ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കഥകളി ഏതു വിഭാഗത്തിൽ പെടുന്നു


ഇനി കഥകളി ദൃശ്യപ്രസ്ഥാനത്തിന്റെ ഏതു വിഭാഗത്തിലുൾപ്പെടുന്നു എന്നു നോക്കാം. വാചികാഭിനയപ്രധാനമല്ലായ്കയാൽ കഥകളിയെ നാട്യവിഭാഗത്തിലുൾപ്പെടുത്തുവാൻ നിവൃത്തിയില്ല. എന്നാൽ പശ്ചാത്തലത്തിൽ ഭാഗവതർ ആലപിക്കുന്ന ഗാനങ്ങൾ വാചികാഭിനയത്തിന്റെ ഭാഗമാണെന്നു പറയാതെ തരമില്ല. രംഗത്തിൽ സ്ഥിതിചെയ്ത് അഭിനയ പ്രകടനം നടത്തുന്ന നടനും, രംഗവാസികളായ പ്രേക്ഷകർക്കും ഈ ഗാനങ്ങൾ കഥാഗതിയെ ഗ്രഹിക്കുന്നതിന് ഏറെ സഹായകമാകുന്നു. തന്നിമിത്തം വാചികാഭിനയം കഥകളിയിലുണ്ടെന്നു പറയാം. കഥകളിയിലെ അഭിനയരീതി പദാർത്ഥഭാവപ്രകടനമായ നൃത്യം മാത്രമല്ല. ഏതൊരു കഥാപാത്രത്തിനും സന്ദർഭംപോലെ സ്ഥായിയായ ഒരു രസം നിബന്ധിക്കപ്പെട്ടിരിക്കും. ഓരോ വാക്യത്തിന്റെയും ആശയത്തെ ശൃംഗാരാദികളായ നവരസങ്ങളിൽ, സ്ഥായിയായ രസമേതോ അതിനെ അവലംബിച്ച് പദാർത്ഥങ്ങളെ സഞ്ചാരികളായ ഭക്തിവാത്സല്യാദി ഭാവങ്ങൾകൊണ്ട് വ്യക്തമാക്കുകയാണു ചെയ്യുന്നത്. തന്മൂലം ആശയങ്ങളെ, രസത്തെ അവലംബിച്ച് പ്രകടിപ്പിക്കുന്ന അഭിനയരീതിയും കഥകളിയിൽ അന്തർഭവിച്ചിരിക്കയാൽ കഥകളിയിൽ നാട്യാംശം വേണ്ടുവോളമുണ്ട്. എന്നാൽ വാചികാഭിനയപ്രധാനമല്ലായ്കയാൽ കഥകളി തികച്ചും ഒരു നാട്യകലയല്ല. അതുപോലെ കഥകളി ഒരു നൃത്യകല മാത്രമാണെന്നും പറയാവതല്ല.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/16&oldid=219824" എന്ന താളിൽനിന്ന് ശേഖരിച്ചത്