിയുണ്ടാം ബോധിപ്പാനും,"
- നാരദന്റെ ഗിരമമ്പൊടു കേട്ടഥ-
- ഘോരഘോരതര ഭാവമിയന്നു
- ആരവേണ ഭുവനങ്ങൾ മുഴക്കി
- ക്രൂരദൃഷ്ടികൾ തുറിച്ചു മിഴിച്ചഥ
- ചന്ദ്രഹാസവുമെടുത്തു കരത്തില-
- മന്ദവേഗമെഴുന്നേറ്റു ദശാസ്യൻ
- ഇന്ദ്രവൈരി ദശകണ്ഠനുമങ്ങര-
- വിന്ദവാസസുതനോടുരചെയ്തു:
- "ജംഭവൈരിയുടെ വാഹനമാകിയ
- കുംഭിരാജനുടെ കുംഭതടം ദൃഢ-
- മിമ്പമോടുടനടിച്ചു പൊടിച്ചൊരു
- കുംഭകർണ്ണഗുരു രാവണനെന്നൊരു
- വമ്പനിങ്ങു നിവസിക്കയുമങ്ങൊരു
- ഡംഭമാനുഷകുലാധമനിങ്ങനെ
- ഡംഭുകാട്ടി വിളയാടുകയും ഭുവി
- സംഭവിപ്പതിഹ കഷ്ടമഹോ! ബത!
- കുന്നിൻമകളുടെ നാഥനിരിക്കും
- കുന്നെടുത്തുടനെറിഞ്ഞു പിടിക്കാം
- ഇന്ദ്രനാദി സുരവൃന്ദമശേഷം
- മന്ദിരേ മമ പിടിച്ചു തളയ്ക്കാം
- ചണ്ഡദണ്ഡമുടനന്തകദണ്ഡം
- ദണ്ഡമെന്നിയെ വലിച്ചു മുറിക്കാം
- വമ്പനാമമരകുംഭിവരന്റെ
- കൊമ്പു നാലുമഥ തല്ലിയൊടിക്കാം;
- ഇത്ഥമദ്ഭുതമനേകമെടുപ്പാൻ
- ശക്തനായൊരു ദശാനനനിപ്പോൾ
- മർത്ത്യമൂഢനിധനത്തിനുമാത്രം
- പാത്രമല്ല കൃശനെന്നു വരാമോ?
- കണ്ടുകൊൾക മമ വിക്രമമിപ്പോൾ
- രണ്ടുപക്ഷമതിനില്ല മുനീന്ദ്ര!
- രണ്ടുനാലു ദിവസത്തിനകത്താ-
- ത്തണ്ടുതപ്പിയുടെ ഡംഭു ശമിക്കും: